തിരുവനന്തപുരം: ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ മന്ത്രി കെ.ടി. ജലീലിൽ ഇടപെട്ടതായിആരോപണം. കേരള സർവകലാശാല വൈസ് ചാൻസലർക്ക് മന്ത്രി നിർദേശം നൽകിയെന്നും ആരോപണത്തിലുണ്ട്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ. ഫാ. വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാൻ നീക്കം. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്മെന്റിന്റെ അപേക്ഷ പരിഗണിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ പ്രത്യേകം യോഗം ചേർന്നു. എന്നാൽ അധ്യാപകന്റെ അപേക്ഷ സർവകലാശാല നേരത്തെ നിരസിച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാർ യോഗത്തെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി സർവകലാശാലയോടു നിർദേശിക്കുകയായിരുന്നു. അപേക്ഷ സമർപ്പിച്ച അധ്യാപകനും കോളേജ് മാനേജ്മെന്റ് പ്രതിനിധിയും ഇതേ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിചിത്രമായ കാര്യം. അധ്യാപകന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം ഫിലും പി.എച്ച്.ഡിയും ഉണ്ട്. എന്നാൽ യു.ജി.സി. ചട്ടപ്രകാരം ഒരു വിഷയത്തിൽ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റാൻ സ്റ്റാറ്റിയൂട്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവകലാശാലയുടെ അവകാശങ്ങളിൽ മന്ത്രി ഇടപെടുന്നുവെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. content highlighlights:attempt to appoint latin language teacher as english teacher-allegation against kt jaleel
from mathrubhumi.latestnews.rssfeed https://ift.tt/3jXDxSE
via
IFTTT
No comments:
Post a Comment