ധർമ്മജൻ ബോൾഗാട്ടി. ഫോട്ടോ: സാജൻ വി നമ്പ്യാർ കോഴിക്കോട്: സീറ്റിനുവേണ്ടി ഔദ്യോഗികമായി ഒരുനേതാവിനെയും കണ്ടിട്ടില്ല. മത്സരിക്കണമെന്ന് ഇതുവരെ പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറയുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിക്കുമെന്നാണല്ലോ ഊഹാപോഹം. മൂന്ന് തവണയായി മണ്ഡലത്തിൽ എത്തിയതും ഇതിന് ശക്തിപരന്നിട്ടുണ്ട് ? ബാലുശ്ശേരിയിൽ അടുത്തിടെ ചില സ്വകാര്യചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാൻ വന്നുവെന്നത് സത്യമാണ്. പക്ഷേ, ഇവിടെ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. സംവരണമണ്ഡലമായ ബാലുശ്ശേരി, കോങ്ങാട്, കുന്നത്തുനാട് എന്നിവങ്ങളിലൊക്കെ പേര് പരിഗണനയിലുണ്ടെന്ന് പറഞ്ഞുകേൾക്കുന്നു. കോൺഗ്രസുമായി നേരത്തേ ബന്ധമുണ്ടോ? എന്റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛൻ 30 വർഷത്തിലേറെയായി കോൺഗ്രസിന്റെ മുളവുകാട് മണ്ഡലം സെക്രട്ടറിയാണ്. സഹോദരൻ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറിയും. ഞാൻ സെയ്ന്റ് ആൽബർട്സ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. കോൺഗ്രസ് കുടുംബാംഗമായ എന്നെ സ്ഥാനാർഥിയായി പരിഗണിച്ചാൽ അതിൽ തെറ്റൊന്നുമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കലാകാരൻ എന്ന നിലയ്ക്ക് ദോഷം ചെയ്യില്ലേ ? ഞാൻ കലാകാരൻ ആവുന്നതിനുമുമ്പേ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയത്തിൽ വന്നാലും കല അവസാനിപ്പിക്കാനാവില്ല. കലാകാരനായതുകൊണ്ടാണ് ഇപ്പോൾ സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്. ഉമ്മൻചാണ്ടിയുമായി അടുത്തിടെ നടത്തിയ കൂടികാഴ്ചകൾ സ്ഥാനാർഥിയാകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണോ? മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി അടുത്തിടെ നാലുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹവുമായി നേരത്തേ പരിചയമുണ്ട്. അല്ലാതെ സ്ഥാനാർഥിത്വത്തിനുവേണ്ടിയായിരുന്നില്ല അത്. ഇതുവരെ കോൺഗ്രസിൽനിന്ന് ഔദ്യോഗികമായി ആരും മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാൻ അങ്ങോട്ടും സീറ്റ് ആവശ്യപ്പെട്ടില്ല. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഞാൻ പ്രചാരണരംഗത്ത് തീർച്ചയായും ഉണ്ടാവും. മത്സരിച്ച് പരാജയപ്പെട്ടാൽ അത് കലാജീവിതത്തെ ബാധിക്കുമോ ? എനിക്ക് രാഷ്ട്രീയം തമാശയല്ല. ഉപജീവനമാർഗവുമല്ല. കലാകാരൻ രാഷ്ട്രപതിയായാലും സമയമാവുമ്പോൾ സ്റ്റേജിൽ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തോൽക്കാനാണെങ്കിലും പൊരുതാൻ തയ്യാറാണ്. Content Highlights: Kerala Assembly Election, dharmajan bolgatty
from mathrubhumi.latestnews.rssfeed https://ift.tt/3a9clx5
via
IFTTT
No comments:
Post a Comment