കൊച്ചി : ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തില്‍ താന്‍ കൂലിക്കാരന്‍ മാത്രമാണെന്നു കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത റബിന്‍സ് കെ. ഹമീദ്. ഇന്ത്യയില്‍നിന്നു ഹവാലയായും മറ്റും അവിടെയെത്തിക്കുന്ന പണമുപയോഗിച്ച് സ്വര്‍ണം വാങ്ങി ഇവിടേക്ക് അയയ്ക്കുകയാണു തന്റെ ജോലി. കമ്മിഷനാണു പ്രതിഫലമെന്നും എന്‍.ഐ.എയുടെ പ്രാഥമിക ചോദ്യംചെയ്യലില്‍ റബിന്‍സിന്റെ മൊഴി.
നേരത്തേ അറസ്റ്റിലായ മുഹമ്മദ് ഷാഫിയും സെയ്തലവിയുമാണു പണം മുടക്കുന്ന പ്രധാനികള്‍. ഇവര്‍ പലരില്‍നിന്നു സമാഹരിക്കുന്ന പണമുപയോഗിച്ച് താന്‍ വര്‍ഷങ്ങളായി ദുബായില്‍നിന്നു സ്വര്‍ണം വാങ്ങി അയയ്ക്കുന്നുണ്ട്. സുരക്ഷിതമായ കള്ളക്കടത്തിനു സന്ദീപ് നായരാണു നയതന്ത്ര ചാനല്‍ വഴിയെന്ന ആശയമിട്ടത്. അക്കാര്യം കെ.ടി. റമീസാണു തന്നോടു പറഞ്ഞത്. ഇക്കാര്യം സരിത്തുമായും സ്വപ്‌നയുമായും ആലോചിച്ചുറപ്പിച്ചതിനു ശേഷമാണ് അങ്ങനെ സ്വര്‍ണം അയച്ചുതുടങ്ങിയത്. ദുബായിലുള്ള മുഹമ്മദ് ഷമീമുമായി ചേര്‍ന്നാണ് സ്വര്‍ണം വാങ്ങിയതെന്നും റബിന്‍സ് പറഞ്ഞു.
െഫെസല്‍ ഫരീദിനെപ്പോലുള്ളവരുടെ പേരിലാണു സ്വര്‍ണം അയച്ചിരുന്നത്. അവര്‍ക്ക് അതിനു പ്രതിഫലമുണ്ട്. കോണ്‍സുലേറ്റിന്റെ കത്ത് തയാറാക്കി അയയ്ക്കുന്നതു സരിത്താണ്. കത്തുകള്‍ കോണ്‍സല്‍ ജനറലിന്റേതാണെന്നാണു സരിത്ത് പറഞ്ഞിരുന്നതെന്നും റബിന്‍സ് മൊഴി നല്‍കി. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ എന്‍.ഐ.എ. ഒരാഴ്ചത്തേക്കു കസ്റ്റഡിയില്‍ വാങ്ങി. അടുത്ത തിങ്കളാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കുന്നതോടെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റഡി അപേക്ഷ നല്‍കും.
സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പനെന്ന പേരില്‍ കെ.ടി. റമീസ് അന്വേഷണ സംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ''ദാവൂദ് അല്‍ അറബി'' എന്ന പേരു വ്യാജമാണെന്നും ആ പേരില്‍ മലയാളി വ്യവസായിയാണു സ്വര്‍ണം കടത്തുന്നതെന്നും സംശയമുണ്ട്. അറബിയോ മലയാളിയോ എന്നുപോലും റമീസ് വ്യക്തമായ വിവരം നല്‍കാത്ത ഇയാളെപ്പറ്റി ഇന്റര്‍പോള്‍ മുഖേന അന്വേഷണം നടത്തും. സ്വര്‍ണം കടത്താന്‍ ദാവൂദ് 12 തവണ ഇടപെട്ടെന്നും മുഹമ്മദ് ഷമീം വഴിയാണ് അല്‍ അറബിയെപ്പറ്റി അറിവെന്നുമാണു റമീസ് പറഞ്ഞത്. ദുബായിലുള്ള മുഹമ്മദ് ഷമീമിനെ പിടികൂടാനായിട്ടില്ല. ഇത്തരം മൊഴികളിലൂടെ അന്വേഷണം വൈകിപ്പിക്കാനും അതുവഴി സ്വാഭാവിക ജാമ്യം നേടാനുമാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
ജൂണ്‍ 30-നു തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണമടങ്ങിയ ബാഗേജ് തിരിച്ചെടുക്കാനാവശ്യപ്പെട്ട് കോണ്‍സുലേറ്റിന്റേതെന്ന പേരില്‍ സരിത്ത് തയാറാക്കിയ വ്യാജ കത്ത് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായിലുള്ള ഒരു വ്യവസായിയുടെ പേരിലാണു കത്ത് അയച്ചിട്ടുള്ളത്. ഈ വ്യവസായിയുടെ പേര് കത്തിലുള്‍പ്പെടുത്തിയതു മനഃപൂര്‍വമാണെന്നും അന്വേഷണം വഴിതെറ്റിക്കാനുമാണെന്നുമാണ് കസ്റ്റംസ് കരുതുന്നത്. ഉന്നതരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് അതിന്റെ മറവില്‍ രക്ഷപ്പെടാനാകുമെന്നാണു പ്രതികളുടെ പ്രതീക്ഷ. പ്രതികളില്‍ പലരും പിടിയിലാകുന്നതിനു മുമ്പ് അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു.
from mangalam.com https://ift.tt/35ywvNq
via IFTTT
No comments:
Post a Comment