ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു. മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പിൽ ഈ തുക വർധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ടവരും സംഭാവന നൽകിയിട്ടുണ്ടെന്ന് ചമ്പത്ത് റായ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമാണത്തിന് വീടുകൾ കയറിയും സ്ഥാപനങ്ങൾ കയറിയുമുള്ള സംഭാവന സ്വീകരിക്കൽ. ഇനി ഓൺലൈൻ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുള്ള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും. തമിഴ്നാട്ടിൽ നിന്ന് ക്ഷേത്ര നിർമാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. തമിഴ്നാട്ടിൽ സംഭാവന സ്വീകരിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇത് മറികടന്ന് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചതെന്നും ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാൻ ട്രസ്റ്റ് തയ്യാറായിട്ടില്ല. പ്രധാന ക്ഷേത്രത്തിന്റെ നിർമാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയുടെ സമീപത്തുള്ള ചില ഭൂമിയും പണം നൽകി വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് ക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. Content Highlights: Ram Mandir Fund Drive Complete; Trust Estimates Rs 2500 Cr Collected
from mathrubhumi.latestnews.rssfeed https://ift.tt/30lZ3I6
via
IFTTT
No comments:
Post a Comment