കൊച്ചി: രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. വിവിധ റെയിൽവേ ഡിവിഷനുകളിൽനിന്നുള്ള 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളുടെ പട്ടികയാണ് തയ്യാറായത്. ഇതിൽ നാല് വണ്ടികൾ ചെന്നൈ ക്ലസ്റ്ററിന് കീഴിൽ വരുന്ന കേരളത്തിലാണ്. മൂന്നെണ്ണം കേരളത്തിൽനിന്നുതന്നെ സർവീസ് തുടങ്ങുന്നതാണ്. കൊച്ചുവേളി-ലുംഡിങ് (അസം), കൊച്ചുവേളി-എറണാകുളം, എറണാകുളം-കന്യാകുമാരി, ചെന്നൈ-മംഗലാപുരം എന്നിവയാണ് നാല് വണ്ടികൾ. ഇതിൽ കന്യാകുമാരി-എറണാകുളം ദിവസേനയുള്ള തീവണ്ടിയാണ്. ബാക്കിയുള്ളവ ആഴ്ചയിൽ ഒന്നും മൂന്നും തവണമാത്രം സർവീസ് നടത്തുന്നവയാണ്. സ്റ്റോപ്പുകൾ കുറവാണ്. സമയക്രമംവരെ നിശ്ചയിച്ചതിനാൽ ഇവ വൈകാതെ ഓടിത്തുടങ്ങും. തീവണ്ടി സ്വകാര്യവത്കരണത്തിലൂടെ 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം റെയിൽവേ പ്രതീക്ഷിക്കുന്നു. ഡൽഹി-ലഖ്നൗ, അഹമ്മദാബാദ്-മുംബൈ തുടങ്ങിയവയാണ് പരീക്ഷണാർഥത്തിൽ സ്വകാര്യവത്കരിച്ച തീവണ്ടികൾ. ഇവ ലാഭകരമായി ഓടുന്നു എന്ന് വ്യക്തമായതോടെ റെയിൽമേഖലയെ 12 ക്ലസ്റ്ററുകളാക്കി തിരിച്ച് സ്വകാര്യ തീവണ്ടികളോടിക്കേണ്ട റൂട്ടുകൾ കണ്ടെത്തി. ഇത്തരത്തിലാണ് 152 തീവണ്ടികളുടെ പട്ടിക തയ്യാറായിരിക്കുന്നത്. ചെന്നൈ ക്ലസ്റ്ററിൽ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്. കൊച്ചുവേളിയിൽനിന്ന് അസമിലെ ലുംഡിങ്ങിലേക്കുള്ള തീവണ്ടി ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നും പുറപ്പെടും. തിരികെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലുംഡിങ്ങിൽനിന്നും പുറപ്പെടും. കൊച്ചുവേളിക്കും ലുംഡിങ്ങിനുമിടയിൽ 18 സ്റ്റോപ്പുകൾ മാത്രം. ഗുവാഹാട്ടിക്ക് ശേഷമുള്ള പ്രധാന സ്റ്റേഷനാണ് ലുംഡിങ്. കൊച്ചുവേളി-എറണാകുളം തീവണ്ടി ആഴ്ചയിൽ മൂന്ന് ദിവസമാണ്. കൊച്ചുവേളിയിൽനിന്നും ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രി 7.50-ന് പുറപ്പെട്ട് 11.30-ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്നും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 6.45-ന് പുറപ്പെട്ട് 10.25-ന് കൊച്ചുവേളിയിലെത്തും. ഇതിനിടയിൽ കൊല്ലം, കോട്ടയം എന്നീ രണ്ടു സ്റ്റോപ്പുകൾമാത്രം. കന്യാകുമാരി-എറണാകുളം തീവണ്ടി ദിവസേന രാവിലെ ആറു മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് 12-ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ദിവസവും ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 8.30-ന് കന്യാകുമാരിയിൽ എത്തും. നാല് സ്റ്റോപ്പുകൾ മാത്രം. കൊല്ലവും കോട്ടയവുമാണ് കേരളത്തിനുള്ളിലെ സ്റ്റോപ്പുകൾ. ചെന്നൈ-മംഗലാപുരം തീവണ്ടിയും എല്ലാ ചൊവ്വാഴ്ചയും ചെന്നൈയിൽനിന്നും രാത്രി 7.10-ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 3.50-ന് മംഗലാപുരത്ത് എത്തും. മംഗലാപുരത്തുനിന്ന് എല്ലാ ബുധനാഴ്ചയും വൈകീട്ട് 5.05-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30-ന് ചെന്നൈയിലെത്തും. എട്ട് സ്റ്റോപ്പുകൾ മാത്രമാണ് തീവണ്ടിക്ക്. പാലക്കാടും കോഴിക്കോടും ഇതിൽ ഉൾപ്പെടും. Content Highlights: Four private trains in Kerala
from mathrubhumi.latestnews.rssfeed https://ift.tt/3oq9dli
via
IFTTT
No comments:
Post a Comment