കൊച്ചി: കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ്സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. മകൾ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹനെ ഉത്തര കർണാടകയിലെ കാർവാറിൽ നിന്നാണ് കർണാടക പോലീസ് പിടികൂടിയത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സനു മോഹൻ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കർണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കർണാടക പോലീസ് സനുവിനെ കൊച്ചി സിറ്റി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു. കൊല്ലൂരിൽ ഒളിവിൽ താമസിച്ചിരുന്ന സനു ഹോട്ടലിൽ പണംനൽകാതെ മുങ്ങിയതിനെത്തുടർന്ന് കൊല്ലൂർ ബീന റെസിഡൻസി ജീവനക്കാർ പോലീസിനെ അറിയിച്ചു. സനു ഹോട്ടലിൽ നൽകിയ ആധാർവിവരങ്ങൾ പരിശോധിച്ച് കർണാടക പോലീസ് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാൾ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടർന്ന് കാർവാറിൽവെച്ച് പിടികൂടുകയായിരുന്നു. മാർച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ളാറ്റിൽ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്ളാറ്റിൽ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കേരള പോലീസിനെ 28 ദിവസമാണ് സനു മോഹൻ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3uXe93Z
via
IFTTT
No comments:
Post a Comment