മാനന്തവാടി: തന്റെ കുടുംബം തകർന്നുവെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് പരാജയഭീതി മൂലമാണെന്ന് മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. ജയലക്ഷ്മി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. എം.എൽ.എ. എന്നനിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയാനില്ലാത്തതിനാലാണ് വ്യക്തിഹത്യയുമായി ഇറങ്ങിയത്. യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി നടപ്പാക്കില്ല. യു.ഡി.എഫ്. വന്നാൽ ജനവാസകേന്ദ്രങ്ങളെ ബഫർസോണിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയതിനെ എതിർക്കുന്നില്ല. പക്ഷേ, അഞ്ചുവർഷംമുമ്പ് നിർമാണം തുടങ്ങിയ ബഹുനില കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. ആർ.എസ്.എസ്. ബന്ധം ആരോപിക്കുന്നത് ശരിയല്ലെന്നും താൻ കോൺഗ്രസുകാരനാണെന്നും ജയലക്ഷ്മിയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണെന്നും ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാർ പറഞ്ഞു. 15 വർഷമായി ഒരു രാഷ്ട്രീയപ്പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. വ്യക്തിഹത്യ നടത്തുന്നതിൽനിന്ന് പിന്മാറണമെന്നും രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയ്യാറാകണമെന്നും അനിൽ കുമാർ പറഞ്ഞു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി. ഖാദർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി. അബ്ദുൾ അഷറഫ്, പി.കെ. അസ്മത്ത്, എ. പ്രഭാകരൻ, വി.വി. നാരായണവാര്യർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3rwBXJD
via
IFTTT
No comments:
Post a Comment