കളിയിലായാലും കാര്യത്തിലായാലും ഡീഗോയ്ക്ക് സമം ഡീഗോ മാത്രം. ഇനി ഇതുപോലൊരു ഡീഗോ കളിയിൽ പിറവിയെടുക്കുമോ എന്നുമില്ല നിശ്ചയം. എന്നിട്ടും ഡീഗോ അരമാൻഡ മാറഡോണ അർജന്റീനയുടെ നീലവരയൻ കുപ്പായമഴിച്ചതുമുതൽ ലോകം തേടിക്കൊണ്ടിരുന്നൊരു കാര്യമുണ്ട്. ഈ പാരമ്പര്യത്തിനൊരു പിന്തുടർച്ച. ഒരു പകരക്കാരൻ. ആദ്യം ക്ലോഡിയോ കനീജിയ. പിന്നെ ബാറ്റിസ്റ്റിയൂട്ട. ഏരിയൽ ഒർട്ടേഗ.... ഓരോ ലോകകപ്പും ഓരോ പുതിയ മാറഡോണയുടെ ഉദയത്തിനായാണ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അർജന്റീനയിലെ ഓരോ താരോദയത്തിലും ഫുട്ബോൾ ലോകം തിരഞ്ഞത് ഡീഗോയുടെ നേരവകാശിയെയാണ്. വർഷങ്ങൾ വേണ്ടിവന്നു അതിന് ലയണൽ മെസ്സി എന്നൊരു ഉത്തരത്തിലെത്താൻ. എന്നാൽ, ഈ രണ്ടക്ഷരം കൊണ്ട് തൃപ്തമാവുന്നതായിരുന്നില്ല അർജന്റീന ആരാധകരുടെ മനസ്. മെസ്സിയുടെ ഓരോ നേട്ടത്തെയും അവർ ഡീഗോയുമായി തട്ടിച്ചുനോക്കി. ഓരോ കോട്ടത്തിനും ഡീഗോയുമായി മാറ്റുരച്ചുനോക്കി. ഇതിഹാസപദവിയുടെ ഈ മൂപ്പിളമ തർക്കത്തിന് വാസ്തവത്തിൽ മെസ്സിയുടെ കരിയറിനോളം തന്നെ പഴക്കമുണ്ട്. മെസ്സിയുടെ കരിയറും ഏതാണ്ട് വാലറ്റത്തെത്തിക്കഴിഞ്ഞു. എന്നിട്ടും ഡീഗോയോ മെസ്സിയോ എന്ന ചോദ്യത്തിന് മാത്രം നൂറിൽ നൂറ് കിട്ടുന്നൊരു ഉത്തരം ഇതുവരെയുണ്ടായില്ല. ഡീഗോയുടെ മരണം വരെയും. ലോകകപ്പ് നേട്ടത്തിന് നന്ദി; താരതമ്യത്തിൽ പലപ്പോഴും ഡീഗോയുടെ തട്ട് എന്നും ഒരു പടി താഴ്ന്നുതന്നെയിരുന്നു. എന്നിട്ടും പക്ഷേ, മെസ്സിയുടെ മാജിക്കൽ ടച്ചും ഗോളുകളും പുതിയ തലമുറ ആഘോഷിച്ച് ചാരിതാർഥ്യമടഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും താരതമ്യങ്ങളിൽ എന്തുണ്ട് കാര്യം. അർജന്റീനക്കാർ മാത്രമല്ല, ലോകം ഒന്നടങ്കം ഇരുവരെയും രണ്ട് ചേരിയിൽ നിർത്തി തർക്കം തുടർന്നുകൊണ്ടിരുന്നെങ്കിലും അവസാനകാലം വരെ വലിയ കോട്ടം തട്ടാത്തൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു ഡീഗോയും മെസ്സിയും. ഡീഗോ നമ്മളെ വിട്ടുപരിഞ്ഞു. എന്നാൽ, അനശ്വരനായ അദ്ദേഹം സത്യത്തിൽ നമ്മളെ വിട്ടുപിരിയുന്നില്ല. ഇതായിരുന്നു ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെ അനുശോചനക്കുറിപ്പ്. ആരാണ് കേമം താനോ മെസ്സിയോ എന്ന ചോദ്യത്തിൽ നിന്ന് എന്നും ഒഴിഞ്ഞുമാറുകയായിരുന്നു പലപ്പോഴും മെസ്സിയെ കണ്ണിൽ ചോരയില്ലാതെ വിമർശിക്കാൻ മടികാട്ടാത്ത ഡീഗോയും. അദ്ദേഹത്തോടുള്ള ബഹുമാനം കാരണം ഞങ്ങളിൽ ആരാണ് കേമമെന്ന് എനിക്ക് പറയാനാവില്ല. നിങ്ങൾ അദ്ദേഹത്തെ വെറുതെ വിടൂ. ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു. അയാൾ കളിക്കുന്നത് എന്നും കണ്ട് ആസ്വദിച്ചിട്ടേയുള്ളൂ ഞാൻ. എന്നാൽ, ഒരു നായകന്റെ വ്യക്തിത്വം അയാൾക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മെസ്സിയുടെ സാന്നിധ്യം ടീമിന് വലിയ പ്രചോദനമാണ്. പക്ഷേ, അയാൾക്ക് എപ്പോഴും ഭയമാണെന്ന് മാത്രം. മെസ്സിയെക്കുറിച്ച് ഇതിനേക്കാൾ മികച്ചൊരു വിലയിരുത്തൽ മറ്റുണ്ടോയെന്ന് സംശയമാണ്-ഡീഗോ ഒരിക്കൽ പറഞ്ഞു. ആരാണ് കേമനെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുമെങ്കിലും മെസ്സിയെ വിമർശിക്കുന്നതിൽ ഒട്ടും ലുബ്ധ് കാട്ടിയിട്ടില്ല ഡീഗോ. മെസ്സിയൊരു മികച്ച താരമാണ്. പക്ഷേ, നല്ലൊരു നായകനേയല്ല. മത്സരത്തിന് മുൻപ് ഇരുപത് തവണയെങ്കിലും ടോയ്ലെറ്റിലേയ്ക്ക് ഓടുന്നവനാണ്-ഡീഗോ ഒരിക്കൽ തുറന്നടിച്ചു. മെസ്സിയെ ദൈവമായി കണക്കാന്നുത് നിർണമെന്നും ഡീഗോ അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട്. അർജന്റീനയേക്കാൾ ബാഴ്സലോണയെ സ്നേഹിക്കുന്നതിനും മൂർച്ചയൊട്ടും ചോരാത്ത വാക്കുകളിൽ ഡീഗോ വിമർശിച്ചിട്ടുണ്ട് മെസ്സിയെ. ഈ വിമർശനങ്ങളോട് മെസ്സി കാര്യമായി പ്രതികരിച്ചില്ലെങ്കിലും മെസ്സിയുടെ കുടുംബം വെറുതെയിരുന്നില്ല. അവർ ഡീഗോയ്ക്കെതിരേ വാളെടുത്ത് തുള്ളി. പരസ്യമായി തന്നെ വിമർശിച്ചു. മറ്റെല്ലാ പുതുതലമുറ അർജന്റീനക്കാരെയും പോലെ ഡീഗോയുടെ കളിയുടെ വീഡിയോകൾ കണ്ടുകൊണ്ട് തന്നെയാണ് മെസ്സിയും വളർന്നത്. അച്ഛൻ യോർഗെ മെസ്സി തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കളിയിലും വ്യക്തിത്വത്തിലും ഡീഗോയുടെ പ്രകൃതത്തിന്റെ ഒരു ചെറിയ അംശം പോലും മെസ്സിയെ സ്വാധീനിച്ചില്ല എന്നതാണ് അത്ഭുതം. ഡീഗോയെ പോലെ അപാരമായ ഡ്രിബിളിങ് പാടവം സ്വന്തമാണെങ്കിലും അടിമുടി വ്യത്യസ്തമാണ് പന്തുമായി പറക്കുന്ന ആ ശൈലി. ഡീഗോയ്ക്ക് ഏത് കരുത്തുറ്റ പ്രതിരോധത്തെയും ബുൾഡോസ് ചെയ്ത് തരിപ്പണമാക്കി ഗോളിലേയ്ക്ക് കുതിക്കുന്നതാണ് ലഹരി. കണ്ണിൽ ചോരയില്ലാത്ത ടാക്ലിങ്ങുകളിൽ അയാൾ മതിമറന്നു. അതേസമയം ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നേറുന്നതായിരുന്നു മെസ്സിയുടെ ശൈലി. പേശിബലത്തിനോ ടാക്ലിങ്ങിനോ പിടികൊടുക്കാത്ത പ്രതിഭാസം. ഗ്രൗണ്ടിൽ സദാ അസ്വസ്ഥനായിരുന്നു ഡീഗോ. മെസ്സിയാവട്ടെ വികാരവിക്ഷോഭങ്ങൾ തൊട്ടുതീണ്ടാത്ത തീർത്തും ശാന്തനും. രണ്ട് കാലഘട്ടത്തെ ഫുട്ബോൾ ലഹരിയെ ജ്വലിപ്പിച്ചുനിർത്തിയവർ ഒന്നിച്ച് കൈകോർക്കുന്നത് കാണാനുള്ള നിയോഗവും ഈ തലമുറയ്ക്കുണ്ടായി. ആദ്യം 2005ൽ ഒരു സൗഹൃദത്സരത്തിൽ. അന്ന് പതിനെട്ടുകാരനായിരുന്നു മെസ്സി. ഡീഗോയ്ക്ക് നാൽപത്തിയഞ്ചും. റിക്വൽമെയും ഡീഗോ സിമിയോണിയും മാർഴ്സലൊ ഗല്ലാർഡോയും അഗ്യുറോയും യുവാൻ സെബാസ്റ്റിയൻ വെറോണുമെല്ലാം തോളോട് തോൾ ചേർന്നു കളിച്ച അന്നത്തെ മത്സരത്തിനുശേഷം മെസ്സി പറഞ്ഞൊരു വാചകമുണ്ട്. ഞാൻ ഇനി ഒരു പത്ത് ലക്ഷം കൊല്ലം കളിച്ചാലും ഒരിക്കൽപ്പോലും മാറഡോണയുടെ ഏഴയലത്തെത്തില്ല. എനിക്ക് അവിടെയെത്തേണ്ട. അദ്ദേഹമാണ് ഏറ്റവും വലിയ താരം. 2008 മുതൽ 2010 വരെ അർജന്റീനയുടെ നീലവരയൻ കുപ്പായത്തിൽ മെസ്സിയെ പരിശീലിപ്പിക്കാനുള്ള നിയോഗവുമുണ്ടായി മുൻഗാമി മാറഡോണയ്ക്ക്. രണ്ട് ഇതിഹാസങ്ങൾ കൈകോർത്ത 2010ലെ ലോകകപ്പിൽ ലോകം അർജന്റീനയിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിച്ചു. 1986ലെ മെക്സിക്കോയുടെ ആവർത്തനം കൊതിച്ചു. ഗ്രൗണ്ടിലെ മെസ്സിയുടെ മാജിക്കിനേക്കാൾ ടച്ച്ലൈനിന് പുറത്തെ മാറഡോണയുടെ മാനറിസങ്ങൾ പകർത്താൻ ക്യാമറകൾ മത്സരിച്ച ലോകകപ്പിൽ പക്ഷേ, അർജന്റീനയുടെ ആയുസ് ക്വാർട്ടർഫൈനൽ വരെയേ ഉണ്ടായുള്ളൂ. കേപ്പ് ടൗണിലെ ക്വാർട്ടറിൽ മടക്കമില്ലാത്ത നാലു ഗോളിനാണ് ജർമനി മെസ്സിപ്പടയെ നാണംകെടുത്തിയത്. മെസ്സിയെ നിസ്സഹായനാക്കി, ഡീഗോയെ മൂകസാക്ഷിയാക്കി മുള്ളറും ക്ലോസെയും ഫ്രെഡ്രിച്ചും വലനിറയ്ക്കുമ്പോൾ ഒരു പകവീട്ടലിന്റെ മധുരംകൂടി നുണഞ്ഞിരിക്കാം ജർമൻകാർ. അർജന്റീനയുടെ തോൽവിക്ക് മെസ്സിയും മാറഡോണയും ഒരുപോലെ പങ്കാളികളാണെന്ന് അന്ന് പരക്കേ വിമർശനമുയർന്നു. മെസ്സിയോട് കോച്ച് പക്ഷപാതം കാട്ടിയെന്ന് ടീമിനുള്ളിൽ തന്നെ ആക്ഷേപമുണ്ടായി. പുകഞ്ഞ കൊള്ളിയായ കാർലോസ് ടെവെസ് ഡീഗോയ്ക്കെതിരേ പരസ്യമായി തന്നെ വാളോങ്ങി. ടീം ക്യാമ്പിലെ മെസ്സിയുടെ പിറന്നാൾ ആഘോഷവും ഡീഗോയുടെ പിറന്നാൾ സമ്മാനവും വലിയ കോളിളക്കങ്ങളായി. ടീം മീറ്റിങ്ങുകൾ പലതും പൊട്ടിത്തെറിയിൽ കലാശിച്ചത് അങ്ങാടിപ്പാട്ടായി. എന്തായാലും ഡീഗോ പിന്നെ അധികം ടീമിനൊപ്പം തുടർന്നില്ല. ഡീഗോ പോയശേഷവും അർജന്റീന രണ്ട് ലോകകപ്പ് കൂടി കളിച്ചു, മെസ്സിയുടെ നായകത്വത്തിൽ തന്നെ. എന്നിട്ടും ഡീഗോ നേടിക്കൊടുത്ത ലോകകപ്പ് മാത്രം കിട്ടാക്കനിയായി അവശേഷിച്ചു. ഡീഗോയോ മെസ്സിയോ എന്ന ചോദ്യത്തിന് ഇതുതന്നെയാവും ഉത്തരം. ചുരുങ്ങിയത് മെസ്സി നാളെ അർജന്റീനയ്ക്കുവേണ്ടി ഒരു ലോകകപ്പ് നേടിക്കൊടുക്കുന്നത് വരെയെങ്കിലും. അതുവരെയെങ്കിലും കണക്കുകളത്രയും അപ്രസക്തം തന്നെയാണ്. View this post on Instagram A post shared by Leo Messi (@leomessi) Content Highlights:Who Is The Greatest Soccer Player Diego Maradona Or Lionel Messi Argentina Fifa World Cup Football
from mathrubhumi.latestnews.rssfeed https://ift.tt/3fBPfQR
via
IFTTT
No comments:
Post a Comment