തിരുവനന്തപുരം: നിശ്ചിത കേന്ദ്രങ്ങളിൽ വോട്ടുചെയ്ത സർക്കാർ ജീവനക്കാർ രണ്ടാമതും വോട്ടുചെയ്തെന്നു കണ്ടെത്തിയാൽ നടപടിക്കു സാധ്യത. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് വരണാധികാരിക്കു കൈമാറിയാൽ ഇരട്ടവോട്ട് കണ്ടെത്താം. വോട്ടുചെയ്തവരെ വരണാധികാരികളുടെ കൈവശമുള്ള പട്ടിക പരിശോധിച്ച് പിടികൂടുകയും ചെയ്യാം. തപാൽബാലറ്റിലെ ഇരട്ടിപ്പിനെപ്പറ്റി കളക്ടർമാരുടെ പ്രാഥമിക റിപ്പോർട്ട് കമ്മിഷന് ലഭിച്ചു. ഓരോ മണ്ഡലത്തിലും തപാൽവോട്ടിന് അർഹരായവരുടെയും പ്രത്യേക കേന്ദ്രങ്ങളിലെത്തി വോട്ടുചെയ്തവരുടെയും ബാലറ്റ് തപാലിൽ അയക്കേണ്ടവരുടെയും പട്ടിക വരണാധികാരികളുടെ പക്കലുണ്ട്. എന്നിട്ടും വോട്ടുചെയ്ത ചിലർക്ക് വീണ്ടും ബാലറ്റ് അയച്ചത് വരണാധികാരികൾക്കുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് കളക്ടർമാരുടെ പ്രാഥമിക റിപ്പോർട്ട്. ഇരട്ടവോട്ടുചെയ്‌തെങ്കിൽ അവ റദ്ദാക്കാം.നിലവിലുള്ള പട്ടികകൾ ഉപയോഗിച്ച് നേരത്തേ വോട്ടുചെയ്തവരെയും രണ്ടാമത് ബാലറ്റ് കൈപ്പറ്റിയവരെയും തിരിച്ചറിയാം. എന്നാൽ, ഇരട്ടവോട്ട് ചെയ്തത് ആരെന്നു പ്രത്യേക സാഹചര്യത്തിൽ മാത്രം കമ്മിഷന് വെളിപ്പെടുത്തിയാൽമതി. ഇരട്ടവോട്ട് കണ്ടെത്തിയാൽ രണ്ടുവോട്ടും റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. തപാൽബാലറ്റ് ലഭിച്ചവർ സ്വമേധയാ വരണാധികാരികൾക്ക് തിരിച്ചുനൽകിത്തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥർ അബദ്ധത്തിൽ അയച്ചതാണെന്നു കരുതിയാൽപ്പോലും ബാലറ്റ് തിരികെ നൽകാതിരിക്കുന്നതു കുറ്റകരമാണ്. വോട്ടുചെയ്തവർക്ക് ബാലറ്റ് അയച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രചരിക്കുന്ന അത്ര വ്യാപ്തി ഇതിനില്ലെന്നുമാണ് കമ്മിഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്. വരണാധികാരികൾ നൽകുന്ന എണ്ണമനുസരിച്ചാണ് ഓരോ മണ്ഡലത്തിലും തപാൽ ബാലറ്റ് എത്രയെന്ന് കളക്ടർമാർ നിശ്ചയിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ അച്ചടിക്കുന്നതും. ആവശ്യമുള്ളതിന്റെ പത്തുശതമാനം അധികം ബാലറ്റ് അച്ചടിക്കും. ഇപ്രാവശ്യം കൂടുതൽപേർക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതിനാൽ ബാലറ്റുകളുടെ എണ്ണവും കൂട്ടി. നിശ്ചിത എണ്ണത്തിലധികം അച്ചടിച്ചാൽപ്പോലും ബാക്കിയുള്ളവയ്ക്ക് കണക്ക് കാണിക്കണം. അനാവശ്യമായി ബാലറ്റ് അച്ചടിച്ചിട്ടുണ്ടോയെന്നും കമ്മിഷൻ പരിശോധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3g380yP
via
IFTTT
No comments:
Post a Comment