കാക്കനാട്: കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം ആരുടേതെന്ന് കണ്ടുപിടിക്കാൻ ഡി.എൻ.എ. പരിശോധന. ഇത് വൈഗയുടേതല്ല എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ഈ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ച് ഡി.എൻ.എ. പരിശോധന നടത്തുക. പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പരിശോധന ഉടൻ തുടങ്ങമെന്നും അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിന് നൽകുമെന്നും അധികൃതർ പറഞ്ഞു. 12 ബാങ്കുകൾക്ക് പോലീസ് നോട്ടീസ് സനു മോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകൾക്ക് പോലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകിയതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. ഫ്ളാറ്റിനുള്ളിൽ നിന്നും ഭാര്യയുടെ സ്കൂട്ടറിന്റെ പെട്ടിയിൽ നിന്നും നിരവധി ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിൽ അന്വേഷണം തുടരുന്നു കേസിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താൻ പോലീസ് സംഘം ചെന്നൈയിൽ തുടരുകയാണ്. തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മൂലം അവിടത്തെ പോലീസിന്റെ സഹായം കാര്യമായി ലഭിക്കുന്നില്ല. സനു മോഹൻ സുഹൃത്തിന്റെ അടുത്തുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സനുവിനായി തിരച്ചിൽ നോട്ടീസും കഴിഞ്ഞദിവസം പോലീസ് പുറപ്പെടുവിച്ചിരുന്നു. Content Highlights:kochi vyga death and sanu mohan missing case investigation
from mathrubhumi.latestnews.rssfeed https://ift.tt/3fJJ2o3
via
IFTTT
No comments:
Post a Comment