കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരവും (പി.എം.എൽ.എ.) വിദേശ നാണ്യ വിനിമയച്ചട്ട പ്രകാരവും (ഫെമ) പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ളത് (ഇ.ഡി.) വിപുലമായ അധികാരങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന സെർച്ച് മെമ്മോയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് എവിടെയും പരിശോധന നടത്താൻ ഇ.ഡി.ക്ക് കഴിയും. പരിശോധന രാത്രിവൈകി നീണ്ടാലും നിയമപരമായി ചോദ്യംചെയ്യാൻ കഴിയില്ല. സ്ത്രീകൾ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാൻ കഴിയൂ. എന്നാൽ, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാത്രിയിലും സ്ത്രീകൾ ഉള്ളിടത്തും പരിശോധന തുടരാം. പി.എം.എൽ.എ. സെക്ഷൻ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി.ക്ക് അധികാരമുണ്ട്. സ്വത്ത് തിരികെലഭിക്കാൻ സങ്കീർണമായ കോടതി നടപടിവേണം. റെയ്ഡ് നടത്തുമ്പോൾ * സി.ആർ.പി.സി.യിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന സെർച്ച് മെമ്മോയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് * സെർച്ച് മെമ്മോ വീട്ടുകാർ ഒപ്പിട്ട് നൽകണം. അതിന് തയ്യാറാകാതെ എതിർപ്പ് അറിയിച്ചാൽ ബലമായി പരിശോധന നടത്താം * ആവശ്യപ്പെട്ടാൽ പോലീസ് അടക്കമുള്ള ഏത് അന്വേഷണ ഏജൻസിയും ഇ.ഡി.യുമായി സഹകരിക്കണം * ഇത്തരം പരിശോധനയിൽ പി.എം.എൽ. നിയമത്തിന്റെ സെക്ഷൻ 50 പ്രകാരം സ്വമേധയാ നൽകുന്ന സ്റ്റേറ്റ്മെന്റാണ് ഇ.ഡി. രേഖപ്പെടുത്തുന്നത് * പി.എം.എൽ.എ. സെക്ഷൻ 17 പ്രകാരം സ്വത്ത് പിടിച്ചെടുക്കാം * പി.എം.എൽ.എ. സെക്ഷൻ 19 പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്. സ്വതന്ത്ര സാക്ഷി വേണം * സി.ആർ.പി.സി. സെക്ഷൻ 100 പ്രകാരം പരിശോധന നടത്തുമ്പോൾ സാക്ഷിയുണ്ടാകണമെന്നുണ്ട്. പരിശോധനാസ്ഥലത്തെ പ്രാദേശികമായി ബഹുമാനിതരായ രണ്ടുപേരുടെ സാന്നിധ്യമാണ് വേണ്ടത്. സ്വതന്ത്ര സാക്ഷിയെന്ന നിലയിലാണിത്. എന്നാൽ, ഇത്തരത്തിൽ സ്വതന്ത്ര സാക്ഷിയെ ലഭിച്ചില്ലെങ്കിൽ ഓഫീസർമാർ നടത്തുന്ന പരിശോധനയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതികൾ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. * സ്റ്റേറ്റ്മെന്റിൽ ഒപ്പിട്ടുനൽകണമെന്ന് ആരെയും നിർബന്ധിക്കാനാകില്ല. ഒപ്പിട്ട് നൽകിയില്ലെങ്കിൽ അക്കാര്യം രേഖപ്പെടുത്തി അതിന്റെ പകർപ്പ് ബന്ധപ്പെട്ടവർക്ക് നൽകണം. നോട്ടീസ് നൽകിയാൽ ചെന്നേപറ്റൂ പി.എം.എൽ.എ.യുടെ സെക്ഷൻ 50 പ്രകാരം ഇ.ഡി.നോട്ടീസ് നൽകിയാൽ മൊഴി നൽകാനായി ആരും പറയുന്ന സ്ഥലത്ത് ഹാജരാകണം. സാമ്പത്തിക നടപടികളുമായി അറിവുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വിവര ശേഖരണത്തിനാണ് ഇങ്ങനെ വിളിക്കുന്നത്. ചെന്നില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാം. പോലീസ് ഇടപെടലിൽ കാര്യമില്ല പരാതിലഭിച്ചാൽ പോലീസിന് ഇ.ഡി.ക്ക് നോട്ടീസ് നൽകാം. പക്ഷേ, അതിലൊന്നും കാര്യമില്ല. ജോലിയുടെ ഭാഗമായ നടപടിയാണെന്നതിനാൽത്തന്നെ ഇക്കാര്യത്തിൽ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാനാകില്ല. പരിശോധന നടത്തുമ്പോൾ വീട്ടിലുള്ളവരുടെ അവകാശങ്ങളൊന്നും തടയില്ല. എന്നാൽ, തെളിവ് നഷ്ടപ്പെടാതിരിക്കാൻ പുറത്തേക്ക് വിടില്ല. വീട്ടിലുള്ളവരോടൊപ്പം കുട്ടികളുണ്ടെങ്കിലും ഇതുതന്നെയാണ് ചട്ടം. ഇതാണ് ഇ.ഡി. * കേന്ദ്ര റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിലാണ് പ്രവർത്തനം * ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), പ്രിവൻഷൻ ഓഫ് മണി ലോൺഡറിങ് ആക്ട് (പി.എം.എൽ.എ.) എന്നിവ പ്രകാരമാണ് ഇ.ഡി. ആന്വേഷണം നടത്തുന്നത്. * 70 ശതമാനം ജീവനക്കാരും ഡെപ്യൂട്ടേഷനിൽ ഉള്ളവരാണ്. കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ഇൻകംടാക്സ്, പോലീസ് തുടങ്ങിയ ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരിൽ ഏറെയും. അസി. എൻഫോഴ്സ്മെന്റ് ഓഫീസറെ മാത്രമാണ് നേരിട്ട് നിയമിക്കുന്നത്. ആകെയുള്ളത് രണ്ടായിരത്തോളം ജീവനക്കാർ.
from mathrubhumi.latestnews.rssfeed https://ift.tt/2U0tWym
via
IFTTT
No comments:
Post a Comment