ന്യൂഡൽഹി: എക്സിറ്റ് പോളുകൾ ബിഹാറിൽ മഹാസഖ്യത്തിനു വിജയം പ്രവചിച്ചതോടെ ജയിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ സുരക്ഷിതമായി താമസിപ്പിക്കാൻ രണ്ടു നേതാക്കളെയാണ് പാർട്ടി കേന്ദ്രനേതൃത്വം ബിഹാറിലേക്കയച്ചത്. രൺദീപ് സിങ് സുർജേവാലയെയും അവിനാഷ് പാണ്ഡെയെയും. തിരഞ്ഞെടുപ്പുഫലം വരുമ്പോൾ വ്യക്തമാവുന്നത് തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ മോശംപ്രകടനം നടത്തിയ കക്ഷി കോൺഗ്രസാണെന്നാണ്. അതും ദേശീയ നേതാവ് രാഹുൽ ഗാന്ധിയടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉണ്ടായിട്ടും. ആർ.ജെ.ഡി.ക്കൊപ്പം ചേർന്ന് അധികാരം പിടിക്കാനായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 20 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്. 2015-ൽ 41 സീറ്റിൽ മത്സരിച്ചപ്പോൾ 27 സീറ്റിൽ ജയിച്ചയിടത്തുനിന്നാണ് ഈ പതനം. 2005-ലെ ഒമ്പതിൽനിന്നും 2010-ലെ 10-ൽ നിന്നുമായിരുന്നു 2015-ലെ വളർച്ച. എൻ.ഡി.എ. സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും യുവാക്കളുടെ മാറ്റവും ഉത്തത ജാതിക്കാരിൽ ബി.ജെ.പി.യോടുള്ള അതൃപ്തിയും കോൺഗ്രസിനെ സഹായിക്കുമെന്നായിരുന്നു നേതാക്കളുടെ വിശ്വാസം. ഭൂമിഹാർ വിഭാഗം തങ്ങളിൽനിന്നകന്നിട്ടുണ്ട് എന്ന ജെ.ഡി.യു.വിന്റെ വിലയിരുത്തലും കോൺഗ്രസിന് പ്രതീക്ഷയായി. ചമ്പാരനിലെ 22 സീറ്റിൽ മാത്രം കോൺഗ്രസ് പ്രതീക്ഷിച്ചത് 11 സീറ്റാണ്. പിന്നോട്ടുപോക്കിൽ കോൺഗ്രസ് പഴിക്കുന്നത് വോട്ടിങ് യന്ത്രത്തെയും അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിയെയുമാണ്. താഴെത്തട്ടിൽ പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ ദുർബലമാണെന്നും അത് കെട്ടിപ്പടുക്കുക മാത്രമാണ് കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മറ്റു പാർട്ടികളുമായി മത്സരിക്കാനുള്ള മാർഗമെന്നും അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് കോൺഗ്രസിന്റെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നത്. 24 സീറ്റിൽ മത്സരിച്ച ഒവൈസിയുടെ പാർട്ടി മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിൽ 14 സ്ഥാനാർഥികളെ നിർത്തുകയും അഞ്ചിടത്ത് വിജയിക്കുകയും മറ്റു മണ്ഡലങ്ങളിൽ മഹാസഖ്യത്തിന്റെ വോട്ട് ഗണ്യമായി കുറയ്ക്കുകയും ചെയ്തു. Content Highlights:Bihar Assembly Elections Congress finds no hope, remains the 'weakest link'
from mathrubhumi.latestnews.rssfeed https://ift.tt/3kjxgPZ
via
IFTTT
No comments:
Post a Comment