പത്തനംതിട്ട: ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു. ഇനി വ്രതശുദ്ധിയുടെ തീർഥാടനകാലം. തിങ്കളാഴ്ചപുലർച്ചെ മുതൽ തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് മാസങ്ങൾക്ക് ശേഷം തീർഥാടക പ്രവേശനം അനുവദിച്ച് ശബരിമലയിൽ ആദ്യമണിക്കൂറുകളിൽ എത്തിച്ചേർന്നത്. പുലർച്ചെ മൂന്ന് മണി മുതലാണ് വെർച്വൽ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 352 പേർ ദർശനം പൂർത്തിയാക്കിക്കഴിഞ്ഞു. സെക്കൻഡുകൾ മാത്രം ദർശനം ലഭിച്ചിരുന്ന സോപാനമുൾപ്പെടെയുള്ള സ്ഥലങ്ങളിൽകൂടുതൽ സമയം ഭക്തർക്ക് ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ദർശനസംവിധാനമാണ് ഇപ്പോൾ ശബരിമലയിൽ ലഭ്യമാകുന്നത്. വൃശ്ചിക പുലരിയിൽ ശബരിമലയിലെ ചടങ്ങുകൾക്ക് മുന്നോടിയായി ശംഖുമുഴക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ നെയ്യഭിഷേകത്തിനായി കൊണ്ടു വരുന്ന നെയ്ത്തേങ്ങ പ്രത്യേക കൗണ്ടറിൽ സ്വീകരിക്കും. ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ പ്രസാദമായി നെയ്യ് സ്വീകരിച്ച് മടങ്ങാവുന്നതാണ്. അപ്പം, അരവണ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർ കടന്നുവരുന്നതെന്നുറപ്പാക്കാൻ പോലീസിന്റേയും ദേവസ്വം ബോർഡിന്റേയും ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിൽ വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠരര്രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന ഗണപതി ഹോമം | ഫോട്ടോ: സി.സുനിൽ കുമാർ പോലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം തന്ത്രി കണ്ഠരര് രാജീവര് നിർവഹിക്കും. വെബ്സൈറ്റിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു നിർവഹിക്കും. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. രാവിലെ ഒമ്പത് മണിയോടെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കു താഴെ കാത്തു നിൽക്കന്ന ഭക്തർ| ഫോട്ടോ: സി. സുനിൽ കുമാർ വെർച്വൽ ക്യൂ വഴി കൂടുതൽ ആളുകൾക്ക് ദർശനസൗകര്യം അനുവദിക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും വിശേഷദിവസങ്ങളിൽ അയ്യായിരം പേർക്കുമാണ് ദർശനം അനുവദിച്ചിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങളിൽ ഇളവനുവദിക്കുന്നതനുസരിച്ച് കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ശബരിമല ധർമശാസ്താക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു.തുടർന്ന് തന്ത്രി വിഭൂതിപ്രസാദം വിതരണം ചെയ്തു. നിയന്ത്രണംമൂലം ഇത്തവണ നട തുറന്ന ദിവസം ഭക്തർക്ക് ദർശനത്തിന് അനുമതിയില്ലായിരുന്നു.പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടായില്ല. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിന്റെയും അഭിഷേക-അവരോധിക്കൽ ചടങ്ങുകൾ നടന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളിൽവെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽവെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്റെ മൂലമന്ത്രം ഓതി. മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നിൽവെച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി രാത്രിതന്നെ പതിനെട്ടാംപടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങി. നടതുറന്നപ്പോൾ ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, അംഗങ്ങളായ അഡ്വ. എൻ.വിജയകുമാർ, കെ.എസ്.രവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. Content Highlights: Pilgrims arrived Sabarimala for Darshanam during Mandala season
from mathrubhumi.latestnews.rssfeed https://ift.tt/2IKqNjK
via
IFTTT
No comments:
Post a Comment