തൃശൂര്‍ : പാര്‍ട്ടിവളര്‍ത്താന്‍ രാഷ്‌ട്രീയ കൊലയാളികള്‍ തൃശൂരിലെന്നു ആരോപണം. അടുത്തയിടെ ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ ചുവടുപിടിച്ചു നടക്കുന്ന അന്വേഷണവും നല്‍കുന്ന സൂചന അതാണ്. ആദര്‍ശ് വധത്തിനു പിന്നാലെ നടന്ന മുഖ്യപ്രതികളിലൊരാളായ നിധിന്റെ അരുംകൊലയും കൊലപാതകങ്ങളില്‍ കണ്ണൂര്‍ ബന്ധത്തിനു സൂചന നല്‍കുന്നതാണ്.
കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തിന് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ നിധിന്റെ കൊലപാതകത്തെ കുറിച്ച് സൂചന നല്‍കി സോഷ്യല്‍മീഡിയായില്‍ നേരത്തെ കുറിപ്പ് പ്രചരിപ്പിച്ചതും ഈ ബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തൃശൂരില്‍നിന്ന് അടുത്തദിവസം തന്നെ ശുഭകരമായ വാര്‍ത്ത കേള്‍ക്കാമെന്ന രീതിയിലായിരുന്നു കുറിപ്പ്. ഇതേകുറിച്ച് പോലീസിനും സൂചന ലഭിച്ചിരുന്നെങ്കിലും ഇരയാരാകുമെന്നതില്‍ വ്യക്‌തത ലഭിച്ചിരുന്നില്ല. എന്നാല്‍ സൂചന ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് വഴുതി മാറി ക്വട്ടേഷന്‍ രംഗത്തേക്ക് ഗുണ്ടാസംഘങ്ങള്‍ സജീവമായതോടെയാണ് കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയം രൂക്ഷമായത്. തൃശൂരിലാണെങ്കില്‍ ഗുണ്ടാ- ക്വട്ടേഷന്‍ സംഘങ്ങളെ രഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതോടെയാണ് ആക്രമണം രൂക്ഷമാകുതെന്നാണ് മാറ്റം.
ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകങ്ങളില്‍ കലാശിക്കുന്നതെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും സി.പി.എമ്മും ബി.ജെ.പിയും രാഷ്‌ട്രീയ ആരോപണങ്ങളുമായി രംഗത്തുണ്ട്. ഗുണ്ടാ- ക്വട്ടേഷന്‍ ടീമുകളുടെ രാഷ്‌ട്രീയബന്ധമാണ് ഇരു പാര്‍ട്ടികള്‍ക്കും ഊര്‍ജ്‌ജമായി മാറുന്നത്.
ശനിയാഴ്ച പട്ടാപകല്‍ നടന്ന മുറ്റിച്ചൂര്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട നിധിന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതൃത്വം സി.പി.എമ്മിന്റെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും ആരോപിച്ചു.
ഇന്നലെ മേഖലയില്‍ ബി.ജെ.പി ഹര്‍ത്താലും നടത്തി. നിധിന്‍ എട്ടാംപ്രതിയായിരുന്ന പെരിങ്ങോട്ടുകര ആദര്‍ശ് വധക്കേസില്‍ സി.പി.എമ്മായിരുന്നു അവകാശവാദം ഉന്നയിച്ചിരുന്നത്. ആദര്‍ശിനെ വധിച്ചതിലുള്ള പ്രതികാരമായാണ് നിധിന്റെ കൊലപാതകമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഴ്‌ച നടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെ പഴിചാരി രംഗത്തെത്തിയത് മന്ത്രി എ.സി മൊയ്‌തീനായിരുന്നെങ്കില്‍ മുറ്റിച്ചൂര്‍ കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കി രംഗത്തെത്തിയത് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. ഉന്നത നേതൃത്വങ്ങള്‍ തന്നെ അവകാശവാദവും ആരോപണങ്ങളുമായി രംഗത്തത്തുമ്പോള്‍ തകരുന്നത് ജില്ലയിലെ ക്രമസമാധാന രംഗംകൂടിയാണ്. കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തില്‍ ശമനമുണ്ടായ സാഹചര്യത്തിലാണു തൃശൂരില്‍ ആശങ്കയുണര്‍ത്തി ആക്രമണം രൂക്ഷമാകുന്നതെന്നതും ശ്രദ്ധേയമാണ്.
തൃശൂരില്‍ ഒരാഴ്ചയ്ക്കിടെ നടന്നത് അഞ്ച് കൊലപാതകങ്ങളാണ്. ഇതില്‍ രണ്ട് കൊലപാതങ്ങള്‍ ഇടയാക്കിയത് രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ശേഷം. ഗുണ്ടാ ആക്രമണമെന്ന് പോലീസ് വിശദീകരിക്കുമ്പോഴും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എതിര്‍പക്ഷത്തിന് നേരെ വിരല്‍ചൂണ്ടി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബി.ജെ.പിയും സി.പി.എമ്മും പതിനെട്ടടവും പയറ്റുമ്പോള്‍ തൃശൂരില്‍ ആശങ്ക പെരുക്കുകയാണ്.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം ആര്‍.എസ്.എസ്. നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന ആരോപണമായിരുന്നു സി.പി.എം. ഉന്നയിച്ചത്. കൊലപാതകം നടന്ന സ്ഥലത്തെത്തി മന്ത്രി എ.സി. മൊയ്തീന്‍ തന്നെ സംഘ്പരിവാറിനെ പ്രതികൂട്ടില്‍ നിര്‍ത്തി ആഞ്ഞടിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. ഇതോടെ മൊയ്തീനെതിരേ പ്രതിരോധം കടുപ്പിച്ച് ബി.ജെ.പിയും രംഗത്ത് സജീവമായി. വ്യാജ ആരോപണത്തില്‍ നിയമനടപടി സ്വീകരിച്ചതിനൊപ്പം മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരവും ബി.ജെ.പി. നടത്തി.
ഇതിനിടെയാണ് അന്തിക്കാട് ഗ്രാമീണ മേഖലയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് ഗുണ്ടാസംഘം നാടിനെ വീണ്ടും നടുക്കിയത്്. കൊല്ലപ്പെട്ടത് കൊലപാതക കേസില്‍ ജയിലിലായി അടുത്തിടെ പരോളിലിറങ്ങിയ യുവാവ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന പ്രചാരണമാണ് തുടക്കത്തില്‍ ലഭിച്ചതെങ്കിലും ഉച്ചയോടെ മാധ്യമങ്ങളെ കണ്ട ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കൊലപാതകത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് ആരോപിച്ച് രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദവുമായി.
ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങളാണെങ്കിലും ബി.ജെ.പിയെ പ്രതികൂട്ടില്‍ നിര്‍ത്തി മന്ത്രി എ.സി. മൊയ്തീന്‍ നടത്തിയ വ്യാജപ്രചാരണങ്ങളാണ് യുവാവിന്റെ കൊലപാതകത്തിന് പ്രേരണയായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ നിതിന്‍ നേരത്തെ ബി.ജെ.പി. പ്രവര്‍ത്തകനായിരുന്നെങ്കിലും സമീപകാലത്ത് സജീവ പ്രവര്‍ത്തനത്തിലില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേരത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് കുപ്രസിദ്ധിയാര്‍ജിച്ച തൃശൂരില്‍ ഇടക്കാലത്ത് ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളും അവകാശവാദങ്ങളും കൊലപാതകങ്ങള്‍ക്ക് പുതുമാനം നല്‍കുന്നതും. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എതിരാളികളെ ആക്രമിക്കാനും പ്രതിരോധിക്കാനും എന്തും ആയുധമാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊലപാതകങ്ങളും ഇതിനുള്ള മാര്‍ഗമായി മാറുന്നു. ഈ ആഴ്ചയില്‍തന്നെയാണ് ആദിവാസി യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നതും ഒരുമിച്ച് താമസിച്ച സുഹൃത്തിനെ മറ്റൊരാള്‍ കുത്തിക്കൊന്നതും. ഇതിനിടെ പോലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതി മരിച്ചത് മര്‍ദനമേറ്റാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു.
from mangalam.com https://ift.tt/3jTZ6mr
via IFTTT
No comments:
Post a Comment