കൊൽക്കത്ത: കോൺഗ്രസിന്റെ ശക്തികേന്ദ്രവും പി.സി.സി. അധ്യക്ഷൻ അധീർ ചൗധരിയുടെ ജില്ലയുമായ മുർഷിദാബാദിലും പുരുളിയയിലും ഇടത് - കോൺഗ്രസ് സഖ്യം ഉലയുന്നു. സംയുക്ത മുന്നണി സ്ഥാനാർഥികൾക്കെതിരേ ഇരുപക്ഷത്തെയും പ്രാദേശികനേതൃത്വം വിമത സ്ഥാനാർഥികളെ അവതരിപ്പിച്ചതോടെയാണിത്. മുർഷിദാബാദിലെ സമരേഷ്ഗഞ്ച് മണ്ഡലത്തിൽ സംയുക്ത മുന്നണി സ്ഥാനാർഥിയായി സി.പി.എമ്മിലെ മൊദാസ്സർ ഹുസ്സൈനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലാ കോൺഗ്രസ് നേതൃത്വം റസാവുൾ ഹഖിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. 2016-ലും സഖ്യധാരണയ്ക്ക് വിരുദ്ധമായി കോൺഗ്രസ് വിമത സ്ഥാനാർഥിയെ ഇവിടെ മത്സരിപ്പിക്കുകയും അതുകാരണം തൃണമൂൽ സ്ഥാനാർഥി ജയിക്കുകയും ചെയ്തിരുന്നു. മുർഷിദാബാദിലെതന്നെ നവദയിൽ സി.പി.എമ്മാണ് കലാപക്കൊടി ഉയർത്തുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത് അടുത്തിടെ തൃണമൂൽ വിട്ടുവന്ന മുഷാറഫ് ഹുസൈനാണ്. 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എതിരാളികളെ പത്രിക നൽകാൻ അനുവദിക്കാതെ അക്രമം നടത്തിയ ഇയാളെ അംഗീകരിക്കില്ലെന്ന് പ്രദേശത്തെ സി.പി.എം. പ്രവർത്തകർ പറയുന്നു. ജില്ലാക്കമ്മിറ്റിയംഗം സമിക് മണ്ഡലിനെ അവർ സ്ഥാനാർഥിയാക്കിയിരിക്കുകയാണ്. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ നിർത്താൻ പാർട്ടി സമ്മതിച്ചില്ലെങ്കിൽ സ്വതന്ത്രനായി നിർത്തുമെന്നാണ് ഇവരുടെ നിലപാട്. പുരുളിയയിൽ ഫോർവേഡ് ബ്ളോക്കും കോൺഗ്രസും തമ്മിലാണ് അങ്കം. ജൊയ്പൂർ, ബൽറാംപുർ എന്നീ മണ്ഡലങ്ങൾ ഇത്തവണ ധാരണ പ്രകാരം കോൺഗ്രസിനാണ്. വർഷങ്ങളായി ഇവിടെ മത്സരിക്കുന്ന ഫോർവേഡ് ബ്ളോക്ക് ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. ഇത്തവണ ഈ മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥികളില്ലെന്നും 'നോട്ട'യ്ക്ക് വോട്ട് ചെയ്യണമെന്നും നോട്ടീസടിച്ച് വിതരണം ചെയ്യുകയാണ് ഇവിടത്തെ ഫോർവേഡ് ബ്ളോക്ക് പ്രവർത്തകർ.
from mathrubhumi.latestnews.rssfeed https://ift.tt/3lHWVUT
via
IFTTT
No comments:
Post a Comment