തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോർട്ടിന്റെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ ഭരണപ്രതിപക്ഷ വാക്‌പോര്. റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുമ്പ് സി.എ.ജി. നടത്തിയ എക്സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ധനസെക്രട്ടറി ഒഴികെയുള്ള ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത എക്സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും അതു ഹാജരാക്കാമെന്നും പ്രമേയം അവതരിപ്പിച്ച വി.ഡി. സതീശന്റെ വെല്ലുവിളി. കിഫ്ബി മസാല ബോണ്ടിറക്കി വിദേശവായ്പയെടുത്തതിൽ ചട്ടലംഘനം കണ്ടെത്തിയതിനാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.തപാൽരേഖകൾ പരിശോധിച്ചപ്പോൾ അങ്ങനെയൊരു മിനിറ്റ്‌സ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞ മന്ത്രി, വി.ഡി. സതീശനത് എവിടുന്നു കിട്ടിയെന്നു ചോദിച്ചു. സി.എ.ജി. ധനവകുപ്പിന് അയച്ച മിനിറ്റ്‌സ് ഹാജരാക്കാമെന്നു പറഞ്ഞ സതീശൻ, ഗവർണറെയും നിയമസഭയെയും മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ തനിക്കിതു കിട്ടാവുന്നതേയുള്ളൂവെന്നും സതീശൻ പറഞ്ഞു. റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമായി എഴുതിയുണ്ടാക്കിയെന്നു മന്ത്രി പറയുന്നത് തെറ്റിനെ ന്യായീകരിക്കാനും രാഷ്ട്രീയ വിഷയമാക്കാനുമുള്ള തന്ത്രമാണെന്നു സതീശൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയഗുണം ആർക്കെന്ന ആശങ്കയിലുണ്ടായ രോഗമാണ് പ്രതിപക്ഷത്തിനെന്നു പരിഹസിച്ച മന്ത്രി സി.എ.ജി. റിപ്പോർട്ടിൽ സാധാരണ കാണാറുള്ള ശൈലിയാണോ ഇതിലെന്നു ചോദിച്ചു. എവിടുന്നോ എഴുതിയുണ്ടാക്കിയ മൂന്നുപേജ് തിരുകിക്കയറ്റി. ഇതിലും വലയ അനാദരവ് ഒരുഭരണഘടനാ സ്ഥാപനം കാട്ടുമോ? ബോഡി കോർപ്പറേറ്റ് സ്ഥാപനമെന്ന നിലയിൽ കിഫ്ബിക്ക് വായ്പയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വായ്പയെടുക്കുന്നതിനെപ്പറ്റി ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കും അഭിപ്രായം പറയാം. എന്നാൽ ചർച്ചചെയ്തു ഏകകണ്ഠമായാണ് തീരുമാനിക്കുന്നത്. മാർച്ചോടെ 12,000 കോടിരൂപയാണ് കിഫ്ബിവഴി നൽകുന്നതെന്നു പറഞ്ഞ മന്ത്രി റിപ്പോർട്ടിനെതിരേ വിമർശനം ആവർത്തിച്ചു. ആരോപണങ്ങൾക്കു വ്യക്തമായി മറുപടി പറയാതെ നഗ്നമായ ചട്ടലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണക്കുനോക്കാൻ വരുന്നവർ അതുപരിശോധിച്ച് പോകണമെന്നും അപമാനിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും എം. സ്വരാജ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനമാണ് സർക്കാർ ചെയ്തതെങ്കിൽ ആ സർക്കാർ ഇപ്പോൾ ബാക്കിയുണ്ടാകുമോയെന്ന് ജയിംസ് മാത്യു ചോദിച്ചു. ധനമന്ത്രിയുടെ തെറ്റായ നടപടികളെയാണ് എ.ജി. ചോദ്യം ചെയ്തതെന്ന് മോൻസ് ജോസഫും കിഫ്ബി മസാല ബോണ്ട് വഴി ഹവാല റിവേഴ്‌സ് ഹവാല ഇടപാടിന് വഴിവെക്കുന്നുണ്ടോയെന്നു സംശയിക്കണമെന്നു വി.ടി. ബൽറാമും പറഞ്ഞു. എം. ഉമ്മർ, മുല്ലക്കര രത്‌നാകരൻ, സി.കെ. നാണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.അടിയന്തരപ്രമേയത്തിൽ ചർച്ചയാകാമെന്നു മന്ത്രി പറഞ്ഞതോടെ 12-ന് ആരംഭിച്ച ചർച്ച രണ്ടുമണിക്കൂർ നീണ്ടു. അടിയന്തര പ്രമേയത്തിൽ ചർച്ച അനുവദിക്കുന്നത് അപൂർവമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3sMp0xw
via
IFTTT
No comments:
Post a Comment