തൃശൂര്‍ ജില്ലയില്‍ ആറ് സീറ്റുകള്‍ എങ്ങോട്ടും ചായാം: സാധ്യത ഇങ്ങനെ, സുരേഷ് ഗോപി ഞെട്ടിക്കുമോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

തൃശൂര്‍ ജില്ലയില്‍ ആറ് സീറ്റുകള്‍ എങ്ങോട്ടും ചായാം: സാധ്യത ഇങ്ങനെ, സുരേഷ് ഗോപി ഞെട്ടിക്കുമോ

പൂരങ്ങളുടെ നാടായ തൃശ്ശൂർ ഇക്കുറി ഇരട്ടപ്പൂരത്തിനുളള തയ്യാറെടുപ്പിലാണ്. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് പൂരവും 23ന് പൂരങ്ങളുടെ പൂരമായ സാക്ഷാൽ തൃശ്ശൂർപൂരവും. കോവിഡ് പ്രതിസന്ധികളെ മറന്ന് ശക്തൻ മാർക്കറ്റും അരിയങ്ങാടിയും വെള്ളേപ്പങ്ങാടിയും ഉണർന്നുകഴിഞ്ഞു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ ചുവന്ന തൃശ്ശൂർ ഇക്കുറി ആർക്കൊപ്പം നിൽക്കും? എങ്ങും തിരഞ്ഞെടുപ്പ് ചർച്ചകൾ മാത്രം. വലതുപക്ഷ ചായ്വുണ്ടായിരുന്ന ജില്ലയിലെ പതിമ്മൂന്നിൽ പന്ത്രണ്ട് മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടിയാണ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ്. ചെങ്കൊടി പാറിക്കുന്നത്. വടക്കാഞ്ചേരിയിൽ ഇഞ്ചോടിഞ്ച് പൊരുതി അനിൽ അക്കര നേടിയ ഒരേയൊരു സീററ് മാത്രമായിരുന്നു യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടാനായത്,അതും വെറും 43 വോട്ടുകൾ മാത്രം അധികം നേടി. മികച്ച വിജയത്തിന് മൂന്നുമന്ത്രിമാരെയും ജില്ലയ്ക്ക് ലഭിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തുവാരിയ ജില്ല 2019 ലോകസഭ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നത് യുഡിഎഫിനൊപ്പമായിരുന്നു. എൻഡിഎയും നില മെച്ചപ്പെടുത്തി, തൃശ്ശൂർ മണ്ഡലത്തിൽ എൻഡിഎ രണ്ടാംസ്ഥാനത്തേക്ക് പോലും വന്നു. അതേ വിജയപ്രതീക്ഷയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും മുന്നേറ്റമുണ്ടാക്കാനായില്ല.സ്വതന്ത്രരുടെ പിന്തുണയോടെ കോർപറേഷൻ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ഏഴ് നഗരസഭകളിൽ അഞ്ചും എൽഡിഎഫിനൊപ്പം നിന്നു. രണ്ടെണ്ണത്തിൽ യുഡിഎഫും. 86 പഞ്ചായത്തുകളിൽ 65ലും എൽഡിഎഫിനായിരുന്നു ജയം. 20 പഞ്ചായത്തുകളിൽ യുഡിഎഫും ഒന്നിൽ എൻഡിഎയും വിജയിച്ചു. അതുകൊണ്ടെല്ലാം തന്നെ പ്രവചനാതീതമാണ് ജില്ലയുടെ മനസ്സ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജില്ലയിലെ സമുദായ വോട്ടുകളും ജനവിധിയെ സ്വാധീനിക്കും. തൃശ്ശൂരിലെ ആവേശപ്പൂരം ഫോട്ടോ ഫിനിഷിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന തൃശ്ശൂർ. 6987 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിൽ നിന്ന് സുനിൽ കുമാർ മണ്ഡലം പിടിച്ചെടുക്കുന്നത്. മണ്ഡലത്തിൽ ഒരോ തവണ വീതം മത്സരിച്ച് പരാജയപ്പെട്ടിട്ടുളളവരാണ് ഇത്തവണത്തെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികൾ. മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ മണ്ഡലമായ ഇവിടെ എൽഡിഎഫിന് വേണ്ടി ഇത്തവണ രംഗത്തിറങ്ങുന്നത് പി.ബാലചന്ദ്രനാണ്. സുനിൽ കുമാറിനുളള സ്വീകാര്യതയും ജനകീയതയും തനിക്ക് വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പി.ബാലചന്ദ്രൻ. മണ്ഡലം പിടിച്ചെടുത്ത് ജനസമ്മതി നിലനിർത്തുന്ന മന്ത്രി സുനിൽകുമാർ എൽ.ഡി.എഫ്. സ്ഥാനാർഥി ബാലചന്ദ്രനൊപ്പം രാപകലില്ലാതെയാണ് പ്രയത്നിക്കുന്നത്. തൃശ്ശൂരിൽ എൽ.ഡി.എഫിന് ഉറച്ച വോട്ടുകളുണ്ട്. അവ നിലനിർത്തി, വ്യക്തിപ്രഭാവത്തിന്റെ പേരിൽ നേടിയ വോട്ടുകൾ ഇത്തവണത്തെ സ്ഥാനാർഥിയിലേക്കെത്തിക്കാനുമാണ് സുനിലിന്റെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുനിൽകുമാറിനോട് പരാജയപ്പെട്ട പത്മജ കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിലെ സജീവസാന്നിധ്യമായിരുന്നു.ബാലചന്ദ്രനെപ്പോലെ തൃശ്ശൂരിൽ ഒരു തോൽവി അറിഞ്ഞതിൽനിന്ന് പത്മജ ഏറെ പാഠം ഉൾക്കൊണ്ടുള്ള വരവാണ് ഇക്കുറി. വിഭാഗീയതയും ചേരിപ്പോരും മാറ്റിനിർത്തി ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. അതിനാൽതന്നെ പാർട്ടി സംവിധാനം പൂർണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം ഇത്തവണ പത്മജയ്ക്കുണ്ട്. കരുണാകരകുടുംബത്തിന് തൃശ്ശൂരിലുള്ള സ്വാധീനവും ഉപയോഗപ്പെടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരയിളക്കമുണ്ടാക്കാനായ സുരേഷ് ഗോപിയുടെ വരവ് തൃശ്ശൂരിനെ താരമണ്ഡലമാക്കിമാറ്റിയിരിക്കുകയാണ്. തൃശ്ശൂരിന്റെ വികസനമാണ് അദ്ദേഹം ഉയർത്തിക്കാണിക്കുന്ന വാഗ്ദാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തെത്തിയ എൻഡിഎയും വിജയപ്രതീക്ഷയിലാണ്. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് പാർട്ടി നേതൃത്വം ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ത്രികോണപ്പോരാട്ടത്തിലേക്കുള്ള തൃശ്ശൂരിന്റെ ഗതി തുടങ്ങിയത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയായിരുന്നു. ബി.ജെ.പി.യുടെ സ്വാഭാവിക വോട്ടുവിഹിതത്തിലും വളർച്ചയിലും പെട്ടെന്നാണ് മാറ്റം വന്നത്, സുരേഷ്ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ്. ആ ഒരു സാഹചര്യത്തിലാണ് എൽ.ഡി.എഫിലെ പി. ബാലചന്ദ്രനും യു.ഡി.എഫിലെ പത്മജ വേണുഗോപാലും എൻ.ഡി.എ.യിലെ സുരേഷ്ഗോപിയും തമ്മിലുള്ള പോരാട്ടം ഏറെ കടുത്തതാവുന്നത്. കുന്നംകുളത്ത് എൽഡിഎഫിന് അഭിമാനപ്പോരാട്ടം പിണറായി മന്ത്രിസഭയിൽനിന്ന് മത്സരരംഗത്തുള്ള ജില്ലയിലെ ഏകമന്ത്രിയാണ് എ.സി. മൊയ്തീൻ എന്നതിനാൽ എൽ.ഡി.എഫിന് അഭിമാനപ്രശ്നമാണ് ഈ പോരാട്ടം. സിറ്റിങ് എം.എൽ.എ. കൂടിയാണ് മൊയ്തീനെന്നത് എൽ.ഡി.എഫിന് ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ ഈ കാര്യം പ്രതികൂലമായി ഉപയോഗപ്പെടുത്താനാണ് യു.ഡി.എഫും എൻ.ഡി.എ.യും ശ്രമിക്കുന്നത്. മണ്ഡലത്തിന്റെ വികസനമുരടിപ്പാണ് ഇരുകൂട്ടരുടെയും പ്രധാന പ്രചാരണായുധം. ഓരോ തവണയും നില നല്ലരീതിയിൽ മെച്ചപ്പെടുത്തി മുന്നേറുന്ന എൻ.ഡി.എ. ഇത്തവണ മറ്റ് രണ്ട് മുന്നണികൾക്കും കനത്ത വെല്ലുവിളിയാണ്. മൊയ്തീനെതിരേ ജനപ്രിയനായ പ്രദേശികനേതാവിനെയാണ് യു.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജില്ലാപഞ്ചായത്തംഗവും നാട്ടുകാരനുമായ കെ. ജയശങ്കറിലൂടെ സീറ്റ് തിരിച്ചുപിടിക്കുമെന്നതിൽ യു.ഡി.എഫിന് സംശയമില്ല. ഇരുമുന്നണികളെയും അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അനുഭവസമ്പത്തുള്ള ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.െക. അനീഷ്കുമാറിനെയാണ് എൻ.ഡി.എ. മത്സരിപ്പിക്കുന്നത്. അനീഷിന് ഈ മണ്ഡലത്തിൽ ഇത് മൂന്നാമങ്കമാണ്. 2011-ൽ അനീഷ്കുമാർ നേടിയത് 11,725 വോട്ടാണെങ്കിൽ കഴിഞ്ഞതവണ 29,325 ആയി ഉയർത്താൻ സാധിച്ചു. ഈ വളർച്ചയിലാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.തദ്ദേശതിരഞ്ഞെടുപ്പിൽ കുന്നംകുളം നഗരസഭയിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കാനായത് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എം.പി.യിലെ സി.പി. ജോൺ ആയിരുന്നു മൊയ്തീന്റെ എതിരാളി. 7,782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊയ്തീൻ ജയിച്ചത്. ഇത്തവണ സി.പി.ജോൺ മത്സരരംഗത്തുതന്നെയില്ല. 2011-ൽ സി.പി.എമ്മിലെ ബാബു പാലിശേരിക്ക് 481 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 1957ൽ രൂപവത്കരിച്ച കുന്നംകുളം മണ്ഡലത്തിൽ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തുതവണയും വിജയം ഇടതിനായിരുന്നു. വടക്കാഞ്ചേരി ആർക്ക് ലൈഫ് നൽകും? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് നേടാനായ ഏക സീറ്റ് വടക്കാഞ്ചേരിയിലാണ്. അതും 43 വോട്ടിന്റെ ഭൂരിപക്ഷം. ലൈഫ് വിവാദത്തിൽ കേരള ശ്രദ്ധ നേടിയ വടക്കാഞ്ചേരിയിൽ കഴിഞ്ഞ വർഷത്തെ സ്ഥാനാർഥികളായ അനിൽ അക്കരയെ യുഡിഎഫും ഉല്ലാസ് ബാബുവിനെ എൻ.ഡി.എ.യും വീണ്ടും പരീക്ഷിക്കുമ്പോൾ എൽ.ഡി.എഫ്. സേവ്യർ ചിറ്റിലപ്പിള്ളി എന്ന പുതുമുഖത്തെയാണ് ഇറക്കിയിരിക്കുന്നത്. 1970-നുശേഷം 2006-ൽ എ.സി. മൊയ്തീനിലൂടെ സി.പി.എം. പിടിച്ചെടുത്ത മണ്ഡലം ഒരിക്കൽകൂടി പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് സേവ്യറിനുള്ളത്. ലൈഫ് മിഷൻ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന നേതാവെന്ന നിലയ്ക്ക് അനിൽ അക്കരയ്ക്ക് സാധാരണക്കാരിൽ വലിയ മതിപ്പാണ്. അഞ്ചുവർഷവും മണ്ഡലത്തിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തു. എം.എൽ.എ. എന്ന പരിമിതിക്കുള്ളിൽനിന്ന് പരമാവധി വികസനവും മണ്ഡലത്തിൽ നടത്തിയിട്ടുണ്ട്. പുഴയ്ക്കൽ പാലം വീതി കൂട്ടി ഏറെക്കാലമായുള്ള ഗതാഗതപ്രശ്നം പരിഹരിച്ചതും ഒട്ടേറെപ്പേർക്ക് ഭവനങ്ങൾ നിർമിച്ചുനൽകിയതും ഉൾപ്പെടെയുള്ള നേട്ടങ്ങൾ വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് അനിൽ. ലൈഫ് മിഷൻ പ്രശ്നത്തിൽ സർക്കാരിനും അനിൽ അക്കരയ്ക്കുമെതിരേ ആഞ്ഞടിച്ച് ബി.ജെ.പി.യുടെ സംസ്ഥാമ-ദേശീയ നേതാക്കളെ വടക്കാഞ്ചേരിയിലെത്തിച്ച യുവനേതാവ് ഉല്ലാസ്ബാബുവിന് കഴിഞ്ഞതവണ മണ്ഡലത്തിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നു. തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് കിട്ടിയ വോട്ടിനേക്കാൾ ബഹുദൂരം മുന്നേറാൻ ഉല്ലാസ്ബാബുവിനായി. 26,652 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത്. ഡിവൈഎഫ്ഐ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയെ കൃത്യമായ കണക്കുകൂട്ടലിൽ തന്നെയാണ് അവതരിപ്പിച്ചത്. സർക്കാരിനെ സഭയിലും പുറത്തും നേരിടുന്ന അനിൽ അക്കരയെ തളയ്ക്കുക എന്ന ദൗത്യമാണ് സേവ്യറിന് പാർട്ടി നൽകിയിരിക്കുന്നത്. രണ്ട് ടേം മാത്രമേ നിൽക്കൂവെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അനിൽ അക്കര. ഉശിരൻ പോരാട്ടത്തിൽ ജനം ആരെ തിരഞ്ഞെടുക്കുമെന്നത് പ്രവചനാതീതം തന്നെ. ഒല്ലൂർ വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് അടുക്കുംതോറും പ്രചാരണത്തിന്റെ തീവ്രത കൂട്ടുകയാണ് എൽ.ഡി.എഫും യു.ഡി.എഫും ഒല്ലൂർ മണ്ഡലത്തിൽ. മണ്ഡലത്തിലുടനീളം നടന്ന വികസനപ്രവർത്തനങ്ങളാണ് തുടർവിജയം തേടുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാജന് ഗുണകരമാകാൻ സാധ്യത. ഒന്നര പതിറ്റാണ്ടിനിടെ മലയോരമേഖലയിൽ കൂടുതൽ പട്ടയം വിതരണം ചെയ്യാനായി എന്നതും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വികസനത്തിനാവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്താനായതും മണ്ഡലത്തിലെ റോഡുകളുടെ നിലവാരമുയർത്താനായതുമെല്ലാം ഇതിലുൾപ്പെടുന്നു. ഒപ്പം ഒല്ലൂരിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടർമാരുമായുണ്ടാക്കിയ ബന്ധവും നിലവിലെ എം.എൽ.എ.യ്ക്ക് തുണയായേക്കാം. മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവുമുയർന്ന ഭൂരിപക്ഷം നേടിയത് 2016-ൽ കെ. രാജനാണ് -13,248. അതിനുമുൻപ് 2001-ൽ പി.പി. ജോർജാണ് ഭൂരിപക്ഷം പതിനായിരത്തിനപ്പുറമെത്തിച്ചത്-10,698. ഒല്ലൂരിലെ പൊതുമണ്ഡലത്തിൽ പോയവർഷങ്ങളിൽ നിറഞ്ഞുനിന്ന സാന്നിധ്യം എന്നതാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ ജോസ് വള്ളൂരിന്റെ പോസിറ്റീവ് ഘടകം. മണ്ഡലത്തിന്റെ സാമുദായിക സ്വഭാവം പരിഗണിച്ചുള്ള സ്ഥാനാർഥി നിർണയത്തിനും യു.ഡി.എഫ്. ശ്രമിച്ചു. ഒരു പുതുമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാകുന്നു എന്നതും യു.ഡി.എഫിന് ഗുണകരമാകും. പാണഞ്ചേരി, മാടക്കത്തറ എന്നിവിടങ്ങളാണ് യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങൾ. മലയോരമേഖലയിലെ പട്ടയവിതരണം നേട്ടമായി എൽ.ഡി.എഫ്. സ്ഥാനാർഥി ഉയർത്തിക്കാണിക്കുമ്പോൾ പട്ടയവിതരണത്തിലെ പാകപ്പിഴകളും പക്ഷപാതവും നിരത്തി പട്ടയം കാത്തിരിക്കുന്നവരുടെ വോട്ട് ഉറപ്പാക്കുകയാണ് യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 40,000-ത്തിനടുത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000-ത്തിനടുത്തും വോട്ടുകൾ ബി.ജെ.പി. സ്വന്തമാക്കിയിരുന്നു. ഈ മുന്നേറ്റമാണ് ഇത്തവണ ബി.ഡി.ജെ.എസിൽ നിന്ന് മണ്ഡലമേറ്റെടുക്കാൻ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ പ്രകടനം മോശമല്ലെങ്കിലും, മുന്നണിക്കുള്ളിലെ പലടപ്പിണക്കം ഒരു വെല്ലുവിളിയാണ്. ബിഡിജെഎസ് പ്രചാരണത്തിൽ ഒട്ടും സജീവവുമല്ല. സി.രവീന്ദ്രനാഥിന്റെ അഭാവം പുതുക്കാട് തിരിച്ചടിയാകുമോ? 15 വർഷമായി വ്യക്തമായ ഇടതുചായ്വ് കാണിക്കുന്ന മണ്ഡലമാണെങ്കിലും കോൺഗ്രസിന് വേരോട്ടമുളള മണ്ഡലമാണ് പുതുക്കാട്. 2011-ൽ ആണ് കൊടകര പുതുക്കാട് മണ്ഡലമായി മാറുന്നത്. 2006-ൽ കൊടകരയിലെ അവസാന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു വിജയം. പിന്നീട് പുതിയ മണ്ഡലമായ പുതുക്കാട്ട് 2011-ലും 2016-ലും ആ വിജയം അവർ തുടർന്നു. മൂന്നുതവണയും സി.പി.എമ്മിലെ സി. രവീന്ദ്രനാഥായിരുന്നു വിജയിച്ചത്. ഓരോതവണയും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടിരുന്നു. 2016-ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രവീന്ദ്രനാഥ് സ്വന്തമാക്കിയത് -38,478. വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിയ വികസനനടപടികൾ നൽകിയ ഇമേജുമായി സി. രവീന്ദ്രനാഥ് വീണ്ടും പുതുക്കാട്ടുകാരുടെ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് കെ.കെ. രാമചന്ദ്രനെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പുതുക്കാട്ടുകാർക്ക് പുതുമുഖമല്ല ഈ സ്ഥാനാർഥി. നിരവധി തൊഴിലാളിസംഘടനകളുടെ അമരക്കാരനെന്നുളളത് ഗുണം ചെയ്യുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. ജയം ഉറപ്പാണെങ്കിലും രവീന്ദ്രനാഥ് നേടിയ 38,478 വോട്ടിന്റെ ഭൂരിപക്ഷം അത്ര എളുപ്പമാവില്ല എന്ന ചിന്ത എൽ.ഡി.എഫ്. ക്യാമ്പുകളിൽ ഉണ്ട്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥിയെന്ന ആക്ഷേപത്തോടെയാണ് സുനിൽ അന്തിക്കാട് പുതുക്കാട്ടെത്തുന്നത്. പ്രതിഷേധങ്ങൾ പരസ്യമായതോടെ ജില്ലാനേതൃത്വം കൃത്യമായി ഇടപെട്ടു. പ്രശ്നങ്ങളെല്ലാം അവസാനിച്ച് എൽ.ഡി.എഫിനൊപ്പം പ്രചാരണപ്രവർത്തനങ്ങളെത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. എൻ.ഡി.എ.യിലെ സ്ഥാനാർഥിപ്രഖ്യാപനത്തിന് ഏറെനാൾ മുമ്പുതന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു നാഗേഷ്.രവീന്ദ്രനാഥ് വൻ ഭൂരിപക്ഷം നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി മത്സരിച്ച എ. നാഗേഷ് 35,833 വോട്ടുകൾ നേടിയിരുന്നു. ആ സാഹചര്യത്തിൽ പോലും അത്ര വോട്ടു കിട്ടിയെങ്കിൽ ഇക്കുറി ജയസാധ്യതയാണ് നാഗേഷിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം; നിയമസഭയിൽ ചാലക്കുടി ആർക്കൊപ്പം? പതിനഞ്ച് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ബി.ഡി.ദേവസിയെന്ന ചാലക്കുടിക്കാരൻ ഇക്കുറി പോരാട്ടത്തിനില്ല. മണ്ഡലം ഘടകകക്ഷിയായ കേരള കോൺഗ്രസ്സിന് നൽകാൻ തീരുമാനിച്ചപ്പോൾ സ്ഥാനാർഥി ആകാനുള്ള നറുക്ക് ഡെന്നിസ് ആന്റണിയെന്ന മുൻ കോൺഗ്രസ് നേതാവിനാണ് വീണത്. സംസ്ഥാനത്ത് കുറ്റ്യാടിയുൾപ്പടെ മറ്റ് ചിലയിടങ്ങളിൽ മണ്ഡലം ഘടകകക്ഷിക്ക് നൽകിയപ്പോൾ ഉയർന്ന എതിർപ്പുകളൊന്നും ചാലക്കുടിയിലുണ്ടായില്ല.ഡെന്നീസ് ആന്റണിയെന്ന സ്ഥാനാർഥിയുടെ പൊതു സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷ ചാലക്കുടിയിലെ എൽ.ഡി.എഫ്. പ്രവർത്തകർക്കുണ്ട്.കൂടാതെ ക്രൈസ്തവ സഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദിവാസി മേഖലകളിലടക്കം മണ്ഡലത്തിലെ എല്ലാ മേഖലകളിലും ഡെന്നീസിന്റെ ബന്ധത്തിന് വേരുകളുണ്ട്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം പരസ്യമായ പ്രതിഷേധത്തിലേക്ക് മാറിയ ഒരിടമായിരുന്നു ചാലക്കുടി. യു.ഡി.എഫിൽ സനീഷ് കുമാർ ജോസഫ് സ്ഥാനാർഥി ആവും മുൻപ് പ്രാദേശിക നേതാക്കളെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന എതിർപ്പ് ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ ഇടപെടൽ ഉണ്ടാക്കിയ തണുപ്പിക്കൽ ഫലം ചെയ്തെന്നാണ് യു.ഡി.എഫ്.വിലയിരുത്തൽ. 15-വർഷമായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിന് കൈവന്ന സുവർണാവസരമായാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.ചാലക്കുടിയുടെ സാമുദായിക സമവാക്യങ്ങളിൽ കടന്നു കയറി വോട്ട് സമാഹരിക്കലിന് വിപുലമായ പദ്ധതി അവരുടെ മാസ്റ്റർപ്ലാനുകളിൽ പെടുന്നുണ്ട്. സ്വന്തം സ്ഥാനാർഥി ജയിക്കുന്നതിനെക്കാൾ ചാലക്കുടിയിലെ കോൺഗ്രസുകാരിലെ വാശി എതിർസ്ഥാനാർഥി തോൽക്കുക എന്നതിലാണ് എത്തിനിൽക്കുന്നത്. തങ്ങൾക്കൊപ്പംനിന്ന് ഇത്രനാളും പ്രവർത്തിച്ച ആൾ മറുകണ്ടം ചാടിയ സംഭവമാണ് അതിനടിസ്ഥാനം. എൻ.ഡി.എ.ക്കായി ചാലക്കുടിയിലെ പരിചിത മുഖവും ബി.ഡി.ജെ.എസ്സിന്റെ മുതിർന്ന നേതാവുമായ കെ.എ. ഉണ്ണികൃഷ്ണനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ തനിക്ക് ലഭിച്ച 26229 വോട്ട് തന്നെയാണ് അദ്ദേഹത്തിന്റെ തുറുപ്പു ചീട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും എൻ.ഡി.എ.യ്ക്ക് വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാകാതെ കാക്കാനായിട്ടുണ്ട്. എന്നാൽ എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിനു വേണ്ടി ബി.ജെ.പി.യുടെ സംവിധാനം പൂർണമായി ചലിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബി.ഡി.ജെ.എസിൽനിന്നു തന്നെ രഹസ്യമായ പരിഭവങ്ങൾ ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. ശക്തമായ ഒരു ബി.ജെ.പി.-ബി.ഡി.ജെ.എസ്. ഐക്യപ്പെടൽ ഉണ്ടായില്ലെങ്കിൽ അതിന്റെ ഗുണഫലംകൂടി യു.ഡി.എഫ്. പ്രവർത്തകർ കാത്തിരിക്കുന്നുണ്ട്. ബി.ഡി.ദേവസി ക്ക് കഴിഞ്ഞ തവണ 26448 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാലക്കുടി സമ്മാനിച്ചത്.എൻ.ഡി.എ.വോട്ട് വിഹിതത്തിൽ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയപ്പോൾ യു.ഡി.എഫിന്റെ വിഹിതം കുത്തനെ ഇടിഞ്ഞു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വോട്ട് വിഹിതം ഗണ്യമായി ഉയർത്തി.തദ്ദേശ തിരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭാ ഭരണം തിരിച്ച് പിടിക്കാനും യു.ഡി.എഫിന് കഴിഞ്ഞു എന്നത് അവർക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ് .എന്നാൽ മണ്ഡലത്തിന്റെ ഭാഗമായ പഞ്ചായത്തുകളിൽ ഒന്നൊഴികെ എല്ലാറ്റിലും എൽ.ഡി.എഫിന് തന്നെയാണ് ഭരണം. കൊടുങ്ങല്ലൂരിൽ താമര വിരിയുമോ? മണ്ഡല രൂപീകരണത്തിന് ശേഷം എൽഡിഎഫിനും യുഡിഎഫിനും ഒരോ തവണ അവസരം കൊടുത്ത മണ്ഡലമാണ് കൊടുങ്ങല്ലൂർ. ബിജെപിയുടെ വിജയം നേടുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ കൊടുങ്ങല്ലൂർ ഇടംപിടിച്ചിട്ടുണ്ട്. എൽ.ഡി.എഫിനായി സിറ്റിങ് എം.എൽ.എ. വി.ആർ. സുനിൽകുമാറിനെ തന്നെയാണ് സി.പി.ഐ. രംഗത്തിറക്കിയത്. കെ.പി.സി.സി. സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭയുടെ മുൻ ചെയർമാനുമായ എം.പി. ജാക്സണാണ് യു.ഡി.എഫ്. തേരാളി. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ മത്സരം കാഴ്ചവെച്ച ബി.ജെ.പി.യിലെ സന്തോഷ് ചെറാക്കുളമാണ് എൻ.ഡി.എ. സ്ഥാനാർഥി. മുൻമന്ത്രി വി.കെ. രാജന്റെ മകൻ എന്നതാണ് സുനിൽകുമാറിന്റെ അനുകൂല ഘടകങ്ങളിലൊന്നായി എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നത്.മണ്ഡലവിഭജനത്തിന് മുമ്പുണ്ടായിരുന്ന കൊടുങ്ങല്ലൂരല്ല ഇപ്പോഴെന്ന് ഇടതുമുന്നണിക്ക് നന്നായറിയാം. ശക്തമായി ഒപ്പം നിൽക്കുന്നത് കൊടുങ്ങല്ലൂർ നഗരസഭയാണ്. പുത്തൻചിറ, വെള്ളാങ്ങല്ലൂർ, മാള, എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ്. അന്നമനടയിൽ നറുക്കെടുപ്പിലൂടെയും അധികാരത്തിലുണ്ട്. പൊയ്യ, കുഴൂർ എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന്റെ ഭരണമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ മേൽക്കൈ ഈ പഞ്ചായത്തുകളിൽ നിലനിർത്തുക എന്നതിനാണ് എൽ.ഡി.എഫിന്റെ മുൻഗണന. പഞ്ചായത്തുകളിൽ വോട്ട് കുറഞ്ഞാൽ അത് കൊടുങ്ങല്ലൂർ നഗരസഭയിൽ കൂട്ടി നികത്താം എന്നതും തന്ത്രങ്ങളിലുണ്ട്. യു.ഡി.എഫിന്റെ പ്രതീക്ഷകളത്രയും പഞ്ചായത്തുകളിലാണ്. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ജാക്സണ് ആ പ്രദേശത്തോട് ചേർന്ന പഞ്ചായത്തുകളിൽ സ്വാധീനമുള്ളത് അനുകൂലമാക്കാൻ മുന്നണി ശ്രമിക്കുന്നുണ്ട്. നഗരസഭയിൽ ഉണ്ടാവുന്ന കുറവ് പഞ്ചായത്തുകളിൽ ഉണ്ടാക്കാവുന്ന മേൽക്കൈ കൊണ്ട് സാധ്യമാക്കാം എന്ന ആത്മവിശ്വാസത്തിലാണവർ.കരുണാകരനെ ഏറെക്കാലം ജയിപ്പിച്ച മണ്ഡലമായ മാളയുടെ നല്ലൊരു പങ്കും കൊടുങ്ങല്ലൂർ മണ്ഡലത്തിലാണെന്ന കാര്യം എല്ലാ യു.ഡി.എഫ്. പ്രവർത്തകരിലേക്കും എത്തിക്കാനുള്ള ശ്രമം നേതൃത്വം നടത്തുന്നുണ്ട്. ചില സാമുദായിക വോട്ടുകൾ കൂടി അനുകൂലമാവുമ്പോൾ ഉദ്ദേശിച്ചമാതിരി കാര്യങ്ങൾ നീങ്ങുമെന്നാണ് ഐക്യമുന്നണിയിലെ വിചാരങ്ങൾ. എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റായ സന്തോഷ് ചെറാക്കുളം ആ വഴിക്ക് എൻ.ഡി.എ.യിലേക്കുള്ള വോട്ട് സമാഹരണം ഉന്നംവയ്ക്കുന്നുണ്ട്. ബി.ജെ.പി. നേതാവായ ഉമേഷ് ചള്ളിയിലിന്റെ വിമതസ്വരം പരിഹരിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും എൻ.ഡി.എ. ക്യാമ്പുകളിലുണ്ട്. എൻ.ഡി.എ.യുടെ ഏറ്റവും വലിയ തുറുപ്പുചീട്ട് കൊടുങ്ങല്ലൂർ നഗരസഭ തന്നെയാണ്. ആകെയുള്ള 44 ഡിവിഷനുകളിൽ 22 എണ്ണം നേടിയാണ് ഇടതുമുന്നണി ഭരിക്കുന്നത്. എന്നാൽ 21 സീറ്റുമായി എൻ.ഡി.എ. തൊട്ടുപിന്നിലുണ്ട്. 21 സീറ്റും ബി.ജെ.പി.യുടേതുമാണ്. ജില്ലയിൽ എൻ.ഡി.എ. ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ തദ്ദേശ സ്ഥാപനമെന്നത് ഒരു പെരുമയായി അവർ ഉയർത്തിക്കാട്ടുന്നു. നഗരസഭയിലെ നേട്ടമാണ് ബി.ജെ.പി.യുടെ മേൽത്തട്ടുകളിൽ നിന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് നോട്ടമെത്തിയതിന്റെ കാരണവും. കൈപ്പമംഗത്ത് ഇടതുകോട്ടയ്ക്ക് വിളളൽ വീഴുമോ? ഇടതിന്റെ കോട്ട എന്ന വിശേഷണം ചാർത്തിക്കിട്ടിയ കൈപ്പമംഗലത്ത് ഇത്തവണ ശക്തമായ മത്സരമാണ് യുഡിഎഫും എൽഡിഎഫും തമ്മിൽ. കടന്നുകയറാൻ പറ്റാത്ത മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകുന്ന പ്രവണത യു.ഡി.എഫിൽ മുമ്പേയുണ്ട്. അതിന് തൃശ്ശൂർ ജില്ലയിലെ മികച്ച ഉദാഹരണമായിരുന്നു കയ്പമംഗലം. മണ്ഡലമുണ്ടായതുമുതൽ ആർ.എസ്.പി.ക്ക് നൽകി. ഇതിന് യു.ഡി.എഫ്. ഇക്കുറി വിരാമമിട്ടത് ഇടതുമുന്നണി തുടക്കത്തിൽ അത്ര കാര്യമായെടുത്തില്ല. ഇ.ടി. ടൈസണിന്റെ കരുത്തിൽ മണ്ഡലത്തിൽ നിഷ്പ്രയാസ ജയം കണക്കുകൂട്ടിത്തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്. എന്നാൽ ശോഭാ സുബിന്റെ ജീവിത പശ്ചാത്തലം, കഷ്ടപ്പാടിനോടുള്ള പടവെട്ടൽ തുടങ്ങിയ കാര്യങ്ങളിലേക്ക് യു.ഡി.എഫ്. പ്രചാരണം തിരിച്ചതോടെ ഇടതിന് നേരിയ തോതിൽ അങ്കലാപ്പ് ഉണ്ടായിട്ടുണ്ട്. തീരവാസിയായി ജനിച്ച്, അവർക്കിടയിൽ ജീവിച്ച്, അവരോടൊപ്പം തൊഴിലെടുത്ത ചെറുപ്പക്കാരൻ എന്ന ശോഭാ സുബിന്റെ മേൽവിലാസം വോട്ടർമാർക്കിടയിൽ പരമാവധി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ്. നടത്തുന്നത്. ഒപ്പം സി.പി.എമ്മിന്റെ മുതിർന്ന നേതാവിനെ തോൽപ്പിച്ച് ജില്ലാ പഞ്ചായത്തിലെത്തിയ യുവാവ് എന്ന വിശേഷണവും. മതിലകത്തും പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും പാർട്ടിവോട്ടുകൾ പകരുന്ന ശക്തിക്ക്കുറവു വരില്ലെന്ന്എൽ.ഡി.എഫിനറിയാം. എന്നാൽ ആശങ്ക മുഴുവൻ തീരദേശത്താണ്. ടൈസൺ കടൽയാത്ര നടത്തിയത് തന്നെ തീരത്തെ മണ്ണ്ഒലിച്ചുപോവരുതെന്ന കാഴ്ചപ്പാടിലായിരുന്നു. എൻ.ഡി.എ.യുടെ സീറ്റ് ബി.ഡി.ജെ.എസിനാണ്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. ഇവിടെ 30,041 വോട്ടാണ് പിടിച്ചത്. ഇക്കുറി അത്രയും വോട്ടുകളിലേക്ക് എത്തിക്കാനായില്ലെങ്കിൽ ഗുണം ശോഭയ്ക്കായിരിക്കുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. എൻ.ഡി.എ.യുടെ പ്രവർത്തനത്തിലെ ഉഷാറില്ലായ്മയാണ് ഇത്തരമൊരു ചിന്ത ഉണ്ടാവാനുള്ള കാരണമായി യു.ഡി.എഫ്. നേതാക്കൾ രഹസ്യമായി പറയുന്നത്. ഭൂരിപക്ഷം അല്പം കുറഞ്ഞാലും മണ്ഡലം കൈവിടില്ലെന്ന്്് എൽ.ഡി.എഫ്. ഉറപ്പിക്കുന്നുണ്ട്്്. അതിനുള്ള സർവശക്തിയും പ്രയോഗിക്കാനുള്ള പദ്ധതികളും ഇടതുതന്ത്രങ്ങളിൽ ഒരുങ്ങുന്നു.2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ. വി.എസ്. സുനിൽകുമാർ 13570 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ സഖ്യകക്ഷിയായ ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലിനെ തോൽപ്പിച്ചു. 2016-ൽ ഇ.ടി. ടൈസൺ ആർ.എസ്.പി.യിലെ എം.ടി. മുഹമ്മദ് നഹാസിനെ 33,440 വോട്ടിനാണ് തോൽപ്പിച്ചത്. അഴിയൊഴുക്കുകൾ ഇല്ലാതെ നാട്ടിക 1957-ൽ രൂപം കൊണ്ട നാട്ടിക മണ്ഡലം 2011-ൽ പുനർനിർണയത്തോടെ പൂർണമായും രൂപം മാറി. ചേർപ്പിലെ താന്ന്യം, ചാഴൂർ, ചേർപ്പ്, പാറളം, അവിണിശ്ശേരി നാട്ടികയിലെ തളിക്കുളം, നാട്ടിക, വലപ്പാട് ,മണലൂരിലെ അന്തിക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്നാണ് പുതിയ മണ്ഡലം രൂപവത്കരിച്ചത്. ഇതോടെ ഇടതിന്റെ കുത്തക മണ്ഡലമായിരുന്ന ചേർപ്പ് ഇല്ലാതായി. അതേസമയം പഴയ നാട്ടിക ഇരുമുന്നണികളോടും അടുപ്പം പുലർത്തിയിട്ടുണ്ട്. അന്തിക്കാടാകട്ടെ ശക്തമായ ഇടതുകോട്ടയും. സംവരണ മണ്ഡലമായ പുതിയ നാട്ടികയിൽ രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ചത് സി.പി.ഐ.യിലെ ഗീതാ ഗോപിയാണ്. 2011-ൽ സി.എം.പി.യിലെ വികാസ് ചക്രപാണിയെ 16054 വോട്ടിന് തോൽപ്പിച്ചപ്പോൾ 2016-ൽ കോൺഗ്രസിലെ കെ.വി. ദാസനെ തോൽപ്പിച്ചത് 26,777 വോട്ടിനാണ്. ഇടതിന്റെ മണ്ഡലം എന്ന വിശേഷണമുള്ള നാട്ടികയിൽ പുതിയ സ്ഥാനാർഥികളെയാണ് മൂന്നുമുന്നണികളും രംഗത്തിറങ്ങിയിരിക്കുന്നത്. നല്ല ആത്മവിശ്വാസവുമായി എൽഡി.എഫ്. മുന്നേറുമ്പോൾ ഇത്തവണ മണ്ഡലം പിടിക്കാനുറച്ച് തന്നെയാണ് യു.ഡി.എഫ്. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിലുൾപ്പെടെ നിലനിർത്താനായ വോട്ടുവളർച്ചയിലാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ. മേഖലയിൽ സി.പി.ഐ.യുടെ വളർച്ചയിൽ കാര്യമായ സംഭാവനകൾ നൽകിയ മുതിർന്ന നേതാവ് സി.സി. മുകുന്ദനാണ് അവരുടെ സ്ഥാനാർഥി. ചുമട്ടുതൊഴിലാളിയായി ജീവിതമാരംഭിച്ച് ചെത്തുതൊഴിലാളിയായും മറ്റും ജീവിച്ച സി.സി. മുകുന്ദൻ പടിപടിയായാണ് പാർട്ടിയുടെ നേതൃത്വത്തിലേയ്ക്കെത്തിയത്. സി.പി.ഐ.യുടെ കർഷക സംഘടനയായ ബി.കെ.എം.യു.വിന്റെ ജില്ലാ സെക്രട്ടറിയാണ്. ആദ്യഘട്ടത്തിൽ സ്ഥാനാർഥിയായി ഗീതാഗോപിയുടെ പേര് കേൾക്കുകയും പിന്നീടത് മുകുന്ദനിലെത്തുകയുമായിരുന്നു. തുടക്കത്തിൽ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും ഇപ്പോൾ മുകുന്ദനൊപ്പം ഗീത പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതുമുഖം എന്നതു മാത്രമല്ല ചെറുപ്പക്കാരനായ സ്ഥാനാർഥി എന്നതു കൂടിയാണ് യു.ഡി.എഫിന്റെ സുനിൽ ലാലൂരിന് ലഭിക്കുന്ന സ്വീകാര്യത.അഞ്ചുവർഷമായി മണ്ഡലത്തിലെ സംഘടനാ പരിപാടികളിൽ സജീവമായിരുന്നു കെ.പി.സി.സി. സെക്രട്ടറിയായ സുനിൽ. തൃശ്ശൂരിലെ ലാലൂർ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ മുൻനിരക്കാരനായിരുന്നു സുനിൽ. കെ.പി.എം.എസിന്റെ ജില്ലാ നേതാവായ ലോചനൻ അമ്പാട്ടിലൂടെ നാട്ടികയിലൊരു ഓളം സൃഷ്ടിക്കാനാണ് എൻ.ഡി.എ.യുടെ നീക്കം. 211-ൽ 11144 വോട്ടു നേടിയ അവർക്ക് 2016-ൽ 33650 വോട്ടിലേയ്ക്കുയരാനായി. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും വോട്ടുശതമാനം നിലനിർത്താൻ അവർക്കായിട്ടുണ്ട്. ഈ വോട്ടു ശതമാനം ഈ തിരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന ആത്മവിശ്വാസം എൻ.ഡി.എ.യ്ക്കുണ്ട്. ബി.ഡി.ജെ.എസി.ന്റെ ജില്ലാ നേതാവായിരുന്ന ലോചനനെ ബി.ജെ.പി.യിലേയ്ക്കെത്തിച്ചാണ് നാട്ടികയിൽ മത്സരിപ്പിക്കുന്നത്. നാടൻപാട്ടു പാടിയും ജനങ്ങളിലേയ്ക്കിറങ്ങിച്ചെന്നും വോട്ടർമാരുടെ ആവേശമേറ്റുന്നുണ്ട് ലോചനൻ അമ്പാട്ട്. വലിയ അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ ഇടതിന്റെ ഈ ഉറച്ച മണ്ഡലത്തിൽ അട്ടിമറിക്കുള്ള സാധ്യത കുറവാണ്. കരുത്തർ അണിനിരക്കുന്ന ഇരിങ്ങാലക്കുടയിൽ ആരുനേടും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മൂന്നു മുന്നണികളും ഇരിങ്ങാലക്കുടയിൽ നിർണായകശക്തികളാണ്. 2016-ൽ 33650 ആയിരുന്ന വോട്ടുവിഹിതം പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. 42857-ലേക്ക് ഉയർത്തി മറ്റ് രണ്ടു മുന്നണികളുടെയും അടുത്തെത്തി. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിലും ഇരിങ്ങാലക്കുട നഗരസഭയിലടക്കം ഈ വോട്ട് വിഹിതം ഇടിയാതെ സൂക്ഷിക്കാനുമായി. അതേസമയം യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ വ്യക്തമായ കുറവുണ്ടായി. സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു എൽ.ഡി.എഫ്. സ്ഥാനാർഥിയായി രംഗത്തെത്തിയതാണ് ഘടകങ്ങളിലൊന്ന്. മുന്നണി, പാർട്ടി സംവിധാനങ്ങളുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇവിടെ എൽ.ഡി.എഫ്. പ്രചാരണം മുന്നോട്ടുപോകുന്നത്. ഇരിങ്ങാലക്കുടയിൽ ജനിച്ചുവളർന്ന ആളെന്ന നിലയിൽ മണ്ഡലത്തിൽ തനിക്കുള്ള വ്യക്തിബന്ധങ്ങൾ പരമാവധി ഉപയോഗിക്കാൻ ബിന്ദു ശ്രമിക്കുന്നുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി ജേക്കബ് തോമസിന്റെ അരങ്ങേറ്റവും മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സ്ഥാനാർഥിയുടെ പ്രതിച്ഛായയും വ്യക്തമായ നിലപാടുകളും അച്ചടക്കവും ചിട്ടയാർന്ന പ്രവർത്തനവും എതിർചേരികളിൽപോലും ആകാംക്ഷയും ഉത്കണ്ഠയും ഉയർത്തിയിട്ടുണ്ട്.പുതുതലമുറ വോട്ടർമാർ ജേക്കബ് തോമസിന്റെ പുതിയ അവതാരത്തെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുബാങ്കിനെ എത്രമാത്രം സ്വാധീനിക്കാൻ കഴിയുന്നു എന്നതും. ജേക്കബ് തോമസിന്റെ സ്ഥാനാർഥിത്വം എൻ.ഡി.എ. വോട്ടിങ് ശതമാനം വർധിപ്പിച്ചാൽ അത് ക്ഷീണമാകുക എൽ.ഡി.എഫിനേക്കാൾ യു.ഡി.എഫിനാകും. യു.ഡി.എഫ്. സ്ഥാനാർഥി തോമസ് ഉണ്ണിയാടനാകട്ടെ കാൽനൂറ്റാണ്ടായി മണ്ഡലത്തിലാകെ പരിചിതനാണ്. കഴിഞ്ഞ തവണ തോറ്റിട്ടും അദ്ദേഹം മണ്ഡലത്തിൽ സക്രിയമായിരുന്നു. ഏതാവശ്യത്തിനും സമീപിക്കാവുന്ന ഒരു പൊതുപ്രവർത്തകൻ എന്ന ഇമേജാണ് അദ്ദേഹത്തെപ്പറ്റി പൊതുവേ ഉള്ളത്. അതുതന്നെയാകാം പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ തുടക്കത്തിലുള്ള എതിർപ്പ് അവഗണിച്ചും അദ്ദേഹത്തിന് തന്നെ യു.ഡി.എഫ്. സ്ഥാനാർഥിത്വം നൽകാൻ കാരണമായത്. പരാജയപ്പെട്ടാൽ മുന്നണിക്കുണ്ടാകാവുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന തിരിച്ചറിവും മണ്ഡലത്തിലെ യു.ഡി.എഫ്. പ്രവർത്തകരുടെ ഉള്ളിലെ സൗന്ദര്യപ്പിണക്കങ്ങൾ കുറയ്ക്കുന്ന ഘടകമാണ്. 1996-ലായിരുന്നു നിലവിലെ യു.ഡി.എഫ്. സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ മണ്ഡലത്തിലെ അരങ്ങേറ്റം. അന്ന് ലോനപ്പൻ നമ്പാടനുമായി വീറുറ്റ മത്സരം കാഴ്ചവെക്കാനായെങ്കിലും പരാജയപ്പെട്ടു. 2001, 2006, 2011 വർഷങ്ങളിൽ ഉണ്ണിയാടൻ തന്നെ വിജയം ആവർത്തിച്ചു. 2016-ൽ സി.പി.എമ്മിലെ കെ.യു. അരുണനോട് 2711 വോട്ടിന് ഉണ്ണിയാടൻ പരാജയപ്പെട്ടു. മണലൂരിൽ മുരളി പെരുനെല്ലി ഹാട്രിക് സ്വന്തമാക്കുമോ? 15 തിരഞ്ഞെടുപ്പ്, 11 വിജയം എന്ന പാരമ്പര്യത്തിനുടമകളായ യു.ഡി.എഫിന് ഇത്തവണ അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി.സി.സി.അധ്യക്ഷൻ ഒ. അബ്ദുറഹിമാൻകുട്ടിയെ മലർത്തിയടിച്ച മുരളി പെരുനെല്ലിയെ തന്നെയാണ് ഇത്തവണ അവർക്ക് നേരിടേണ്ടത്. മണ്ഡല പാരമ്പര്യം നഷ്ടപ്പെടാതിരിക്കാൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും െഎ.ടി. സെൽ കൺവീനറുമായ വിജയ് ഹരിയെയാണ് യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്.പുതുമുഖം എന്ന അനുകൂല ഘടകവും കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണ വിജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എൽ.ഡി.എഫ്. സ്ഥാനാർഥി മുരളി പെരുനെല്ലി മണ്ഡലത്തിൽ ആമുഖം വേണ്ടാത്ത വ്യക്തിത്വമാണ്. മൂന്നാം തവണയാണ് അദ്ദേഹം മണലൂരുകാരുടെ മനമറിയാനൊരുങ്ങുന്നത്. മത്സരിച്ച രണ്ടുതവണയും വിജയം മുരളിക്കൊപ്പമായിരുന്നു. 2016-ൽ മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 19,325 വോട്ടുകൾക്കാണ് മുരളി പെരുനെല്ലി ഇടതിന്റെ കൊടി പാറിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ അവസാന അവസരമാകും ഇത്തവണത്തേതെന്ന പ്രചാരണവും അദ്ദേഹത്തിന് അനുകൂല തരംഗമുണ്ടാക്കിയേക്കാം. 2011-ലെ 10,543-ൽ നിന്ന് 2016-ൽ 37,680 വോട്ടിലേയ്ക്ക് ബി.ജെ.പി.െയ എത്തിച്ച എ.എൻ. രാധാകൃഷ്ണൻ വീണ്ടും മത്സരിക്കുമ്പോൾ എൻ.ഡി.എ.യ്ക്കും പ്രതീക്ഷകളേറെയാണ്. 2016-നു ശേഷം മണലൂരിൽ നിലയുറപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളും രാധാകൃഷ്ണന് അനുകൂലമാകും. മാത്രമല്ല, സ്ഥാനാർഥി പ്രഖ്യാപനത്തിന് ഏറെ മുൻപേ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും എ.എൻ. രാധാകൃഷ്ണന് ഗുണകരമായി. ചേലക്കരയിൽ ഇടത് കോട്ട നിലനിർത്തുമോ? മണ്ഡലത്തെ നാല് തവണ പ്രതിനിധാനംചെയ്ത വ്യക്തിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ. തുടർച്ചയായി നാലുതവണ എം.എൽ.എ.യാണ് എന്നത് മാത്രമല്ല, രാധാകൃഷ്ണന്റെ പ്രത്യേകത. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ്. 1996ലെ കന്നിയങ്കത്തിൽ തന്നെ വിജയിച്ചു കയറിയ കെ. രാധാകൃഷ്ണൻ പട്ടികജാതി - യുവജനക്ഷേമ മന്ത്രിയായി. ഇതോടെ ചേലക്കരയുടെ രാഷ്ട്രീയഗതിമാറി. പിന്നീട് 2001, 2006, 2011 കെ. രാധാകൃഷ്ണൻ തന്നെ വിജയിച്ചു.ഇതിൽ 2006-ൽ കേരള നിയമസഭ സ്പീക്കറുമായി രാധാകൃഷ്ണൻ. 2016-ൽ സി.പി.എം. പുതുമുഖമായ യു.ആർ. പ്രദീപിനെയിറക്കി നടത്തിയ പരീക്ഷണവും വിജയിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി സി.സി. ശ്രീകുമാർ. കെ.പി.സി.സി. സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി. ശ്രീകുമാറിലൂടെ ചേലക്കരയിൽ അട്ടിമറി വിജയമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ വികസന നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നുണ്ട്.പാലക്കാട് വി.കെ ശ്രീകണ്ഠൻ നടത്തിയതിന് സമാനമായ മണ്ഡലത്തിലൂടെ പദയാത്ര നടത്തിയാണ് ശ്രീകുമാർ ഇത്തവണ സംഘടന ചലിപ്പിച്ചതും ആളുകളെ നേരിട്ട് കണ്ട് വോട്ട് ചോദിച്ചതും ലോക്സഭയിലേക്കും ചേലക്കരയിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ച് പരിചയമുള്ള പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിനെയാണ് ഇത്തവണയും എൻ.ഡി.എ. മണ്ഡലത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എ.യ്ക്ക് മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ ഭരണം പിടിക്കാനായതും ഭൂരിഭാഗം പഞ്ചായത്തുകളിലും ബ്ലോക്കിലേക്കും അംഗങ്ങളെ വിജയിപ്പിച്ചയക്കാനായതും സ്ഥാനാർഥിയുടെയും മുന്നണിയുടെയും ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ട്വിസ്റ്റുകൾ നിറഞ്ഞ ഗുരുവായൂർ കാലങ്ങളായി ജില്ലയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് ഗുരുവായൂർ. ഒരു ഘട്ടത്തിൽ ലീഗിന്റെ കോട്ടയെന്ന പേരും ഗുരുവായൂരിനുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു തവണയായി ലീഗിനിവിടെ പച്ചതൊടാനായിട്ടില്ല. സി.പി.എമ്മിന്റെ കെ.വി. അബ്ദുൾ ഖാദറെയാണ് കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ഗുരുവായൂരിലെ വോട്ടർമാർ പിന്തുണച്ചത്.2006-ൽ ആദ്യമായി മത്സരരംഗത്തെത്തിയ അബ്ദുൾ ഖാദർ 12,309 വോട്ടിനാണ് വിജയിച്ചത്. 2011-ൽ ഭൂരിപക്ഷം 9968-ലേയ്ക്ക് താണെങ്കിലും 2016-ൽ 15,098-ലേയ്ക്കുയർന്ന്് മണ്ഡലചരിത്രത്തിലെ വലിയ ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി. സിറ്റിങ് എം.എൽ.എ.മാർക്ക് സി.പി.എം. കൊണ്ടുവന്ന നിബന്ധനകളുടെ ഭാഗമായാണ് ഗുരുവായൂരിൽ എൽഡിഎഫിന് എൻ.കെ. അക്ബറെന്ന പുതിയ സ്ഥാനാർഥി വരുന്നത്. ചാവക്കാട് നഗരസഭയുടെ മുൻ ചെയർമാനായിരുന്ന അക്ബറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലേറിയത്. സി.പി.എം. ഏരിയാ സെക്രട്ടറിയെന്ന നിലയിൽ മണ്ഡലം മുഴുവൻ സുപരിചിതനുമാണദ്ദേഹം. നല്ലൊരു സംഘാടകനെന്ന മികവുള്ള അക്ബറിന് സ്ഥാനാർഥിപ്രഖ്യാപനം നേരത്തെ നടന്നതിനാൽ പ്രചാരണത്തിൽ മുൻതൂക്കം നേടാൻ കഴിഞ്ഞിട്ടുണ്ട്. പലതും കണക്കുകൂട്ടിത്തന്നെയാണ് ലീഗ് നേതൃത്വം കെ.എൻ.എ.ഖാദർ എന്ന പരിണതപ്രജ്ഞനെ ഗുരുവായൂരിലേക്ക് നിയോഗിച്ചത്. നിയമസഭാ സാമാജികനെന്ന നിലയിൽ മൂന്നുഘട്ടങ്ങളിലായി ലഭിച്ച പ്രവർത്തനപരിചയമാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന് ലഭിക്കുന്ന മുൻതൂക്കം. അയൽജില്ലയായ മലപ്പുറത്തുനിന്നെത്തി ഗുരുവായൂരുകാരുടെ വോട്ട് തേടുമ്പോഴും അന്യനല്ല താനെന്ന് തെളിയിക്കാൻ അദ്ദേഹം മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ലീഗിന് ലഭിക്കാതെപോയിരുന്ന കോൺഗ്രസ് വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യവും ഖാദറിന്റെ സ്ഥാനാർഥിത്വത്തിന് പിന്നിലുണ്ട്. പ്രചാരണത്തിൽ മുഴുകുന്നതിനിടയിലാണ് മണ്ഡലത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നത്. എൻ.ഡി.എ. സ്ഥാനാർഥി അഡ്വ.സി.നിവേദിതയുടെ പത്രിക തള്ളി. ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് എൻ.ഡി.എ. പിന്തുണ പ്രഖ്യാപിക്കും വരെയുള്ള ചർച്ചകൾ ആ വോട്ടുകൾ എങ്ങോട്ടു പോവും എന്നതിനെക്കുറിച്ചായി മാറി. ആരുടേയും വോട്ടു വേണ്ട എന്ന് ഖാദർ പറയാതിരുന്നതും ശ്രദ്ധേയം. ഖാദർ ജയിക്കണമെന്നാണ് തന്റെ അഭിപ്രായം എന്ന് സുരേഷ്ഗോപി പറയുക കൂടി ചെയ്തതോടെ, കോ-ലീ-ബി ആരോപണത്തിന്റെ ശക്തി എൽ.ഡി.എഫ്. കൂട്ടി. എൻ.ഡി.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിച്ച 25,490 വോട്ടുകൾ പൂർണമായും ഡി.എസ്.ജെ.പി. സ്ഥാനാർഥിക്ക് വീഴുമോ. അതിൽ വിള്ളലുണ്ടായാൽ ഗുണം തങ്ങൾക്കാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ക്യാമ്പ്. പാർട്ടിവോട്ടുകൾക്കപ്പുറത്തേക്ക് വോട്ട് സമാഹരണത്തിന് അക്ബറിന്റെ സ്ഥാനാർഥിത്വത്തിന് ശേഷിയില്ല എന്ന് ഇവർ കണക്ക് കൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്താൽ കേവലം 43 വോട്ടിന് വടക്കാഞ്ചേരിയിലെ ജയം ഒഴിച്ചാൽ കഴിഞ്ഞ തവണ യുഡിഎഫിനെ സംബന്ധിച്ച് തൃശ്ശൂരിൽ നാണക്കേടാണ് മിച്ചം. ഗ്രൂപ്പ് പോരും സ്ഥിരം മുഖങ്ങളേയും നിർത്തിയുള്ള പരീക്ഷണമാണ് കോൺഗ്രസിന്റെ അടിവേരിളക്കിയത്. ഇത്തവണ കോൺഗ്രസ് മത്സരിക്കുന്ന 11 സീറ്റിൽ 9 ഇടത്തും പുതുമുഖങ്ങളെ​ ഇറക്കിയാണ് പരീക്ഷണം. ഇത് ഫലം കാണുമെന്നും പകുതി സീറ്റിലെങ്കിലും വിജയിച്ചുകയറാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മന്ത്രിമാരായ സുനിൽകുമാറും രവീന്ദ്രനാഥും മാറി നിൽക്കുന്നതിനാൽ ആ മണ്ഡലങ്ങളിൽ ശക്തമായ മത്സരം നേരിടുന്നു. സിറ്റിങ് എംഎൽഎമാരെ വിജയിപ്പിക്കാത്ത ചരിത്രം ഇത്തവണ ഒല്ലൂർ തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിജയമണ്ഡലങ്ങളുടെ പട്ടികയിൽ ജില്ലയിൽ നിന്നുളള തൃശ്ശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്നുളളത് ശ്രദ്ധേയമാണ്. സമുദായവോട്ടുകളുടെ സഹായത്തോടെ ജില്ലയിൽ വോട്ടുവിഹിതം ഉയർത്താനാകുമെന്ന് തന്നെയാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.ഒപ്പം തൃശൂരിൽ ഒരു അട്ടിമറിയും കഴിഞ്ഞ തവണത്തെ പോലെ ജില്ല തൂത്തുവാരാൻ കഴുയുമോ എന്ന ആത്മവിശ്വാസം ഇക്കുറി ഇടതുപക്ഷം പങ്കുവെക്കുന്നില്ല. എങ്കിലും വലിയൊരു നഷ്ടം അവർ അവർ കണക്കുകൂട്ടുന്നില്ല.യുഡിഎഫ് അഞ്ച് എണ്ണം ഉറപ്പിക്കുന്നു. കാര്യങ്ങൾ അനുകൂലമായാൽ ഇത് ഏഴ് വരെയാകാമെന്നും അവർ പറയുന്നു. മറുവശത്ത് എൽഡിഎഫിന്റെ ഉറച്ച സീറ്റുകൾ ഏഴാണ്. തുടർഭരണം ഒരു തരംഗമായാൽ ഇത് 11 വരെ ആകാമെന്നും അവർ പറയുന്നു Content Highlights:Kerala Assembly Election 2021: Thrissur District Round Up​


from mathrubhumi.latestnews.rssfeed https://ift.tt/3sLjB9i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages