ഹരിപ്പാട്: വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ ഒരാൾക്കു വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടർ തിരിച്ചറിയൽകാർഡിന്റെ നമ്പർ നിർബന്ധം. റിലേഷൻ ഐ.ഡി. എന്നാണ് ഇതറിയപ്പെടുന്നത്. വോട്ടർ കാർഡിന്റെ പകർപ്പ് ആവശ്യമില്ല. നമ്പർമാത്രം മതി. ജനുവരി 20-ന് ഈ വർഷത്തേക്കുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31- വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ (എൻ.വി.എസ്.പി.) ഓൺലൈനായി അപേക്ഷിക്കുമ്പോൾ റിലേഷൻ ഐ.ഡി. ചോദിക്കുന്നുണ്ട്. അതു കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും അപേക്ഷ സ്വീകരിക്കും. എന്നാൽ, അപേക്ഷകൾ ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽനിന്ന് നേരിട്ടുള്ള പരിശോധയ്ക്കായി ബൂത്ത് ലെവൽ ഓഫീസർമാർക്കു കൈമാറണമെങ്കിൽ റിലേഷൻ ഐ.ഡി. നിർബന്ധമാണ്. ഏതു ബൂത്തിലാണ് ആ വോട്ടറെ ഉൾപ്പെടുത്തുന്നതെന്നു തിരിച്ചറിയാനാണിത്. ഈ വിവരം ചേർക്കാതെ പേരുചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവർ താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പുവിഭാഗത്തിൽ റിലേഷൻ ഐ.ഡി. നൽകണം. അപേക്ഷകനു നേരിട്ടോ ആരെയെങ്കിലും ചുമതലപ്പെടുത്തിയോ വിവരം നൽകാം. ഇതിനായി അപേക്ഷകർക്ക് എസ്.എം.എസ്. അയക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷംപേരും പ്രതികരിക്കുന്നില്ലെന്നാണു തിരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പ്രശ്നം പോർട്ടൽമാറ്റംസി.ഇ.ഒ. കേരള എന്ന കേരളത്തിലെ പോർട്ടലിലായിരുന്നു നേരത്തെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, ഇത്തവണമുതൽ എൻ.വി.എസ്.പി. എന്ന ദേശീയ പോർട്ടലിലേക്കുമാറ്റി. ഇടയ്ക്ക് സൈറ്റ് തകരാർ കാരണം അപേക്ഷിക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോൾ പ്രശ്നംപരിഹരിച്ചിട്ടുണ്ട്. കേരളത്തിലെ പോർട്ടലിൽ അപേക്ഷിക്കുമ്പോൾ റിലേഷൻ ഐ.ഡി. കൃത്യമായി നൽകിയാലേ ഓൺലൈനായി അപേക്ഷ സ്വീകരിക്കാറുള്ളായിരുന്നു. തിരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥർക്ക് ആവശ്യമെങ്കിൽ വോട്ടറുടെ ബൂത്തു തിരഞ്ഞെടുക്കാനും കഴിയുമായിരുന്നു. എന്നാൽ, അപേക്ഷ സ്വീകരിക്കൽ എൻ.വി.എസ്.പി.യിലേക്കു മാറ്റിയപ്പോൾ ബൂത്തു തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇല്ലാതായി. ഇനിയും അപേക്ഷിക്കാം 2003 ജനുവരി ഒന്നുവരെ ജനിച്ചവർക്ക് എൻ.വി.എസ്.പി. പോർട്ടലിൽ ഇനിയും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപ്പത്രിക സമർപ്പിക്കുന്നതിനു 10 ദിവസം മുൻപുവരെ ഇങ്ങനെ അപേക്ഷിക്കാം. ഇവരെ ഉൾപ്പെടുത്തി വോട്ടെടുപ്പിനു തൊട്ടുമുൻപ് സപ്ലിമെന്ററി വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടർപ്പട്ടികയിൽ പേരുചേർത്തവർ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്കുള്ള പട്ടികയിൽ സ്വയമേ ഉൾപ്പെടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവർ അപേക്ഷിക്കേണ്ടതില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Xey1AR
via
IFTTT
No comments:
Post a Comment