തിരുവനന്തപുരം : അഭിലാഷങ്ങളുടെ അടച്ചുവെച്ച ആഭരണപ്പെട്ടി തുറന്ന്, കാലത്തിനുമേൽ ഒരു മൂക്കുത്തിത്തിളക്കം ചാർത്തുകയാണിവർ. ഉലയിൽ നീറി പിറക്കുന്ന പൊന്നിന്റെ തിളക്കമുള്ള ഒരു പരസ്യചിത്രത്തിലൂടെ. അണിഞ്ഞൊരുങ്ങിയ മണവാട്ടികൾ മാത്രം തിളങ്ങിനിൽക്കുന്ന ജൂവലറി പരസ്യങ്ങളുടെ യാഥാസ്ഥിതിക ലോകത്തേക്ക് ഒരു ട്രാൻസ് വുമണിനെ മോഡലാക്കി ഭീമ ജൂവലറി ഒരുക്കിയ പരസ്യചിത്രമാണിത്. യഥാർഥ സ്നേഹമെന്നാൽ ഒരാളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സാണെന്നു പറയുന്ന ഈ പരസ്യചിത്രം കണ്ട് പൊതുസമൂഹം തിരികെ പറയുന്നു: ''പെണ്ണായാൽ പൊന്ന് വേണം'' എന്ന നിശ്ചയത്തിൽനിന്ന് ഭീമ താണ്ടിയ ഈ ദൂരത്തിന്റെ പേരാണ് പുരോഗമനം. നാളെയുടെ ആശയങ്ങൾ ഇന്നേ ചിന്തിക്കുന്ന പരസ്യവിപണിയെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ കാൽവെപ്പ്. ചർച്ചയായി മാറിയ ഈ പരസ്യത്തിന്റെ 'ഊതിക്കാച്ചിയെടുത്ത' ആശയത്തിന് പിന്നിൽ ഭീമാ ജൂവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദന്റെ ചെറുമകളും ഭീമയുടെ ഓൺലൈൻ മാർക്കറ്റിങ് മേധാവിയുമായ നവ്യാ സുഹാസ് ആണ്. ഒരു ട്രാൻസ്ജൻഡർ വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ് പരസ്യം. ആൺശരീരത്തിൽ പെണ്ണായി ജീവിക്കുന്ന വ്യക്തിയുടെ അഭിലാഷങ്ങളും ഒടുവിൽ ഇയാളെ മാതാപിതാക്കൾ അംഗീകരിക്കുന്നതുമാണ് പ്രമേയം. സ്വർണം അണിയേണ്ട മേനിയുടെ രാഷ്ട്രീയം അങ്ങനെ ഈ പരസ്യചിത്രം ചർച്ചയ്ക്ക് വെക്കുന്നു. ഡൽഹി സ്വദേശിയായ ട്രാൻസ്ജൻഡർ മീര സിംഘാനിയ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വന്തം കുടുംബാംഗങ്ങളുടെ അംഗീകാരം കിട്ടിയാൽതന്നെ ഇവരുടെ ഇരുൾ ജീവിതത്തിന് മാറ്റംവരുമെന്ന് പറഞ്ഞുവെക്കുകയാണിവിടെ. ''കാലത്തിനൊപ്പം സഞ്ചരിക്കുന്നതുകൊണ്ടാണ് 96 വർഷത്തെ പാരമ്പര്യവുമായി ഭീമ ഇന്നും മുന്നോട്ടുപോകുന്നത്. ആ സാമൂഹികബോധമാണ് ഈ പരസ്യചിത്രത്തിന്റെ ആശയത്തിന് പിന്നിലും'' -നവ്യാ സുഹാസ് പറഞ്ഞു. 'സ്നേഹംപോലെ പരിശുദ്ധം' എന്ന ടാഗ്ലൈനോടെയുള്ള ഈ ചിത്രം തയ്യാറാക്കിയത് ഡൽഹിയിലെ ആനിമൽ എന്ന ഏജൻസിയാണ്. ഭാരത് സിക്കയാണ് സംവിധായകൻ.
from mathrubhumi.latestnews.rssfeed https://ift.tt/3uYAwWz
via
IFTTT
No comments:
Post a Comment