ക്യാപ്റ്റന്റെ പടയോട്ടം; ഹര്‍ഷാരവങ്ങളോടെ സ്വീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 17, 2021

ക്യാപ്റ്റന്റെ പടയോട്ടം; ഹര്‍ഷാരവങ്ങളോടെ സ്വീകരണം

അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, ഞങ്ങടെ ക്യാപ്റ്റന് അഭിവാദ്യങ്ങൾ, നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ... - ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളാൽ ആവേശം നിറഞ്ഞ വേദികളിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ യാത്രകൾ. ഇടതുമുന്നണിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി വേദികൾ കീഴടക്കുമ്പോൾ കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിനും ആവേശം. ഇടതുമുന്നണിപ്രവർത്തകർക്ക് പിണറായി വിജയൻ ഇപ്പോൾ ക്യാപ്റ്റനാണ്. ഒട്ടേറെ വർഷങ്ങൾ പാർട്ടിയുടെ അമരക്കാരനായി ഇരുന്നശേഷം അഞ്ചുവർഷം കേരളത്തെ നയിച്ച ജനനായകൻ. ചരിത്രം തിരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കായി പടയോട്ടം നടത്തുന്ന മുന്നണിയുടെ സാരഥി. ഒരാഴ്ച സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണത്തിനിറങ്ങിയശേഷം ആ ക്യാപ്റ്റൻ മുന്നണിസ്ഥാനാർഥികൾക്കായി ബുധനാഴ്ചയാണ് സംസ്ഥാനത്തെ പര്യടനം തുടങ്ങിയത്. കുടുംബസമേതം പിണറായിയിലെ വീട്ടിൽ ഒരാഴ്ച താമസിച്ചശേഷം ബുധനാഴ്ച രാവിലെതന്നെ പേരിയ ചുരംകയറി മാനന്തവാടിയിലെത്തി. പ്രവൃത്തിദിവസത്തിലെ പ്രഭാതമായിട്ടും മാനന്തവാടിയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തേക്ക് ജനം ഒഴുകി. ജനക്കൂട്ടത്തെ ആവേശം കൊള്ളിച്ചുകൊണ്ട് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ പ്രസംഗം. കാലത്ത് പത്തരയ്ക്കാണ് മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. കല്പറ്റ എം.എൽ.എ. സി.കെ. ശശീന്ദ്രനും സ്ഥാനാർഥി ഒ.ആർ. കേളുവും വേദിയിൽ. കൃത്യം പത്തരയ്ക്കുതന്നെ അദ്ദേഹം എത്തി. കാറിൽ സഹയാത്രികനായി സി.പി.എം. വയനാട് ജില്ലാസെക്രട്ടറി പി. ഗഗാറിൻ. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെക്കുറിച്ചും 7500 കോടി രൂപയുടെ വയനാട് പാക്കേജും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചു. ദിവസം ആറു പരിപാടികൾവരെ ദിവസം അഞ്ചോ ആറോ പ്രസംഗമെന്ന നിലയിലാണ് മുഖ്യമന്ത്രിക്കായി പാർട്ടിയും മുന്നണിയും പ്രചാരണപരിപാടി ഒരുക്കുന്നത്. ആദ്യദിവസം വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അഞ്ച് പരിപാടികൾ. 30-45 മിനിറ്റുവരെ നീളുന്ന കാര്യമാത്രപ്രസക്തമായ പ്രസംഗങ്ങൾ. ഓരോ വേദിയിലും സദസ്സിനെ അറിഞ്ഞ് വിഷയങ്ങളും ക്രമീകരിക്കുന്നു. ബുധനാഴ്ച രണ്ടാമത്തെ പരിപാടി സുൽത്താൻ ബത്തേരിയിൽ. ഉച്ചയ്ക്ക് 12.15 മണി. കത്തുന്ന വെയിൽ. ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷനിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം. ചെണ്ടമേളത്തോടെ സ്വീകരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന ബിജു കാക്കത്തോടിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പി.കെ. ശ്രീമതി പാർട്ടിയിലേക്ക് സ്വീകരിച്ചു. ഏതാനും ദിവസംമുമ്പ് സി.പി.എമ്മിലേക്ക് കടന്നുവന്ന കോൺഗ്രസ് നേതാവ് എം.എസ്. വിശ്വനാഥനാണ് ബത്തേരിയിലെ സ്ഥാനാർഥി. വേദിയിൽവെച്ച് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിനൊപ്പം തന്റെ സർക്കാർ അഞ്ചുവർഷത്തിനിടയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചു. വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും ഇടതു പ്രചാരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ ദൗത്യം. സുൽത്താൻ ബത്തേരിയിൽനിന്നു നേരെ കല്പറ്റയിലേക്ക്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ പുളിയാർമലയിലെ വീട്ടിൽ ഉച്ചഭക്ഷണം. ശ്രേയാംസ് കുമാർ ആതിഥേയനായി മുഖ്യമന്ത്രിക്കൊപ്പം. അതിഥിയെ സ്വീകരിച്ച ഉഷാ വീരേന്ദ്രകുമാറിനോട് കുശലംപറഞ്ഞ മുഖ്യമന്ത്രി, മറ്റ് കുടുംബാംഗങ്ങളെയും പരിചയപ്പെട്ടു. തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും ശ്രേയാംസുമായി കുശലംപറച്ചിൽ. കൂടെ പി. ഗഗാറിനും മുഖ്യമന്ത്രിയുടെ സഹായി സുനീഷും. ഭക്ഷണത്തിനുശേഷം കല്പറ്റ ഗസ്റ്റ്ഹൗസിലേക്ക്. അവിടെ മുഖ്യമന്ത്രിയെ ഏതാനും പ്രമുഖർ കാത്തുനിൽക്കുന്നു. ഉച്ചതിരിഞ്ഞ് 3.15-ന് കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്താണ് പരിപാടി. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ കെ.കെ. ഹംസ അധ്യക്ഷൻ. ജനറൽ കൺവീനർ കെ. റഫീഖിന്റെ ഹ്രസ്വമായ സ്വാഗതപ്രസംഗം. തുടർന്ന് സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാറിന്റെ ഹ്രസ്വഭാഷണം. വികസനത്തിനൊപ്പം കരുതലും യാഥാർഥ്യമാക്കിയ ഇടതുമുന്നണി സർക്കാരും അതിന്റെ നായകനായ പിണറായി വിജയനും വയനാടിനോടു കാണിച്ച പ്രത്യേക മമത ശ്രേയാംസ് കുമാർ എടുത്തുപറഞ്ഞു. ജില്ലയ്ക്ക് 7500 കോടിരൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച ഭരണാധികാരിയെന്ന നിലയിൽ പിണറായി വിജയൻ വയനാടിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ മുഖ്യമന്ത്രി വേദിയിലെത്തി. കല്പറ്റയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ നാടിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ശ്രേയാംസ്കുമാർ വാഗ്ദാനംചെയ്തു. ഓരോ വാക്കിലും ആവേശം ഓരോരുത്തർക്കും സുപരിചിതനായ ശ്രേയാംസ്കുമാർ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സന്ദേശമാണ് ഈ റാലി നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനം സ്വീകരിച്ചത് ഹർഷാരവങ്ങളോടെ. സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പറ്റി നുണപ്രചാരണം നടത്തുകയാണ് യു.ഡി.എഫും ബി.ജെ.പി.യും. അതിനെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായിറങ്ങണമെന്ന ആഹ്വാനത്തോടെ പ്രസംഗത്തിന് വിരാമം. തനിക്ക് നൽകിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെ നൽകി ശ്രേയാംസ്കുമാറിന്റെ വിജയം ഉജ്ജ്വലമാക്കണമെന്ന സി.കെ. ശശീന്ദ്രൻ എം.എൽ.എ.യുടെ പ്രഖ്യാപനം മുഴങ്ങുന്നതിനിടയിൽ മുഖ്യമന്ത്രി വേദി വിട്ടു. ശ്രേയാംസ്കുമാർ അദ്ദേഹത്തെ യാത്രയാക്കി. തുടർന്ന് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ അരീക്കോടും ഓരോ പ്രസംഗം. കൂടെ യഥാക്രമം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസും. വൻജനക്കൂട്ടം നൽകിയ ആവേശം ഏറ്റുവാങ്ങി ക്യാപ്റ്റന്റെ ആദ്യദിവസത്തെ പരിപാടികൾക്ക് സമാപനം. രാത്രി മഞ്ചേരിയിൽ വിശ്രമം. വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽത്തന്നെ പ്രചാരണം. കാച്ചിക്കുറുക്കിയ പ്രസംഗം പ്രസംഗത്തിൽ പരാമർശിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള കൃത്യത, കാച്ചിക്കുറുക്കിയുള്ള പദപ്രയോഗങ്ങൾ, വാക്കുകൾക്ക് അതിഭാവുകത്വമോ ദുർമേദസ്സോ ഇല്ല -ഇതാണ് പിണറായിയുടെ പ്രസംഗത്തിന്റെ സവിശേഷത. കർശനമായ സമയനിഷ്ഠകൂടി ചേരുമ്പോൾ സംഘാടകർക്കും ആവേശം. പാർട്ടിയുടെ ദേശീയ നേതാക്കളെക്കാൾ താരമൂല്യത്തോടെയാണ് പിണറായിയുടെ ഓരോ പരിപാടിയും. ആവേശംകൊള്ളുന്ന ജനക്കൂട്ടംതന്നെ ഇതിന് സാക്ഷി.


from mathrubhumi.latestnews.rssfeed https://ift.tt/2QjpBYD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages