പ്രവീൺനാഥ് തൃശ്ശൂർ: രണ്ടുവർഷംമുമ്പുവരെ അവൻ 'അവളാ'യിരുന്നു. വെല്ലുവിളികളും പരിഹാസവും അതിജീവിച്ച് പ്രവീൺനാഥെന്ന ഇരുപത്തിമൂന്നുകാരൻ ട്രാൻസ്മാൻ, മിസ്റ്റർ കേരളയാവാനുള്ള തീവ്രപരിശീലനത്തിലാണ്. തൃശ്ശൂരിൽ നടന്ന ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ട്രാൻസ്മാൻ വിഭാഗത്തിൽ ഒന്നാമനായതോടെയാണ് സെലക്ഷൻ ലഭിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ അപൂർവമായി മാത്രം കടന്നുവരുന്ന ബോഡി ബിൽഡിങ് രംഗം. അവിടെ തന്റേതായ ഒരിടം തീർക്കാൻ കഠിനമായി പരിശ്രമിക്കുകയാണ് പ്രവീൺ. മിസ്റ്റർ കേരള മത്സരത്തിൽ പങ്കെടുക്കാനായി രാവിലെയും വൈകീട്ടുമായി ഏഴുമണിക്കൂർ ജിമ്മിൽ. ഡയറ്റനുസരിച്ചുള്ള ഭക്ഷണം. മുൻ മിസ്റ്റർ ഇന്ത്യയും ഫിറ്റ്നസ് പരിശീലകനുമായ വിനു മോഹനാണ് പരിശീലകൻ. 'മിസ്റ്റർ കേരള'യിലേയ്ക്ക് സെലക്ഷൻ ലഭിച്ച പ്രവീണിന് സ്വന്തം നാടായ പാലക്കാട് നെന്മാറ എലവഞ്ചേരിയിൽ സ്വീകരണം നൽകാനിരിക്കുകയാണ്. ''ആ വേദിയിൽ തനിക്കു താങ്ങും തണലുമായി നിന്ന അമ്മ വത്സലയെ ചേർത്തുപിടിക്കണം. എന്നിട്ട് സദസ്സിനോടും തന്നോടും അമ്മയ്ക്ക് പറയാനുള്ളത് കേൾക്കണം. മോളേന്ന് വിളിച്ച അമ്മ മോനേയെന്ന് വിളിച്ചുതുടങ്ങി. സന്തോഷം'' -പ്രവീൺനാഥ് പറഞ്ഞു. തൃശ്ശൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള 50,000 രൂപ അമ്മ നൽകിയത് വള പണയംവെച്ചാണ്. ''പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ പെണ്ണാണെങ്കിലും തന്റെ മനസ്സ് ആണിന്റെയാണെന്ന് മനസ്സിലായത്. രോഗമാണെന്ന് ആദ്യം കരുതി. പെൺശരീരവുമായി ഒത്തുപോവാനാവുന്നില്ല''-പ്രവീൺ മനസ്സ് തുറന്നു. ആ സമയത്ത് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. സ്വവർഗപ്രണയമെന്ന് കുറ്റപ്പെടുത്തലുകൾ. വീട്ടിലും പ്രശ്നങ്ങളായി. സ്കൂളുകാർ ഇടപെട്ട് ബെംഗളൂരുവിൽ ഒരുവർഷം കൗൺസിലിങ്ങും ചികിത്സയും. ട്രാൻസ്മാൻ എന്ന വാക്ക് ആദ്യമായി കേട്ടത് ആ ചികിത്സക്കാലത്താണ്. പത്താംക്ലാസ് പരീക്ഷ ആയതോടെ അവിടെനിന്ന് ഡിസ്ചാർജ് വാങ്ങി പരീക്ഷയെഴുതി. 80 ശതമാനം മാർക്കോടെ ജയം. രണ്ടുവർഷംമുമ്പ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് ലിംഗമാറ്റശസ്ത്രക്രിയയ്ക്കുള്ള ഒരുലക്ഷം രൂപ നൽകിയത്. എറണാകുളത്തുവെച്ചായിരുന്നു ശസ്ത്രക്രിയ. ''ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ബോഡി ബിൽഡർ ആര്യൻ പാഷയെപ്പോലെയാവണം'' -അതാണ് പ്രവീൺനാഥിന്റെ സ്വപ്നം.
from mathrubhumi.latestnews.rssfeed https://ift.tt/31ZBS7i
via
IFTTT
No comments:
Post a Comment