കോഴിക്കോട് : കെ.എസ്.ആർ.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാൽ തുടർയാത്രയിൽ സാമ്പത്തികനഷ്ടവും ക്ലേശവുമുണ്ടായ യാത്രക്കാരിക്ക് കോഴിക്കോട് പെർമനന്റ് ലോക് അദാലത്ത് 51,552 രൂപ നഷ്ടപരിഹാരം വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാർവില്ലയിൽ ഇ.എം. നസ്നയാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരേ പരാതിനല്കിയത്. കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്കുള്ള ബസ് ക്രമാതീതമായി വൈകിയതിനാൽ യാത്രക്കാരിക്കും ഭർത്താവിനും വിമാനയാത്ര മുടങ്ങി. മൈസൂരിലെത്തിയപ്പോഴേക്കും നാലര മണിക്കൂർ ബസ് വൈകിയിരുന്നു. മൈസൂരിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് ടാക്സി വിളിക്കേണ്ടി വന്നു. പക്ഷേ വിമാനത്തിൽ പോകാനായില്ല. തുടർന്ന് മറ്റൊരു ഫ്ളൈറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. ഇതെല്ലാം വ്യക്തമാക്കി അവർ സമർപ്പിച്ചപരാതി പരിശോധിച്ചശേഷമാണ് അദാലത്ത് ചെയർമാൻ വി.പ്രകാശ്, അംഗങ്ങളായ എം.ടി. രാജൻ നായർ, ബി. വേണുഗോപാലൻ എന്നിവർ തീർപ്പുകല്പിച്ചത്. മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും കെ.എസ്.ആർ.ടി.സി.യ്ക്ക്് ബസ് ജീവനക്കാരിൽനിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീർപ്പിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/38xIY6n
via
IFTTT
No comments:
Post a Comment