കൊച്ചി: സി.ബി.ഐ. മിന്നൽ റെയ്ഡിൽ കരിപ്പൂർ വിമാനത്താവളത്തിൽ കുരുങ്ങിയത് ഒരു കോടി രൂപയിലേറെ. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും പിടിച്ച പണവും കൃത്യമായ പരിശോധന നടത്താതെ വിട്ട യാത്രക്കാരിൽ നിന്നുള്ള സ്വർണവുമടക്കം ഒരു കോടി രൂപയ്ക്കു മുകളിൽ വരും പിടിച്ചെടുത്തതിന്റെ മൂല്യം. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും മൂന്ന് ലക്ഷം രൂപയോളം വിമാനത്താവളത്തിൽ പിടിച്ചു. ഇതിന് പുറമേ അവരുടെ വീടുകൾ റെയ്ഡ് ചെയ്തതിൽ അഞ്ചുലക്ഷം രൂപയും കണ്ടെടുത്തു.കരിപ്പൂരിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചി സി.ബി.ഐ. ഓഫീസിലെത്താൻ നോട്ടീസ് നൽകും.കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നത് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്ന് പേരുകൾ സഹിതം സി.ബി.ഐ.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിശോധിച്ചതിൽനിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ഇതേസമയംതന്നെ ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്താനുള്ള സി.ബി.ഐ. ആവശ്യത്തെത്തുടർന്ന് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരുടെ വീടുകളിൽ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നുമാത്രമായി എട്ടുലക്ഷം രൂപയിലധികം പിടിച്ചെടുത്തിട്ടുണ്ട്.കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ്റെയ്ഡ് നടന്ന ചൊവ്വാഴ്ച പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സി.ബി.ഐ. നോട്ടീസ് നൽകുക. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് സി.ബി.ഐക്ക് മുന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തേണ്ടി വരും. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി നേരത്തേതന്നെ ആരോപണമുള്ളതാണ്. സ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റിയാണ് പരിശോധനയിൽ നിന്നും ഒഴിവാക്കിവിടുകയോ സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കുകയോ ചെയ്യുന്നത്. ഈ രീതിയിൽ ലഭിച്ച പണമാണിതെന്നാണ് സി.ബി.ഐ. കരുതുന്നത്. കളങ്കിതർക്കുവേണ്ടി കസ്റ്റംസിൽ ഉൾപ്പോര്കരിപ്പൂരിലെ കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യറിപ്പോർട്ട് നടപ്പാക്കാതിരുന്നത് സി.ബി.ഐ. റെയ്ഡിനിടെ കസ്റ്റംസിന് തിരിച്ചടിയായി. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്റലിജൻസ് ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡോ. എൻ.എസ്. രാജിയാണ് ആറുമാസം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ റിപ്പോർട്ട് ശരിവെച്ച്, കസ്റ്റംസ് ചീഫ് കമ്മിഷണർക്ക് നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരെ തത്കാലം മാറ്റേണ്ടെന്ന് ചീഫ് കമ്മിഷണർ ഓഫീസ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂരിൽ സി.ബി.ഐ. കേസെടുത്തതിൽ ഈ മൂന്നു പേരിൽ ഒരാൾ ഉൾപ്പെടുന്നതായാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/3sqKX4L
via
IFTTT
No comments:
Post a Comment