യെമെനിലെ കറുത്തദിനങ്ങള്‍ക്ക് വിട; പത്തുമാസത്തോളം നീണ്ട തടങ്കലില്‍നിന്ന് പ്രവീണ്‍ വീടണഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 7, 2020

യെമെനിലെ കറുത്തദിനങ്ങള്‍ക്ക് വിട; പത്തുമാസത്തോളം നീണ്ട തടങ്കലില്‍നിന്ന് പ്രവീണ്‍ വീടണഞ്ഞു

വടകര : യെമെനിൽനിന്ന്‌ 20 നോട്ടിക്കൽ മൈൽ അകലെയുള്ള ദ്വീപിൽ രണ്ട് ഫെറി ബോട്ടുകൾ നങ്കൂരമിട്ട് അഞ്ചുമിനിറ്റ്‌ കഴിഞ്ഞില്ല. തുരുതുരാ വെടിയുതിർത്തുകൊണ്ട് ഹൂതി വിമതർ ബോട്ടുകളിലേക്ക് പാഞ്ഞുകയറി. രണ്ട് ബോട്ടിലുമുള്ള 14 ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർ പിന്നെ തോക്കിൻമുനയിൽ. എല്ലാവരെയും മുട്ടുകുത്തിനിർത്തിച്ചു, തലയ്ക്കു പിറകിൽ എ.കെ. 47 തോക്കിന്റെ സ്പർശം. കടലിലേക്കും ബോട്ടിന്റെ ബോഡിയിലേക്കും ലക്ഷ്യമില്ലാതെ വെടിയുതിർത്ത് അവർ പേടിപ്പിച്ചുകൊണ്ടിരുന്നു.. വടകര കുരിയാടി സ്വദേശി ടി.കെ. പ്രവീണിന്റെ ഓർമകളിൽ ഇപ്പോഴുമുണ്ട് ഈ വെടിയൊച്ചകൾ. അന്നുമുതൽ പിന്നെ ഒമ്പതര മാസത്തോളം തടങ്കൽ. ഒടുവിൽ മോചിതനായി പ്രവീൺ തിങ്കളാഴ്ച പുലർച്ചെ കുരിയാടിയിലെ വീട്ടിലെത്തി. ഇപ്പോൾ ആശ്വാസതീരത്താണ് പ്രവീൺ. അമ്മ നളിനിക്കും ഭാര്യ അമൃതയ്ക്കും മക്കളായ പ്രണവ്, വൈഗ എന്നിവർക്കുമെല്ലാം ഇത് കാത്തിരുന്ന സന്തോഷനിമിഷം. സംഭവബഹുലമായിരുന്നു തടങ്കൽ ജീവിതം. ഒമാനിൽ ഫെറി ബോട്ട് ക്യാപ്റ്റനായി 15 വർഷമായി ജോലിചെയ്യുന്ന പ്രവീൺ, ഒമാനിൽനിന്ന് ഫെറിയിൽ സൗദിയിലേക്ക് യാത്ര തിരിക്കവേ ഫ്രെബ്രുവരി 16-നാണ് ഹൂതികളുടെ പിടിയിലായത്. യെമെനിൽ സർക്കാറിനെതിരേ പടപൊരുതുന്ന വിമതവിഭാഗമാണ് ഹൂതികൾ. ചിലമേഖലകൾ പൂർണമായും ഇവരുടെ നിയന്ത്രണത്തിലാണ്. മൂന്ന് ഫെറിയും ഒരു ചെറിയ ബോട്ടുമാണ് യാത്രയിലുണ്ടായിരുന്നത്. ഇതിൽ ഒരു ഫെറിയും ചെറിയ ബോട്ടും തകരാറിലായതോടെ ഇവ ഉപേക്ഷിച്ച് ഇതിലുണ്ടായിരുന്നവർ രണ്ട് ഫെറി ബോട്ടുകളിൽ കയറി. നിറയെ ചരക്കുള്ളതിനാൽ അധികം മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ക്യാപ്റ്റന്മാർ അറിയിച്ചു. അങ്ങനെയാണ് യെമെനിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുള്ള ദ്വീപിൽ നങ്കൂരമിട്ടത്. പിന്നാലെ ഹൂതികളെത്തി. സൗദിയിലേക്ക് യുദ്ധസാമഗ്രികൾ കടത്തുന്നുവെന്നായിരുന്നു ആരോപണം. കുറേനേരം ബോട്ടുകൾ പരിശോധിച്ചു. ഒന്നും കിട്ടാതെ വന്നതോടെ എല്ലാവരെയും അൽ സലൈഫ് തുറമുഖത്തേക്ക് കൊണ്ടുവന്നു. 19-ന് സനയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. മോചനം കിട്ടുംവരെ ഈ ഹോട്ടലിലായിരുന്നു ജീവിതം. ഹൂതികൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണിത്. സർക്കാരിനെയോ കോടതിയെയോ ഒന്നും അനുസരിക്കില്ല. ഒരിക്കൽ കോടതിയിൽ ഹാജരാക്കിയതാണെന്ന് പ്രവീൺ പറഞ്ഞു. ആയുധങ്ങളൊന്നും കിട്ടാത്തതിനാൽ ഉടനെ വിടണമെന്നും കോടതി നിർദേശിച്ചു. പക്ഷേ, ഒന്നും നടന്നില്ല. 14 ഇന്ത്യക്കാരിൽ പ്രവീണിനുപുറമേ ഒരു മലയാളി കൂടിയുണ്ട്. തിരുവനന്തപുരം സ്വദേശി മുസ്തഫ. മോചനം നീണ്ടത് മോചനദ്രവ്യത്തിന്റെ പേരിൽഒമാനിലെ കമ്പനി ബന്ധപ്പെട്ടപ്പോൾ ഹൂതികൾ ആദ്യം പതിനായിരം ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. കമ്പനി ഇത് നൽകിയില്ല. പിന്നെ രണ്ട് ലക്ഷം ഒമാൻ റിയാൽ ആവശ്യപ്പെട്ടു. കമ്പനി മറുപടിയൊന്നും നൽകാതായതോടെ മോചനം നീണ്ടു. ഇവരുടെ കൈയിലുണ്ടായിരുന്ന വസ്ത്രം, ഒമാൻ റിയാൽ, സൗദി റിയാൽ തുടങ്ങിയവയെല്ലാം ഹൂതികൾ കൈക്കലാക്കിയിരുന്നു. നാലരലക്ഷത്തോളം രൂപ എല്ലാവരിൽനിന്നുമായി കിട്ടി. മോചനത്തിനായി തടങ്കലിൽ കഴിയുമ്പോൾ തന്നെ പ്രവീണും കൂട്ടരും ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നു. ഫോൺ കൈയിൽ കിട്ടിത്തുടങ്ങിയ ശേഷം ഇതിന് വേഗം കൂടി. ഇതോടെ ഇന്ത്യൻ എംബസി സജീവമായി ഇടപെടാൻ തുടങ്ങി. പ്രവീണിന്റെ ഭാര്യ അമൃത നാട്ടിൽ കെ. മുരളീധരൻ എം.പി. മുഖേന വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനുമായും ബന്ധപ്പെട്ടു. ഏറ്റവുമൊടുവിൽ ബഹ്‌റൈനിലെ പൊതുപ്രവർത്തകൻ വടകര സ്വദേശി വേണു ചെമ്മരത്തൂരും പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്തും ഇടപെട്ടതും നിർണായകമായി. വിദേശമന്ത്രാലയത്തിനും യു.എൻ. സംഘത്തിനും ഇവർ പരാതി നൽകി. അങ്ങനെ ജിബോട്ടിയിലെ ഇന്ത്യൻ എംബസി ഇടപെട്ട് നടപടികൾ പൂർത്തിയാക്കി നവംബർ 28-ന് ഇവരുടെ മോചനം സാധ്യമാക്കി. യെമെനിൽനിന്ന് നേരെ ദുബായിലേക്കാണ് ആദ്യം എത്തിയത്. പിന്നെ മുംബൈ വഴി കണ്ണൂർ വിമാനത്താവളത്തിൽ. പാസ്‌പോർട്ടോ മറ്റ് സർട്ടിഫിക്കറ്റുകളോ സമ്പാദ്യമോ ഒന്നുമില്ലാതെയാണ് മടക്കം. ജനുവരി മുതലുള്ള ശമ്പളം പ്രവീണിന് കിട്ടാനുണ്ട്. കമ്പനിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുമില്ലെങ്കിലും അപകടങ്ങളൊന്നും സംഭവിക്കാതെ എത്തിയല്ലോ എന്ന ആശ്വാസത്തിലാണ് പ്രവീണും കുടുംബവും.


from mathrubhumi.latestnews.rssfeed https://ift.tt/3ovOrQP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages