ദുബായ്: കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. കുവൈത്തിൽ വിദേശികൾക്ക് താത്കാലിക പ്രവേശനവിലക്കേർപ്പെടുത്തി. ഞായറാഴ്ചമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാൽ ഫാർമസി, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. ഡെലിവറി സർവീസുകളാകാം. കുവൈത്തിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. കോവിഷീൽഡ് വാക്സിന്റെ രണ്ടുലക്ഷം ഡോസ് തിങ്കളാഴ്ച കുവൈത്തിൽ എത്തിച്ചു. ഏപ്രിലോടുകൂടി മൂന്നുലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഫൈസർ ബയോൻടെക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാരെന്നത് അനിശ്ചിതകാലത്തേക്ക് തുടരും. സൗദിയിൽ ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാ പരിപാടികൾക്കും ആഭ്യന്തരമന്ത്രാലയം താത്കാലിക വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച രാത്രി പത്തുമുതലാണ് പുതിയ നിയന്ത്രണം. വിവാഹപ്പാർട്ടികൾക്ക് ഒരുമാസവും വിനോദപരിപാടികൾക്ക് 10 ദിവസവുമാണ് വിലക്കേർപ്പെടുത്തിയത്. സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും പ്രവർത്തിക്കുന്ന ഗെയിം സെന്ററുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും നിർദേശം നൽകി. ഹോട്ടലുകളിൽ നടക്കുന്ന കോർപ്പറേറ്റ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും ഒരുമാസം വിലക്കുണ്ട്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നാണ് വിവരം. പൊതുചടങ്ങുകളിൽ അടുത്ത 10 ദിവസത്തേക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യ, യു.എ.ഇ. അടക്കം 20 രാജ്യങ്ങളിൽനിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽനിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് പ്രവേശിക്കാം. മക്ക, മദീന ഹറമുകളിൽ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശാരീരിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ പിഴചുമത്തും. അടുത്തിടെ ഒട്ടേറെ കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് യു.എ.ഇ.യിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഫെബ്രുവരി 28 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകൾ 70 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ. ബാറുകൾ, പബ്ബുകൾ എന്നിവ താത്കാലികമായി അടച്ചിരിക്കണമെന്നും ദുബായ് ടൂറിസം കോർപ്പറേറ്റ് സർവീസസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സി.ഇ.ഒ. അഹ്മദ് അൽ ഫലാസി പറഞ്ഞു. ദുബായിലെത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തറിൽ വ്യാഴാഴ്ചമുതൽ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 80 ശതമാനത്തിൽ കൂടുതൽ പേർ പാടില്ല. 20 ശതമാനം പേർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മീറ്റിങ്ങുകളിൽ 15 പേരിൽ കൂടരുത്. പൊതുഗതാഗതസംവിധാനങ്ങളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണമുണ്ട്. സൗദി പ്രവേശനവിലക്ക്: പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ ദുബായ്: ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. സൗദിയിലേക്ക് പോകാൻ യു.എ.ഇ.യിലെത്തിയ മലയാളികളടക്കം ഒട്ടേറെപ്പേരാണ് അപ്രതീക്ഷിത യാത്രാവിലക്കിൽ കുടുങ്ങിയത്. ദുബായിലെത്തി 14 ദിവസത്തോളം ഹോട്ടലുകളിലും മറ്റും താമസിച്ചിരുന്നവരാണ് അനിശ്ചിതത്വത്തിലായത്. ക്വാറന്റീൻ പൂർത്തിയാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയ 600-ലേറെ മലയാളികൾ വിലക്ക് പ്രാബല്യത്തിലാകുന്നതിനു മുമ്പുതന്നെ വിമാനങ്ങളിലും ബസുകളിലുമായി അതിർത്തി കടന്നു. മഹാമാരിയേൽപ്പിച്ച ആഘാതത്തിൽനിന്നു കരകയറാൻ പാടുപെടുമ്പോഴാണ് വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം നിയന്ത്രണങ്ങൾ കടുക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3oQxctp
via
IFTTT
No comments:
Post a Comment