കൊച്ചി: ഒരിടവേളയ്ക്കു ശേഷം മികച്ച ചലച്ചിത്രാനുഭവങ്ങളുടെ കാഴ്ചക്കാലമൊരുക്കി കൊച്ചിയുടെ വെള്ളിത്തിരയിൽ ദൃശ്യങ്ങൾ തെളിയുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാലു മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി പതിപ്പിന് ബുധനാഴ്ച തിരി തെളിയും. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേളയുടെ ഉദ്ഘാടന കർമം ഓൺലൈനായി നിർവഹിക്കും. മുഖ്യ വേദിയായ സരിത തിയേറ്ററിൽ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷനായിരിക്കും. സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യ വേദിയായ സരിത തിയേറ്റർ കോംപ്ളക്സിലാണ് എക്സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കുന്നത്. ഇത്തവണ നാലു മേഖലകളിലായി നടത്തുന്ന മേളയിൽ എല്ലായിടത്തും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെ. പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കമാകുന്നത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം 'ക്വോ വാഡിസ്, ഐഡ'യാണ് ഉദ്ഘാടന ചിത്രം. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് പരിശോധന ഉൾപ്പെടെയുള്ള പ്രോട്ടോക്കോൾ എല്ലാം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തിൽ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറു സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 21 വർഷങ്ങൾക്കു ശേഷമാണ് ഐ.എഫ്.എഫ്.കെ. കൊച്ചിയിലേക്കു തിരിച്ചെത്തുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്ര മേള നടന്നത്. പിന്നീടുള്ള രണ്ട് മേളകളും തിരുവനന്തപുരത്തായിരുന്നു. 1999 ഏപ്രിൽ മൂന്നു മുതൽ 10 വരെയായിരുന്നു കൊച്ചിയിൽ നാലാമത് ഐ.എഫ്.എഫ്.കെ. മേള നടന്നത്. 1998-ൽ ചലച്ചിത്ര അക്കാദമിക്ക് രൂപം നൽകിയതിനു ശേഷം നടക്കുന്ന ആദ്യത്തെ മേളയായിരുന്നു കൊച്ചിയിലേത്. ചലച്ചിത്ര അക്കാദമിയുടെ ആദ്യ മേളയെന്ന മേൽവിലാസത്തിൽ അരങ്ങേറിയ കൊച്ചി പതിപ്പിലാണ് ചലച്ചിത്ര നിർമാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെ.യ്ക്ക് ലഭിച്ചത്. മത്സര വിഭാഗം ആരംഭിച്ചതും കൊച്ചിയിൽ നടന്ന മേളയിലാണ്. Content Highlights:IFFK 2020-2021 International Film Festival Of Kerala, Kochi edition started
from mathrubhumi.latestnews.rssfeed https://ift.tt/3aoUqCQ
via
IFTTT
No comments:
Post a Comment