വോട്ടിലാണ് വിശ്വാസം; ശബരിമല സ്ത്രീപ്രവേശവിവാദം കത്തിപ്പടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 9, 2021

വോട്ടിലാണ് വിശ്വാസം; ശബരിമല സ്ത്രീപ്രവേശവിവാദം കത്തിപ്പടരുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുമ്പോൾ ഒരിക്കൽക്കൂടി ശബരിമലയിലെ സ്ത്രീപ്രവേശവിവാദം കത്തിപ്പടരുകയാണ്. ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞവർഷം പുറപ്പെട്ട ഇടതുമുന്നണി സർക്കാരിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വലിയ ആഘാതമായിരുന്നു. അതിന്റെ ഗുണഭോക്താക്കൾ ഏറെയും യു.ഡി.എഫ്. ആയിരുന്നു. ശബരിമല വിഷയം വീണ്ടും ചർച്ചകളിൽ കൊണ്ടുവന്ന് വിശ്വാസികളെ ആകർഷിക്കാൻ യു.ഡി.എഫ്. നടത്തുന്ന ശ്രമങ്ങളാകട്ടെ അതിനെ മറ്റൊരു വിവാദത്തിലേക്ക് നയിക്കുകയാണ്. ആവശ്യമായിവന്നാൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നൽകുമെന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനയും പിന്നാലെ എത്തിയ തിരുത്തും അദ്ദേഹത്തിന്റെമാത്രം ആശയക്കുഴപ്പമായി പലരും കരുതുന്നില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിന് അകത്തെ പ്രതിസന്ധിയാണ് വെളിപ്പെടുന്നതെന്നാണ് പൊതുനിഗമനം. യു.ഡി.എഫ്. നേതൃത്വം തുടങ്ങിവെച്ച വിവാദത്തിൽ ആദ്യം മൗനംപാലിച്ച സി.പി.എമ്മിനെ അവർ വിഷയത്തിലേക്ക് വലിച്ചിടുകയായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലെ വിശ്വാസികളുടെ വിശ്വാസം ആർജിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന യജ്ഞത്തിന്റെ പുതിയ ഘട്ടമാണിതെന്ന് വ്യക്തം. ലോക്സഭ ആവർത്തിക്കാൻ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച വിവാദമായിരുന്നു പ്രചാരണരംഗത്തെ സജീവമാക്കി നിർത്തിയ ഒരു ഘടകം. പ്രതിഷേധസമരങ്ങളിൽ സംഘപരിവാർ സംഘടനകൾ മുന്നിൽനിന്നെങ്കിലും ഗുണംകിട്ടിയത് കോൺഗ്രസ് മുന്നണിക്കായിരുന്നു. ഇത്തവണയും അതേവിഷയം സമർഥമായി കൈകാര്യംചെയ്യാനുറച്ചായിരുന്നു കോൺഗ്രസിന്റെ നീക്കങ്ങൾ. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സത്യവാങ്മൂലം തിരുത്തി പുതിയത് നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. എന്നാൽ, അതിൽ പ്രതികരിക്കാതിരിക്കാനായിരുന്നു സർക്കാരും ഇടതുമുന്നണി നേതൃത്വവും ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയുടെ ഉദ്ഘാടനവേളയിൽ വീണ്ടും ഉമ്മൻചാണ്ടി ഈ വിഷയം പുറത്തെടുത്തു. യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഇതിനായി പുതിയ നിയമനിർമാണം നടത്തുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം. അപ്പോഴും ഇത് ചർച്ചയാക്കേണ്ടതില്ലെന്നായിരുന്നു സി.പി.എമ്മിന്റെ ആദ്യനിലപാടെങ്കിലും നിയമം പ്രായോഗികമല്ലെന്ന് പിന്നീട് മുഖ്യമന്ത്രിതന്നെ പ്രതികരിച്ചു. തുടർന്ന് യു.ഡി.എഫ്. അവർ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിട്ടതോടെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും അതിൽ പ്രതികരിക്കേണ്ട അവസ്ഥയായി. ബി.ജെ.പി.യാകട്ടെ ഒരു പടികൂടി മുന്നിൽക്കടന്ന് എല്ലാ ക്ഷേത്രങ്ങളും വിശ്വാസികൾക്ക് കൈമാറാനുതകുന്ന രീതിയിലുള്ള നിയമനിർമാണത്തെക്കുറിച്ചാണ് പറഞ്ഞത്. രാഷ്ട്രീയക്കാർ ഭരിക്കുന്ന ദേവസ്വംബോർഡുകളുടെ പ്രസക്തിയെയും ബി.ജെ.പി. ചോദ്യംചെയ്തു. ഇതിനിടയിലാണ് എം.എ. ബേബി മാതൃഭൂമി ന്യൂസിലൂടെ പുതിയ സത്യവാങ്മൂലത്തിന്റെ കാര്യം പറഞ്ഞത്. അധികം വൈകാതെതന്നെ ഇത് പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ് ബേബിയുടെ തിരുത്തുമെത്തി. ശബരിമല വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ സർക്കാർ സംവിധാനങ്ങളെയും തുടർന്ന് സി.പി.എം. മുൻകൈയെടുത്തു നടത്തിയ നവോത്ഥാന മതിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും നേരെ വിപരീതമായാണ് പാർട്ടി ഇപ്പോൾ ചിന്തിക്കുന്നതെന്നൊരു തോന്നൽ പെട്ടെന്നുതന്നെ പ്രചരിക്കാൻ ഈ നടപടി കാരണമായി. നേരത്തേ മുസ്ലിംലീഗിനെ, വർഗീയശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നുവെന്ന് ആക്ഷേപിച്ച് ഒറ്റപ്പെടുത്തി മുസ്ലിംവോട്ടുകൾ ആകർഷിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം യു.ഡി.എഫിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ബി.ജെ.പി. ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നത്. മത, സാമുദായിക വോട്ടുകൾ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പുരംഗം സജീവമാകുന്നുവെന്നാണ് ഇപ്പോഴത്തെ ചർച്ചകളും വിവാദങ്ങളും വിരൽചൂണ്ടുന്നത്. Content Highlights: Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3tHZ7zg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages