മാങ്കുളം: പ്രളയാനന്തര പുനർനിർമാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ച 77 റോഡ് പ്രവൃത്തികളിൽ ഒന്നിനുപോലും ഇതുവരെ ടെൻഡർ ആയില്ല. രണ്ടു വർഷത്തിനിടെ 15 പ്രവൃത്തികൾക്ക് മാത്രമാണ് വിശദമായ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ.) ആയത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് ടെൻഡർ ആയില്ലെങ്കിൽ പദ്ധതി ഇനിയും വൈകും.റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഇടുക്കി-30, പത്തനംതിട്ട-25, വയനാട്-22 എന്നിങ്ങനെയുള്ള റോഡ് പ്രവൃത്തികളാണ് സർക്കാർ പ്രഖ്യാപിച്ചത്. 2018-ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം ആണ് ഇതിൽ ഏറ്റെടുത്തത്. പ്രളയത്തിലും മണ്ണിടിച്ചിലിലും തകരാത്തവിധത്തിൽ മികച്ച റോഡ് നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. വയനാട് ജില്ലയിലെ പത്ത് പ്രവൃത്തികൾക്കും പത്തനംതിട്ടയിലെ അഞ്ച് പ്രവൃത്തികളുടെയും ഡി.പി.ആർ. ജനുവരി 14-ന് നടന്ന സാങ്കേതിക സമിതിയിലാണ് പാസാക്കിയത്. ഇടുക്കി ജില്ലയിലെ ആറു പ്രവൃത്തികളുടെ ഡി.പി.ആർ. അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിയിരിക്കുന്നു. ഡി.പി.ആർ. അംഗീകരിച്ചശേഷം സാങ്കേതിക അനുമതി കിട്ടിയാൽ മാത്രമേ ടെൻഡർ വിളിക്കാൻ കഴിയുകയുള്ളൂ.ആകെയുള്ള 77 പ്രവൃത്തികളിൽ 21 എണ്ണത്തിന് മാത്രമാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ നടപടികൾ തുടങ്ങിയത്. ഈ പ്രവൃത്തികളുടെ ടെൻഡർ വിളിച്ച ശേഷമേ മറ്റു പ്രവൃത്തികളുടെ കാര്യത്തിൽ നടപടി ഉണ്ടാകൂ എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് 21 പ്രവൃത്തികൾക്ക് ടെൻഡർ വിളിക്കുമെന്ന് അധികൃതർ പറയുന്നു. പക്ഷേ, ഇത് നടപ്പാകുമോ എന്നതിൽ സംശയമുണ്ട്. അടുത്ത സാങ്കേതികസമിതി യോഗം 25-ന് ചേരുന്നുണ്ട്.നിലവിൽ ഡി.പി.ആർ. തയ്യാറായ 15 പ്രവൃത്തികൾക്ക് അന്ന് സാങ്കേതിക അനുമതി കിട്ടിയാൽ ഫെബ്രുവരി ആദ്യം ടെൻഡർ വിളിക്കാം. ഇതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ എല്ലാം തടസ്സപ്പെടും. പിന്നെ, പുതിയ സർക്കാർ വന്നശേഷമേ തുടർനടപടികൾ ഉണ്ടാകൂ. അപ്പോഴേക്കും കാലവർഷത്തിന് തുടക്കമാവും. ഇതോടെ ഒരു വർഷംകൂടി വൈകും.
from mathrubhumi.latestnews.rssfeed https://ift.tt/2LIql7S
via
IFTTT
No comments:
Post a Comment