കോട്ടയം: നാലരവർഷമായി പ്രവർത്തകർ കാത്തിരുന്നത് ഈനിമിഷത്തിനാണ്. അവർക്കേറെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി ചുമതലകളേറ്റെടുത്ത് മടങ്ങിവരുന്ന നിമിഷത്തിന്. എന്നും കോട്ടയത്തെ കോൺഗ്രസിന്റെ അവസാനവാക്ക് ഉമ്മൻചാണ്ടിയാണെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം അമരക്കാരനാകണമെന്നതാണ് ഇവിടത്തെ പ്രവർത്തകരുടെ ആഗ്രഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതലക്കാരനായി നിയോഗിക്കപ്പെട്ട ഉമ്മൻചാണ്ടി ന്യൂഡൽഹിയിൽനിന്ന് സ്വന്തം മണ്ണായ കോട്ടയത്തേക്ക് മടങ്ങിയെത്തിയപ്പോൾ അണികൾക്ക് ആവേശനിമിഷം. കോട്ടയം ഡി.സി.സി. വീണ്ടും ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞു. രാവിലെ കോട്ടയത്തെത്തിയ അദ്ദേഹം സ്വന്തം മണ്ഡലത്തിലേക്കായിരുന്നു ആദ്യയാത്ര. അന്തരിച്ച പാമ്പാടി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റിന്റെ വീട്ടിലെത്തിയശേഷം ടൗണിലേക്ക് മടക്കം. രാവിലെ മുതൽ ഡി.സി.സി.ക്ക് മുൻപിൽ നേതാക്കളും പ്രവർത്തകരും കാത്തുനിന്നിരുന്നു. സ്വീകരണം ഏറ്റുവാങ്ങി തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലേക്ക് അദ്ദേഹം കയറി. എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസയുടെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ചെറിയ പ്രഭാഷണം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുതിർന്ന നേതാക്കളുമായി സംസാരിച്ച് മടക്കയാത്ര തുടങ്ങി. ഒാരോ പടികളിലായി കാത്തുനിന്നിരുന്നവരുടെ വാക്കുകൾ കേട്ടുകേട്ട് ഇറക്കം. ഡി.സി.സി.കളിൽ അഴിച്ചുപണിയെന്ന് കേൾക്കുന്നതിനാൽ അക്കാര്യത്തിൽ സംശയം ചോദിക്കുന്നവരുമുണ്ടായി. നോക്കാമെന്നും കാത്തിരിക്കാമെന്നുമൊക്കെപ്പറഞ്ഞ്, ആശ്വസിപ്പിച്ച് മറുപടികൾ. പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്, കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുമായി അല്പനേരം സംസാരിച്ചിട്ട് നേരേ മാധ്യമങ്ങളെ കാണാനെത്തി. കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലൊന്നിൽ മൽസരിക്കുമെന്ന് കേൾക്കുന്ന കെ.സി.ജോസഫ് എം.എൽ.എ.യുമായി ആൾക്കൂട്ടത്തിൽതന്നെ സ്വകാര്യം പറഞ്ഞ് അദ്ദേഹം ഒാഫീസിന് പുറത്തെത്തി. യു.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കുന്ന നേതാക്കളുമായി അദ്ദേഹം ഫോണിൽ ആശയവിനിമയം നടത്തി. പുതിയ സ്ഥാനം: എല്ലാം എ.ഐ.സി.സി. പറയുമെന്ന് ഉമ്മൻചാണ്ടി കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലക്കാരനായി നിശ്ചയിക്കപ്പെട്ടതിനെക്കുറിച്ച് എ.ഐ.സി.സി.തന്നെ പറയുമെന്ന് ഉമ്മൻചാണ്ടി. പുതിയ പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിയോടെ ഒഴിഞ്ഞുമാറിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽനിന്ന് കരകയറാനുള്ള മാർഗങ്ങൾ എ.ഐ.സി.സി. നിർദേശിക്കും. എല്ലാ ജനവിഭാഗങ്ങളുമായും നല്ല ബന്ധമാണ് കോൺഗ്രസിനുള്ളതെന്നും അത് തുടർന്നും നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2KxXbrm
via
IFTTT
No comments:
Post a Comment