ഗാന്ധിനഗർ(കോട്ടയം): ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ കാത്തുകിടന്ന മകന് സമീപം അച്ഛന്റെ മൃതദേഹം എത്തിച്ചു. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കായാണ് പാമ്പാടി വെള്ളൂർ കാലായിൽ ഗോകുലിനെ (22) കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. വ്യാഴാഴ്ച പരിശോധനയ്ക്കായി നഴ്സിങ് കൗണ്ടറിന് മുൻപിൽ സ്ട്രച്ചറിൽ കിടക്കുകയായിരുന്ന ഗോകുലിന്റെ സമീപം മറ്റൊരു സ്‌ട്രച്ചറിൽ അച്ഛൻ സജയന്റെ (44) മൃതദേഹം എത്തിക്കുകയായിരുന്നു.തന്റെ സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമാണെന്നറിഞ്ഞ ഗോകുൽ പൊട്ടിക്കരഞ്ഞു. അച്ഛന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷം ഗോകുലിനെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരാഴ്ചമുമ്പാണ് ഗോകുലിന്റെ വലതുകാലിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കായി അമ്മൂമ്മ സാവിത്രിക്കൊപ്പമാണ് ഗോകുൽ അത്യാഹിത വിഭാഗത്തിലെത്തിയത്. ഇൗ സമയത്താണ് മരത്തിൽനിന്ന് വീണുപരിക്കേറ്റ് അച്ഛൻ സജയനെ കൊണ്ടുവന്നത്.മരംവെട്ടുതൊഴിലാളിയാണ് സജയൻ. വ്യാഴാഴ്ച ശസ്ത്രക്രിയ ആയതിനാൽ അച്ഛനോട് ജോലിക്കു പോകേണ്ടെന്ന് ഗോകുൽ പറഞ്ഞിരുന്നു. എങ്കിലും സാമ്പത്തികപ്രശ്നം മൂലമാണ് സജയൻ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.പൂതിരിക്കൽ സുമയാണ് സജയന്റെ ഭാര്യ. ഗോകുലിന്റെ സഹോദരൻ: അഖിൽ. ശവസംസ്കാരം വെള്ളിയാഴ്ച നാലിന് പാമ്പാടി വെള്ളൂര്‍ വടക്ക് 2766-ാം നന്പർ എസ്.എൻ.ഡി.പി. ശാഖായോഗം ശ്മശാനത്തിൽ.
from mathrubhumi.latestnews.rssfeed https://ift.tt/3axI5MD
via
IFTTT
No comments:
Post a Comment