ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളില്ലാത്തതും കോവിഡ് ചികിത്സയ്ക്ക് കൃത്യമായ മാർഗരേഖ ഇല്ലാത്തതും അവസരമാക്കി സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതു തടയാൻ പൊതു ആരോഗ്യരംഗത്ത് കൂടുതൽ പണം മുടക്കി ആശുപത്രികൾ ശക്തിപ്പെടുത്തണം. 130 കോടി ജനങ്ങളുള്ള രാജ്യത്ത് മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 1.15 ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെലവഴിക്കുന്നത്. 2025 ആകുമ്പോൾ അത് 2.5 ശതമാനം ആകണമെന്ന് രാം ഗോപാൽ യാദവ് അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു. 2017-ലെ ദേശീയ ആരോഗ്യനയത്തിൽ ഇക്കാര്യം നിർദേശിച്ചിരുന്നു.കോവിഡ് മഹാമാരിയുടെ കാലത്ത് പൊതു ആരോഗ്യമേഖലയിൽ ആവശ്യത്തിന് കിടക്കകളും വേണ്ടത്ര സൗകര്യങ്ങളുമില്ലാത്തതിനാൽ സ്വകാര്യ മേഖലയെ ആശ്രയിച്ചവരിൽനിന്ന് വലിയ നിരക്കാണ് ഈടാക്കിയത്. സ്വകാര്യമേഖലയുമായി സർക്കാർ ധാരണയുണ്ടാക്കുകയും ചികിത്സച്ചെലവിന്റെ മാതൃക ഉണ്ടാക്കുകയും ചെയ്തിരുന്നെങ്കിൽ ഒട്ടേറെപ്പേരെ മരണത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് സമിതി നിരീക്ഷിച്ചു. ചികിത്സച്ചെലവ് താങ്ങാനാവുന്നവർക്കുമാത്രമായി ആരോഗ്യപരിരക്ഷ പരിമിതപ്പെടാൻ പാടില്ല. സാർവത്രിക ആരോഗ്യപരിരക്ഷയാണ് ഉറപ്പാക്കേണ്ടത്. സ്വകാര്യ മേഖലയ്ക്ക് അതിനാവശ്യമായ സഹായം സർക്കാർ നൽകണം.കോവിഡ് പ്രതിരോധത്തിനിടയിൽ മരിച്ച ആരോഗ്യ പ്രവർത്തകരെ രക്തസാക്ഷികളായി കണക്കാക്കി അവരുടെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3pPuNRh
via
IFTTT
No comments:
Post a Comment