തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷൻ ഇനിയുംകൂട്ടും. നെല്ലിനും തേങ്ങയ്ക്കുമുള്ള താങ്ങുവില വർധിപ്പിക്കും. വിലസ്ഥിരതാ പരിപാടിയുടെ ഭാഗമായി റബ്ബറിന് സബ്‌സിഡി കൂട്ടും. സംസ്ഥാന ബജറ്റിലെ സൂചനകൾ ഇങ്ങനെ. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന്റെ അവസാന ഒരുക്കങ്ങളിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്. തദ്ദേശതിരഞ്ഞെടുപ്പിനുശേഷം ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1500 രൂപയാക്കിയിരുന്നു. ഇനിയും നൂറുരൂപകൂടി കൂട്ടാനാണ് സാധ്യത. തിരഞ്ഞെടുപ്പിനെ നേരിടുന്ന സർക്കാർ എല്ലാ വിഭാഗക്കാരെയും പ്രീതിപ്പെടുത്താനുള്ള ക്ഷേമപദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കും. പ്രവാസികൾക്കുള്ള പെൻഷനും വർധിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതി വിപുലപ്പെടുത്തും. കേരളത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്കായിരിക്കും ബജറ്റിൽ മുൻഗണന. കോവിഡ് സാഹചര്യത്തെ അവസരമാക്കി സാമ്പ്രദായികരീതിയിൽ അല്ലാതെ എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നൂതനാശയമായിരിക്കും പ്രഖ്യാപിക്കുന്നത്. ഇത്തവണ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും ചർച്ചാവിഷയമാകുന്നത് ഈ തൊഴിൽ പദ്ധതികളായിരിക്കുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നെല്ലിന് കേന്ദ്രം പ്രഖ്യാപിച്ചതിനെക്കാൾ 9.23 രൂപ അധികം നൽകിയാണ് കേരളം സംഭരിക്കുന്നത്. സംസ്ഥാനവിഹിതം ഇനിയും വർധിപ്പിക്കും. റബ്ബറിന് 150 രൂപയാണ് ഇപ്പോൾ അടിസ്ഥാനവില. ഇതും വിപണിവിലയും തമ്മിലുള്ള അന്തരമാണ് സർക്കാർ സബ്‌സിഡിയായി കർഷകന് നൽകുന്നത്. അടിസ്ഥാനവില വർധിപ്പിക്കും. അതോടെ വിപണിവിലയും അടിസ്ഥാനവിലയും തമ്മിലുള്ള അന്തരം വർധിപ്പിക്കും. ഈ തുക സർക്കാർ സബ്‌സിഡിയായി നൽകും. ജി.എസ്.ടി. വരുന്നതിനുമുമ്പുള്ള നികുതി കുടിശ്ശികയ്ക്കായി സർക്കാർ ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ഈ സ്‌കീം ഇനിയും നീട്ടാൻ സാധ്യതയുണ്ട്. കിഫ്ബി ഇനിയും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കില്ല. ഇപ്പോൾ അനുവദിച്ച 56,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാകാൻ അഞ്ചുമുതൽ എട്ടുവർഷംവരെ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. അവയുടെ പണമെല്ലാം കൊടുത്തശേഷമേ കിഫ്ബിക്ക് കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനാവൂ.
from mathrubhumi.latestnews.rssfeed https://ift.tt/3i64Ut5
via
IFTTT
No comments:
Post a Comment