കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം കീഴടങ്ങലെന്ന് എ.കെ. ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 14, 2021

കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം കീഴടങ്ങലെന്ന് എ.കെ. ആന്റണി

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനികപിൻമാറ്റം ചൈനയ്ക്ക്‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്ടിക്കലുംവഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവെച്ചതെന്ന് ആന്റണി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.അതിർത്തികളിൽ യുദ്ധസമാനസാഹചര്യം നേരിടുമ്പോഴും പ്രതിരോധബജറ്റിൽ കാര്യമായ വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞവർഷത്തെ പുതുക്കിയ ബജറ്റ് നീക്കിയിരിപ്പുമായി താരതമ്യംചെയ്യുമ്പോൾ പ്രതിരോധത്തിന് 1.48 ശതമാനം മാത്രമാണ് വർധന വരുത്തിയത്. പ്രതിരോധബജറ്റിൽ വർധന വരുത്താത്തത് ചൈനയെ സന്തോഷിപ്പിക്കാനാണെന്നും ആന്റണി ആരോപിച്ചു.“അതിർത്തികളിൽ ചൈനയുടെ പ്രകോപനവും പാകിസ്താന്റെ ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കലും തുടരുമ്പോഴും രാജ്യസുരക്ഷയ്ക്ക് മുൻഗണന നൽകാത്ത മോദിസർക്കാരിന്റെ നിലപാടിൽ ദുഃഖമുണ്ട്. സംഘർഷം കുറയ്ക്കുമെന്നതിനാൽ സൈനികപിൻമാറ്റം നല്ലതുതന്നെ. എന്നാൽ, അത് രാജ്യസുരക്ഷ ബലികഴിച്ചുകൊണ്ടാവരുത്. ഗാൽവനിലും പാൻഗോങ്ങിലുമുള്ള പിൻമാറ്റം കീഴടങ്ങലാണ്. ഇന്ത്യൻ പ്രദേശമാണെന്നതിൽ 1962-ൽപ്പോലും തർക്കമില്ലാതിരുന്ന മേഖലകളിൽനിന്നാണ് ഇപ്പോൾ പിൻവാങ്ങിയത്. ഫിംഗർ നാലിലെ സൈനികപോസ്റ്റും കൈലാസമേഖലയും വിട്ടാണ് ഫിംഗർ മൂന്നിലേക്ക് പിൻമാറിയത്. ഫിംഗർ എട്ടുവരെ പട്രോളിങ് നടത്താനുള്ള അവകാശമാണ് ഇല്ലാതാക്കിയത്” -ആന്റണി പറഞ്ഞു.പാകിസ്താനെ സഹായിച്ചുകൊണ്ട് സിയാച്ചിനിൽ കുഴപ്പംസൃഷ്ടിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്നും ആന്റണി മുന്നറിയിപ്പുനൽകി. ഇന്ത്യ-ചൈന അതിർത്തിയിൽ 2020 ഏപ്രിൽ പകുതിയോടെയുണ്ടായിരുന്ന സ്ഥിതി നിലനിർത്താൻ സാധിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. യു.പി.എ. സർക്കാരിന്റെ കാലത്തും സൈനികപിൻമാറ്റം നടത്തിയിട്ടുണ്ട്. എന്നാലത് തത്‌സ്ഥിതി നിലനിർത്തിക്കൊണ്ടായിരുന്നു. സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും അറിയണം. രാജ്യത്തിന് ആത്മവിശ്വാസം നൽകാൻ സർക്കാർ തയ്യാറാവണം. രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം തീരുമാനങ്ങളെടുക്കുംമുൻപ് വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളുമായി സർക്കാർ ആലോചിക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/2N7Od5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages