തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ ഏഴുസീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷയുമായി കോൺഗ്രസ്. മൂന്ന് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും ഡി.സി.സി. പ്രസിഡന്റുമാർ കെ.പി.സി.സി.ക്ക് നൽകിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ വിജയത്തിലേക്കുള്ള ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെന്നും ബൂത്തുതല കണക്കുകൾ വച്ചുകൊണ്ടുള്ള വിലയിരുത്തൽ. ബി.ജെ.പി. ജില്ലയിൽ ഒരിടത്തും വിജയിക്കില്ലെന്നും ഡി.സി.സി.യുടെ റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ സിറ്റിങ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇത്തവണയും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. പാറശ്ശാല, വർക്കല, നെയ്യാറ്റിൻകര മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നും വാമനപുരത്ത് അട്ടിമറി വിജയം നേടാനാകുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. സംസ്ഥാനം ഏറെ ശ്രദ്ധിച്ച നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലും നെടുമങ്ങാട്ടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് അഭിപ്രായം. നേമത്തും കഴക്കൂട്ടത്തും യു.ഡി.എഫ്.- എൽ.ഡി.എഫ്. പോരാട്ടമായിരുന്നെന്നും ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. സിറ്റിങ് സീറ്റുകളിൽ പാർട്ടിയുടെ ജനസ്വാധീനവും എം.എൽ.എ.മാരുടെ ഇടപെടലും വിജയത്തിലേക്ക് എത്തിക്കും. പാറശ്ശാലയിൽ അൻസജിതാ റസലിന്റെ സ്ഥാനാർഥിത്വവും സാമൂഹിക സമവാക്യങ്ങളും തുണയായി. ബി.ജെ.പി.ക്ക് ഭരണമുള്ള കള്ളിക്കാട് പഞ്ചായത്തിലുൾപ്പെടെ ഇവിടെ മുൻതൂക്കം നേടും. വർക്കലയിൽ ഭൂരിപക്ഷ, ന്യൂനപക്ഷവോട്ടുകൾ കോൺഗ്രസിന് അനുകൂലമാകും. സംഘടനാപരമായ വീഴ്ചകൾ ഇവിടെ ഉണ്ടായിട്ടില്ല. വാമനപുരത്ത് പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട്, വാമനപുരം, ആനാട്, പനവൂർ പഞ്ചായത്തുകളിൽ ലീഡ് നേടാനാകും. ആനാട് ജയന്റെ വ്യക്തിബന്ധങ്ങളും യു.ഡി.എഫിനെ തുണച്ചതായി പാർട്ടി കണക്കുകൂട്ടുന്നു. ചിറയിൻകീഴിലും കാട്ടാക്കടയിലും മികച്ച സ്ഥാനാർഥികളെന്നത് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. വട്ടിയൂർക്കാവിൽ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടിങ് ശതമാനം കൂടിയത് പാർട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്. ആറ്റിങ്ങലിൽ പ്രചാരണത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫിന്റെ പ്രചാരണത്തിനൊപ്പമെത്താനുള്ള സാമ്പത്തിക സംവിധാനം ആറ്റിങ്ങൽ മണ്ഡലത്തിലുണ്ടായില്ലെന്നാണ് വിലയിരുത്തൽ.
from mathrubhumi.latestnews.rssfeed https://ift.tt/3sAEeEp
via
IFTTT
No comments:
Post a Comment