നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡിമരണം ഉയർത്തിവിട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും പ്രതികളായ പോലീസുകാരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം നീതിനടപ്പാക്കലിന്റെ ആദ്യപടിയായാണ് വിലയിരുത്തപ്പെടുന്നത്. കസ്റ്റഡിമരണ കേസിൽ സർക്കാർ നിയമിച്ച ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭ പ്രതികളായ പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. എന്നാൽ ക്രൈബ്രാഞ്ച് പ്രതികളായി കണ്ടെത്തിയ ഏഴുപേരെയാണോ അതോ സി.ബി.ഐ.നൽകിയ കുറ്റപത്രത്തിലെ പ്രതികളായ ഒൻപത് പേരെയാണോ പിരിച്ചുവിടുന്നത് എന്നതിൽ വ്യക്തതയില്ല. ആദ്യം ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ ആറ് പോലീസുകരും ഒരു ഹോംഗാർഡും ഉൾപ്പെടെ ഏഴ് പേരായിരുന്നു പ്രതികൾ. എന്നാൽ സി.ബി.ഐ.സംഘം നൽകിയിരിക്കുന്ന കുറ്റപത്രത്തിൽ വനിത സിവിൽ പോലീസ് ഓഫീസറായ ഗീതു ഗോപിനാഥ്, ഹെഡ് കോൺസ്റ്റബിളായ ബിജു ലൂക്കോസ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇവർ യഥാക്രമം ഒൻപതും എട്ടും പ്രതികളാണ്. ഇടുക്കി എസ്.പി.യായിരുന്ന കെ.ബി.വേണുഗോപാൽ, ഡിവൈ.എസ്.പി.മാരായ പി.കെ.ഷംസ്, അബ്ദുൽ സലാം, പീരുമേട് ജയിൽ അധികൃതർ, രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. ഇവർക്കെതിരേയുള്ള നടപടി ശുപാർശകളും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കിയിട്ടില്ല. സി.ബി.ഐ. കുറ്റപത്രത്തിത്തിൽ എസ്.ഐ. കെ.എ.സാബു തന്നെയാണ് ഒന്നാം പ്രതി. എ.എസ്.ഐ. സി.ബി.റെജിമോൻ, പോലീസ് ഡ്രൈവർമാരായ നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം.ജെയിംസ്, സിവിൽ പോലീസ് ഓഫീസർ ജിതിൻ കെ.ജോർജ്, എ.എസ്.ഐ. റോയി പി.വർഗീസ് എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികൾ. 2019 ജൂൺ 12 മുതൽ 15 വരെ രാജ്കുമാറിനെ പ്രതികൾ അനധികൃതമായി കസ്റ്റഡിയിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. സമാനതകളില്ലാത്ത പോലീസ് പീഡനമെന്നാണ് സി.ബി.ഐ.വിശേഷണം. 2019 ജൂൺ 15-നാണ് രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡിലിരിക്കെ ജൂൺ 21-ന് പീരുമേട് സബ്ജയിലിൽ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ രാജ്കുമാറിന്റെ ആദ്യ പോസ്റ്റുമോർട്ടത്തിൽ പിഴവുകൾ ഏറെയുണ്ടായിരുന്നു. ഇത് ’മാതൃഭൂമി’ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജുഡീഷ്യൽ കമ്മിഷൻ വാഗമണ്ണിലെ കല്ലറ തുറന്ന് രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യാൻ നിർദേശിക്കുകയായിരുന്നു. രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ കസ്റ്റഡി മർദനത്തിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാർ പിരിച്ചെടുത്ത പണം എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ സി.ബി.ഐ.ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3jSeRel
via
IFTTT
No comments:
Post a Comment