കണ്ണൂർ: വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ പ്രചാരണം നടത്തിയെന്ന കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സൈബർസെൽ, സംഭവത്തിനുപിന്നിൽ മറ്റൊരു കോൺഗ്രസ് നേതാവാണെന്ന് കണ്ടെത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പരാതിയിൽ ജില്ലാ യു.ഡി.എഫ്. ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ടി.മാത്യു ആണെന്നാണ് കണ്ടെത്തൽ. കരുവഞ്ചാലിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ്‌ലൈൻ മുഖേനയുള്ള ഇന്റർനെറ്റ് കണക്‌ഷൻ ഉപയോഗിച്ചാണ് ഈ പ്രൊഫൈൽ നിർമിച്ചതെന്നാണ് വ്യക്തമായത്. സൈബർസെല്ലിന്റെ കണ്ടെത്തൽ ആലക്കോട് പോലീസിന് കൈമാറി. പരാതിക്കാരനായ സോണിയുടെ വീട് ഈ സ്റ്റേഷൻപരിധിയിലെ തേർമലയിലാണ്. പി.ടി.മാത്യുവിനെ ആലക്കോട് ഇൻസ്പെക്ടർ കെ.വിനോദൻ ചോദ്യംചെയ്തു. സോണിയുടെ മൊഴിയെടുത്തശേഷം തുടർനടപടി സ്വീകരിക്കും.നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർഥിനിർണയം നടക്കുന്ന മാർച്ച് ആദ്യം ജോൺ ജോസഫ് എന്നയാളുടെ പേരിൽ പ്രൊഫൈൽ നിർമിച്ച് തനിക്കെതിരേ പ്രചരണം നടത്തിയെന്നാണ് സോണിയുടെ പരാതി. ആലക്കോട് റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സോണി ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായും ജോൺജോസഫിന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവും ഒപ്പം ചേർത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. ‘അഴിമതിവീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥിയായി വരണോ ? എപ്രിൽ 28-ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥിയായി വരുന്നത് വളരെയേറെ ദോഷംചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്’ എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ. തുടർന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. ബുധനാഴ്ച സംഭവം പുറത്തുവന്നതോടെ പ്രൊഫൈൽ ഫെയ്സ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി. കോൺഗ്രസിലെ എ വിഭാഗക്കാരാണ് സോണിയും മാത്യുവും. സിറ്റിങ് എം.എൽ.എ. കെ.സി.ജോസഫ് ഇരിക്കൂറിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും ഈ സീറ്റിനുവേണ്ടി ശ്രമിച്ചിരുന്നു. കാലങ്ങളായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന സീറ്റിൽ ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് എ ഗ്രൂപ്പിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത് സോണിയും മാത്യുവും ആണ്. ഉമ്മൻചാണ്ടി നേരിട്ടുവന്ന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സംസാരിച്ചാണ് പ്രശ്നങ്ങളൊതുക്കിയത്. തുടർന്നാണ് ഇരുവരും പ്രചാരണത്തിൽ സജീവമായത്. പുതിയ വെളിപ്പെടുത്തൽ എ ഗ്രൂപ്പിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും. പിന്നിൽ ആരൊക്കെയെന്നറിയണം -സോണി സെബാസ്റ്റ്യൻകോൺഗ്രസിൽ സ്ഥാനാർഥിനിർണയം നടക്കുന്ന സമയത്താണ് വ്യാജ പ്രൊഫൈലിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതെന്ന് സോണി സെബാസ്റ്റ്യൻ പ്രതികരിച്ചു. പരാതിയിൽ താൻ ഉറച്ചുനിൽക്കുകയാണ്. ആരൊക്കെയാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എന്റെ അറിവോ സമ്മതമോ ഇല്ലാത്ത പോസ്റ്റ് -പി.ടി.മാത്യു :തന്റെ അറിവോ സമ്മതമോ ഇല്ലാത്ത പോസ്റ്റാണതെന്ന് പി.ടി.മാത്യു പ്രതികരിച്ചു. 49 വർഷത്തെ പൊതുജീവിതത്തിൽ ആരെയും വ്യക്തിഹത്യ നടത്താൻ ശ്രമിച്ചിട്ടില്ല. കാര്യങ്ങൾ വിശദമായി പഠിച്ചശേഷം തുടർനടപടി സ്വീകരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2RTZd8x
via
IFTTT
No comments:
Post a Comment