കൊൽക്കത്ത: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പശ്ചിമബംഗാൾ കൺവീനർ അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ബിജെപിയെ സഹായിക്കാൻ വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അൻവർ പാഷ തൃണമൂലിൽ ചേർന്നത്. അടുത്തവർഷം നടക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ.ഐ.എം.ഐ.എം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പാർട്ടി കൺവീനർ കൂറുമാറിയത്. ബിഹാർ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ എ.ഐ.എം.ഐ.എം ബംഗാൾ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ബി ടീമാണ് എ.ഐ.എം.ഐ.എം എന്നായിരുന്നു തൃണമൂൽ ഇതിനോട് പ്രതികരിച്ചിരുന്നത്. നേരത്തെ ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഒവൈസിയുടെ പാർട്ടി ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായമൊരുക്കിയെന്ന ആരോപണം ഉയർന്നിരുന്നു. തൃണമൂലിൽ ചേർന്നതിന് പിന്നാലെ സിഎഎ, എൻആർസി വിഷയങ്ങളിൽ മമത നടത്തിയ പോരാട്ടത്തെ അൻവർ പാഷ പ്രകീർത്തിച്ചു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ വലിച്ചുകീറിയതിലൂടെ ഒന്നും നേടാനാവില്ലെന്നും മമത ബാനർജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും പാഷ ഒവൈസിയെ ഉന്നമിട്ടുകൊണ്ട് പറഞ്ഞു. അതേ സമയം അൻവർ പാഷയുടെ പുറത്തുപോകൽ പാർട്ടിയെ ബാധിക്കില്ലെന്ന് എഐഎംഐഎം വാക്താവ് സയിദ് അസിം വഖാർ പറഞ്ഞു. അദ്ദേഹം പാർട്ടിയിലെ ചെറിയൊരു മുഖമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാഷയെ പുറത്താക്കാനിരുന്നതാണെന്നും വാക്താവ് പറഞ്ഞു. Content Highlights:Bengal-Key AIMIM leader, aides join TMC
from mathrubhumi.latestnews.rssfeed https://ift.tt/3fpBXqG
via
IFTTT
No comments:
Post a Comment