ചെന്നൈ: അത്യാധുനിക സാങ്കേതികവിദ്യയിൽ തദ്ദേശീയമായി വികസിപ്പിച്ച അർജുൻ മെയിൻ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനയ്ക്ക് സമർപ്പിച്ചു. ഞായറാഴ്ച ചെന്നൈ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ, കരസേനാ മേധാവി മേജർ ജനറൽ എം.എം. നരവണെയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മാർക്ക് 1 എ ശ്രേണിയിലുള്ള അർജുൻ യുദ്ധടാങ്ക് രൂപകല്പന ചെയ്തത് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യാണ്. ഇതിന്റെ കീഴിലുള്ള ചെന്നൈ ആവഡിയിലെ കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെൻറി (സി.വി.ആർ.ഡി.ഇ)ലാണ് നിർമിച്ചത്. ഓട്ടോമൊബൈൽ ഉത്പാദനമേഖലയിൽ രാജ്യത്തെ മുൻനിര സംസ്ഥാനമായ തമിഴ്നാട് യുദ്ധടാങ്ക് നിർമാണത്തിലും നേട്ടങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ജവാന്മാരുടെ ധൈര്യം വരുംതലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒട്ടേറെ സവിശേഷതകളോടെയാണ് പുതിയ അർജുൻ ടാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത, അതീവ സൈനികസുരക്ഷ എന്നിവ ഇതിൽ ചിലതാണ്. രാത്രിയും പകലുമടക്കം ഏതു കാലാവസ്ഥയിലും ദൗത്യം നിറവേറ്റാനും ശത്രുക്കളുടെ ആക്രമണങ്ങൾ നേരിടാനും അർജുൻ ടാങ്കുകൾക്കാവും. ഇതിലെ ടാർഗറ്റ് കൺസോൾ, വെപ്പൺ ഹാൻഡ്ലിങ് സംവിധാനങ്ങൾ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാണ്. ഡി.ആർ.ഡി.ഒ.യ്ക്കൊപ്പം 15 അക്കാദമിക് സ്ഥാപനങ്ങളും എട്ടു ലാബുകളും ഒട്ടേറെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും നിർമാണത്തിൽ സഹകരിച്ചു. 'അങ്ങേയറ്റം വിശ്വസനീയമായ യുദ്ധവാഹനം' എന്നാണ് അർജുൻ മാർക്ക് 1 എ-യെ ഡി.ആർ.ഡി.ഒ. വിശേഷിപ്പിക്കുന്നത്. മുൻ ടാങ്കുകളെക്കാളും 71-ൽപ്പരം അധിക സവിശേഷതകൾ ഇതിനുണ്ടെന്നും ഡി.ആർ.ഡി.ഒ. വൃത്തങ്ങൾ വ്യക്തമാക്കി. അർജുൻ ടാങ്കുകളുടെ അവസാന പതിപ്പായ അർജുൻ മാർക് 1 നിലവിൽ രാജസ്ഥാനിലെ രണ്ട് റെജിമെന്റിലാണ് ഉപയോഗിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2ZeVBhR
via
IFTTT
No comments:
Post a Comment