ബെംഗളൂരു : സ്കൂൾകാലം മുതൽക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു കഴിഞ്ഞദിവസം ധാർവാഡിൽ വാഹനാപകടത്തിൽ മരിച്ച യുവതികൾ. അടുത്തിടെ പൂർവവിദ്യാർഥികൾ ഒത്തുകൂടിയപ്പോഴാണ് ഗോവയ്ക്ക് വിനോദയാത്ര പോകാൻ പദ്ധതിയിട്ടത്. ഇവരിൽ പലരും ദാവൻഗെരെയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദാവൻഗെരെയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ, ഇവർ സഞ്ചരിച്ച മിനി ബസ് ടിപ്പറുമായി കൂട്ടിയിടിച്ചതോടെ വിനോദയാത്ര ദുരന്തയാത്രയായി മാറുകയായിരുന്നു. രാവിലെ ധാർവാഡിലെ സുഹൃത്ത് ഒരുക്കിവെച്ച പ്രഭാതഭക്ഷണം കഴിച്ച് സുഹൃത്തിനെയും കൂട്ടി ഗോവയിലേക്കു പോകാനായിരുന്നു പദ്ധതി. ദാവണഗരെയിൽ നിന്ന് പുറപ്പെടുന്നതിനുമുമ്പ് യുവതികളിലൊരാളെടുത്ത സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഗോ ഗോവ വിത്ത് സ്കൂൾ ബഡ്ഡീസ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം യുവതി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നാല് ഡോക്ടർമാരടക്കം 13 പേർ മരിച്ചു ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ധാർവാഡിൽ ഒന്നിച്ചുപഠിച്ച യുവതികളുടെ വിനോദയാത്രാ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് ഡോക്ടർമാരുൾപ്പെടെ 13 പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ധാർവാഡ് സിറ്റിയിൽനിന്ന് എട്ടുകിലോമീറ്റർ മാറി ഇറ്റിഗട്ടി ഗ്രാമത്തിൽ ഹുബ്ബള്ളി-ധാർവാഡ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ദാവണഗെരെയിലെ വനിതാ ക്ലബ്ബിലെ അംഗങ്ങളായ യുവതികൾ അവധിയാഘോഷിക്കാൻ ഗോവയിലേക്കു പോവുകയായിരുന്നു. ഇവർ സഞ്ചരിച്ച മിനി ബസ് എതിർദിശയിൽ ബെലഗാവിയിൽനിന്നു മണൽ കയറ്റിവന്ന ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ തകർന്ന മിനി ബസ് മിനി ബസിന്റെ ഡ്രൈവറും വനിതകളുമാണ് മരിച്ചത്. ബി.ജെ.പി. മുൻ എം.എൽ.എ. ഗുരുസിദ്ധന ഗൗഡയുടെ മരുമകളും അപകടത്തിൽ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദാവണഗെരെ സെയ്ന്റ് പോൾസ് സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ നാലുപേർ ഡോക്ടർമാരും മറ്റുള്ളവർ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുമാണ്. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഘം ദാവണഗെരെയിൽനിന്ന് പുറപ്പെട്ടത്. ധാർവാഡിൽ സുഹൃത്തിന്റെ വീട്ടിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം ഗോവയ്ക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വാഹനം പൂർണമായി തകർന്നതിനാൽ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ധാർവാഡ് റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Content Highlights: 13 killed in Dharwad road accident as minibus collides with truck
from mathrubhumi.latestnews.rssfeed https://ift.tt/3qo5Hs1
via
IFTTT
No comments:
Post a Comment