ഷാനിമോള്‍, താങ്കള്‍ സുധാകരനോട് മാപ്പു പറയരുതായിരുന്നു | വഴിപോക്കന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 5, 2021

ഷാനിമോള്‍, താങ്കള്‍ സുധാകരനോട് മാപ്പു പറയരുതായിരുന്നു | വഴിപോക്കന്‍

കോൺഗ്രസ് നേതാവ് കെ. സുധാകരന് ഇനിയും നേരം വെളുത്തിട്ടില്ല. ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യം നേടിയതും ജനാധിപത്യ റിപ്പബ്ലിക്കായതും ഈ മഹാൻ ഇനിയും അറിഞ്ഞിട്ടില്ല. കണ്ണൂരിലെ ആ ചെറിയ കുണ്ടുകിണറ്റിലിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്നതിൽ സുധാകരന് ഒരു പ്രശ്നവും തോന്നുന്നുണ്ടാവില്ല. കാരണം ജനാധിപത്യത്തിന്റെ വിശാലവും തുറസ്സാർന്നതുമായ പരിസരങ്ങൾ സുധാകരനെപ്പോലുള്ളവരുടെ ലോകത്തില്ല. പക്ഷേ, സാധാരണ പൗരസമൂഹത്തിന്, ജനാധിപത്യത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവർക്ക് സുധാകരന്റെ വായ്നാറ്റം ഓക്കാനമുണ്ടാക്കും. കേരളത്തിൽ കോൺഗ്രസിനുള്ള ഏക വനിതഎം.എൽ.എ. ഷാനിമോൾ ഉസ്മാൻ പ്രകടിപ്പിച്ചത് ജനാധിപത്യ സമൂഹത്തിന് മൊത്തത്തിലുള്ള വികാരമാണ്. ജാതിയുടെയും കുലത്തൊഴിലിന്റെയും പേരു പറഞ്ഞ് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും ഈ പരാർമർശം പിൻവലിച്ച് സുധാകരൻ മാപ്പ് പറയണമെന്നുമാണ് ഷാനിമോൾ ആവശ്യപ്പെട്ടത്. വകതിരിവ് എന്നു പറഞ്ഞ സംഗതി നാലയൽപക്കത്ത് കൂടിയെങ്കിലും പോയിരുന്നെങ്കിൽ സുധാകരൻ ചെയ്യേണ്ടിയിരുന്നത് ഷാനിമോളുടെ അഭിപ്രായം പൂർണ്ണമായും ഉൾക്കൊള്ളുകയായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഷാനിമോൾക്കെതിരെ മാത്രമല്ല, തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും സുധാകരൻ ഉറഞ്ഞുതുള്ളി. സുധാകരൻ മാത്രമാണോ ഷാനിമോളെ വിരട്ടിയതെന്നറിയില്ല. എന്തായാലും ഷാനിമോൾ തന്റെ അഭിപ്രായം പിൻവലിച്ചു; സുധാകരനോട് ക്ഷമ ചോദിച്ചു. തെറ്റ് ചെയ്തയാൾക്ക് പകരം തെറ്റിനെ വിമർശിച്ചവർ മാപ്പ് പറയേണ്ടി വരുന്ന അതിവിചിത്രമായ കാലത്താണ് നമ്മൾ ജിവിക്കുന്നത്. ജനാധിപത്യ സമൂഹത്തിന്റെ നെഞ്ചത്തു നടത്തുന്ന ചിവിട്ടുനാടകം. മാപ്പു ചോദിച്ചപ്പോൾ ചെറുതായത് ഷാനിമോളല്ല, കോൺഗ്രസ് എന്ന പാർട്ടിയാണ്. രാജ്യം വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലമാണിത്. സമസ്ത ജനാധിപത്യ മൂല്യങ്ങളും ചവിട്ടി മെതിക്കുകയും കർഷകരോടു പോലും കാരുണ്യരഹിതമായി പെരുമാറുകയും ചെയ്യുന്ന ഒരു ഭരണകഷിയുള്ള രാജ്യത്ത് കോൺഗ്രസ് എന്ന പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്തവും കടമയും വളരെ വലുതാണ്. പക്ഷേ, ഒരു ഛോട്ടാ നേതാവിനു മുന്നിൽ ആ പാർട്ടി വിറക്കുന്നതും വിരളുന്നതുമായ കാഴ്ച കാണുമ്പോൾ പ്രതീക്ഷിക്കാൻ നമുക്കിനി എന്താണ് ബാക്കി എന്ന് ചോദിക്കാതെ വയ്യ. ഗതികേടു കൊണ്ടായിരിക്കണം തന്റെ വാക്കുകൾ പിൻവലിക്കാൻ ഷാനിമോൾ നിർബ്ബന്ധിതയായത്. നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ, അരൂരിലെ തന്റെ സാദ്ധ്യതകൾ തകരുമോ എന്ന പേടി ഷാനിമോൾക്ക് ഉണ്ടായിരിക്കാം. 1959-ൽ 42-ാം വയസ്സിൽ ഇന്ദിര ഗാന്ധി എന്ന വനിത പ്രസിഡന്റായ പാർട്ടിയാണ് കോൺഗ്രസ്. ഇന്ദിര പിറന്നുവീണ 1917-ലും കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത് ആനി ബസന്റ് എന്ന വനിതയാണ്. എട്ടു വർഷത്തിനപ്പുറം 1925-ൽ സരോജിനി നായിഡു എന്ന മറ്റൊരു വനിത കോൺഗ്രസിന്റെ തലപ്പത്തെത്തി. ഇതേ വർഷം സ്ഥാപിതമായ ആർ.എസ്.എസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ രൂപാന്തരങ്ങളിലോ ഇതുവരെ ഒരു വനിതയും അമരത്തെത്തിയിട്ടില്ലെന്നതും മറക്കാനാവില്ല. 135 വർഷത്തെ ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ പതിമൂന്നര പതിറ്റാണ്ടുകളുടെ ചരിത്രത്തിൽ കോൺഗ്രസിനെ ഏറ്റവുമധികം കാലം നയിച്ചതും ഒരു വനിതയാണ്- ഇപ്പോഴും കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിലുള്ള സോണിയ ഗാന്ധി. ഈ പാർട്ടിയിലാണ് ഷാനിമോളെപ്പോലൊരു വനിതയ്ക്ക് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നുവെന്നത് തീർച്ചയായും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നാലു കൊല്ലം മുമ്പ് മണിശങ്കർ അയ്യർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴ്ന്ന മനുഷ്യൻ (നീച് ആദ്മി) എന്നു വിളിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം മാതൃകാപരമായിരുന്നു. അയ്യരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെന്റ് ചെയ്യുകയാണ് കോൺഗ്രസ് അന്നു ചെയ്തത്. പ്രധാനമന്ത്രിയോട് അയ്യർ മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദിയിലുള്ള തന്റെ പിടിപ്പുകേടാണ് കുഴപ്പമായതെന്ന അയ്യരുടെ വിശദീകരണം ഒരാളും മുഖവിലയ്ക്കെടുത്തില്ല. അതിനും നാലു കൊല്ലം മുമ്പാണ് ഇതേ അയ്യർ ഇതേ മോദിയെ ചായ്വാല എന്നു വിളിച്ച് കോൺഗ്രസിനെ കെണിയിലാക്കിയത്. അന്ന് അയ്യരുടെ ആ ഒരു പരാമർശത്തിൽ പിടിച്ച് ബി.ജെ.പി. കളിച്ച കളിയിലാണ് രാഹുലും പാർട്ടിയും അധികാരത്തിന് പുറത്തേക്കു പോയത്. എത്ര പെട്ടെന്നാണ് കോൺഗ്രസിന് ഓർമ്മകൾ ഇല്ലാതാവുന്നത്. 1982-ൽ അന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി ഒരു സ്വകാര്യ സന്ദർശനത്തിന് ഹൈദരാബാദിലെത്തി. രാജീവിന്റെ വരവ് സ്വകാര്യമാണെന്നോർക്കാതെ അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ടി. അഞ്ജയ്യ വിമാനത്താവളത്തിൽ വലിയൊരു സ്വീകരണം ഏർപ്പാടാക്കി. അമ്മയുടെ നിർബ്ബന്ധം മൂലം രാഷ്ട്രീയത്തിൽ ഇറങ്ങിയ രാജീവ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രകടനപരതകളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നില്ല. വിമാനത്താവളത്തിലെ ജനക്കൂട്ടം രാജീവിനെ അസ്വസ്ഥനാക്കി. എന്തിനിങ്ങനെ ഒരു സ്വീകരണമെന്ന ചോദ്യത്തിന് മുന്നിൽ പരുങ്ങിയ അഞ്ജയ്യയെ കോമാളി എന്നു വിളിച്ചാണ് രാജീവ് രോഷം തീർത്തത്. രാജീവിന്റെ ഈ വിളി പക്ഷേ, തെലുങ്കരുടെ ആത്മാഭിമാനത്തിന് മേൽ വലിയ മുറിവായി. ഈ മുറിവിലാണ് എൻ.ടി. രാമറാവു തെലുഗുദേശം എന്ന പാർട്ടിയുടെ അസ്തിവാരം തീർത്തത്. പാർട്ടിയുണ്ടാക്കി ഒരു കൊല്ലത്തിനുള്ളിൽ രാമറാവു ആന്ധ്രയിൽ അധികാരം പിടിക്കുകയും ചെയ്തു. 1984-ൽ ഇന്ദിരയുടെ കൊലപാതകത്തെ തുടർന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോഴും കോൺഗ്രസിന് പിടികൊടുക്കാതെ നിന്ന സംസ്ഥാനമായിരുന്നു ആന്ധ്ര. പറഞ്ഞു വന്നത് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു തന്നെയാണ്. ഉച്ചരിച്ച വാക്കിന്റെ അടിമയും ഉള്ളിലുള്ള വാക്കിന്റെ ഉടമയുമാണ് മനുഷ്യരെന്ന് പറയുന്നത് വെറുതെയല്ല. കൈവിട്ടുപോയ വാക്ക് തിരിച്ചുപിടിക്കാനുള്ള ഒരുപാധിയും മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ ഇന്റർനെറ്റ് കാലത്താണെങ്കിൽ ഒരു വാക്ക് ഉച്ചരിക്കപ്പെട്ടു കഴിഞ്ഞാൽ അത് കല്ലിൽ കൊത്തിയതു പോലെയാണ്. ഒരു രാസവസ്തുവിനും അത് മായ്ക്കാനാവില്ല. വലിയൊരു തെറ്റ് ചെയ്തു കഴിഞ്ഞിട്ട് അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുകയാണ് സുധാകരൻ ചെയ്യുന്നത്. ഷാനിമോളുടെ മാപ്പ് ആദരപൂർവ്വം സ്വീകരിക്കുന്നുവെന്നാണ് ഒരുളുപ്പുമില്ലാതെ ഈ നേതാവ് കൊട്ടിഘോഷിക്കുന്നത്. പണ്ട് നമ്മുടെ ഒരു കാർട്ടൂണിസ്റ്റ് പറഞ്ഞതുപോലെ താനൊരു സദാകുരൻ മാത്രമാണെന്നാണ് ഈ മാന്യദേഹം ഇതിലൂടെ തെളിയിക്കുന്നത്. മണിശങ്കർ അയ്യരെപ്പോലൊരു നേതാവിനെ നിലയ്ക്ക് നിർത്താനാവുമെങ്കിൽ സുധാകരന്റെ കണ്ണു തുറപ്പിക്കാനും കോൺഗ്രസിനാവണം. പകരം സുധാകരന്റേത് നാടൻ പ്രയോഗമാണെന്നൊക്കെ പറഞ്ഞ് ആ വൃത്തികേടിനു മേൽ തൈലം പൂശാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം മിതമായ ഭാഷയിൽ പറഞ്ഞാൽ അശ്ലീലമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കളായ വി.എസ്. അച്ച്യുതാനന്ദനും വിജയരാഘവനും എം.എം. മണിയുമൊക്കെ പണ്ടു നടത്തിയിട്ടുള്ള പ്രയോഗങ്ങൾ ഉയർത്തിക്കാട്ടി സുധാകരന് കവചമൊരുക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ഒരിടത്തുമെത്തില്ല. ഒരു തെറ്റിനെ ന്യായീകരിക്കാൻ കുറെക്കൂടി വലിയ തെറ്റു ചെയ്യുകയാണ് വേണ്ടതെന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. സുധാകരന്റെ ജൽപനങ്ങളുടെ ഇരയാവാൻ തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിക്കഴിഞ്ഞു. ചെത്തുകാരന്റെ മകനാണെന്നു പറയാൻ അഭിമാനമേയുള്ളു എന്ന് പിണറായി പറയുമ്പോൾ അതൊരു നിലപാടിന്റെ പ്രകാശനമാണ്. വാ പോയ വാക്കത്തികൾക്ക് മുറിപ്പെടുത്താനാവാത്ത വ്യക്തിത്വത്തിന്റെ ജ്വലനമാണത്. സുധാകരന്റെ ചെളിയേറിൽ ആത്യന്തികമായി ഇരയായിരിക്കുന്നത് ഷാനിമോൾ ഉസ്മാനാണ്. നിരാലംബയും നിരായുധയുമായി ഷാനിമോൾ നിൽക്കുന്നത് മലയാളിയുടെ ജനാധിപത്യ ബോദ്ധ്യങ്ങളുടെ തിരുമുറ്റത്താണ്. ഷാനിമോൾക്ക് നീതി കിട്ടുന്നുവെന്ന്ഉറപ്പുവരുത്തേണ്ടത് കോൺഗ്രസിന്റെ മാത്രമല്ല, ഓരോ ജനാധിപത്യ വിശ്വാസിയുടേയും ബാദ്ധ്യതയാണ്. മണിശങ്കർ അയ്യർ നേരിട്ട അതേ അച്ചടക്ക നടപടി സുധാകരനും നേരിടണം. ഷാനിമോളോടും മുഖ്യമന്ത്രി പിണറായി വിജയനോടും മാപ്പു പറയാൻ സുധാകരൻ തയ്യാറാവണം. ഇല്ലെങ്കിൽ സുധാകരന് മുന്നിൽ പാർട്ടിയുടെ വാതിലുകൾ എന്നന്നേയ്ക്കുമായി അടച്ചിടാൻ കോൺഗ്രസ് മടിക്കരുത്. സുധാകരനെപ്പോലുള്ളവരെ ന്യായീകരിക്കുന്ന ഓരോ വാക്കും ജനാധിപത്യത്തിന്റെ ശവപ്പെട്ടിക്കു മേലെ അടിക്കുന്ന ആണികളാണെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയുക തന്നെ വേണം. വഴിയിൽ കേട്ടത്: പോപ് ഗായിക റിയാന്നയോട് പ്രതിരിക്കുകയല്ല ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ ജോലിയെന്ന് ശശി തരൂർ. ജോലി എന്താണെന്ന് സ്വന്തം പാർട്ടി നേതാക്കളെയും ഇടയ്ക്കൊക്കെ ഒന്നോർമ്മിപ്പിക്കണം, മിസ്റ്റർ തരൂർ. Content Highlights: Shanimol, You shouldnt apologies for your criticism against K Sudhakaran | Vazhipokkan


from mathrubhumi.latestnews.rssfeed https://ift.tt/2YTaIwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages