തിരുവനന്തപുരം/കണ്ണൂര്‍: തല്ലിയും തല്ലുകൊണ്ടും പേരെടുത്ത എസ്.എഫ്.ഐക്കാലം മുതല്‍ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുവരെയുള്ള ബിനീഷ് കോടിയേരിയുടെ ജീവിതം സംഭവബഹുലം. ഒരു മസാലസിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്നു കേസിലെ പ്രതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ അറസ്റ്റിലാകുമ്പോള്‍ എതിരാളികള്‍ക്കു ലഭിക്കുന്നതു മൂര്‍ച്ചയേറിയ ആയുധമാണ്. 36 വയസുകാരനായ ബിനീഷ് ഇന്ന് ഇന്ത്യക്കുപുറത്തും ബന്ധങ്ങളുള്ള ഒരു ''ബിസിനസുകാരന്‍'' കൂടിയാണ്. എങ്ങനെ ഇവിടെയെത്തി എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.
അച്ഛനൊപ്പം തിരുവനന്തപുരത്തേക്ക്
വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ ബിനീഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തനമേഖല തലസ്ഥാനത്തേക്ക് മാറിയപ്പോള്‍ ബിനീഷിന്റെ പഠനവും അവിടെയായി. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകനായ ബിനിഷ് സമരങ്ങളിലും തല്ലിലും മുമ്പിലായിരുന്നു. അക്കാലത്ത് പോലീസിന്റെ െകെയില്‍നിന്നും കാര്യമായി തല്ലും കിട്ടി. ധാരാളം കേസുകളും. സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ബിനീഷുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി നേതാവ് എന്നതിനു പകരം ''ഗുണ്ടാപ്രതിച്ഛായ''യാണ് പൊതുസമൂഹത്തിലുണ്ടാക്കിയത്. എന്തായാലും അതോടെ ബിനീഷ് സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്നു.
സിനിമയുടെ മായാലോകം
അവിടെനിന്ന് സിനിമയുടെ മായാലോകേത്തക്ക്. എം.എ. ബേബിയുടെ മകനും ബിനീഷും അഭിനയിച്ച് 2005ല്‍ പുറത്തിറങ്ങിയ െഫെവ് ഫിംഗേഴ്‌സ് ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ നായകന്റെ സഹായിയും വില്ലനുമൊക്കെയായി വേഷമിട്ടു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും എത്തിപ്പെട്ടു. മോഹന്‍ലാല്‍ നായകനായ ടീമിലെ അംഗമെന്ന നിലയില്‍ വിപുലമായ സൗഹൃദവലയമുണ്ടാക്കി.
ഇതിനിടെ പ്രവാസി വ്യവസായി രവി പിള്ളയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പിന്റെ െവെസ് പ്രസിഡന്റായി ബിനീഷ് ചുമതലയേറ്റു. ലക്ഷങ്ങള്‍ പ്രതിമാസ ശമ്പളം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് മടുത്തു. സ്വന്തമായി ബിസിനസിലേക്ക് ഇറങ്ങി. വന്‍കിട ഹോട്ടല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളില്‍ പണം ഇറക്കിയിട്ടുണ്ടെന്നാണു സൂചന. ലക്ഷങ്ങള്‍ കടം കൊടുക്കുന്ന തലത്തിലേക്കും വളര്‍ന്നു.
ആരോപണങ്ങള്‍
വിവാദസംഭവങ്ങള്‍ക്കൊപ്പം ബിനീഷിന്റെ പേരും ഉയര്‍ന്നുവരിക ഒരുകാലത്തു പതിവായിരുന്നു. എന്നാല്‍ ഒന്നിലും നിയമനടപടികള്‍ മുന്നോട്ടുപോയിട്ടില്ല. കവിയൂര്‍ കേസില്‍ സംശയിക്കപ്പെട്ടെങ്കിലും സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നില്ല. ''ടോട്ടല്‍ ഫോര്‍ യു'' സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നു. കൗമാരക്കാരനായ ശബരിനാഥന്റെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പായിരുന്നു ടോട്ടല്‍ ഫോര്‍ യു. കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ശബരിനാഥനെ മുന്നില്‍ നിര്‍ത്തി പണം തട്ടിയത് ബിനീഷ് ആണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു.
ഇതിനിടെ ബംഗളൂരുവില്‍ നടന്ന ഒളിക്യാമറാ ഓപ്പറേഷനില്‍ ഒരു റഷ്യക്കാരിയുമായി നില്‍ക്കുന്ന ബിനീഷിന്റെ ചിത്രം പുറത്തുവന്നു. അത് പെണ്‍വാണിഭ സംഘവുമായുള്ള ബന്ധമായി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ പിന്നീടത് കെട്ടിച്ചമച്ചതാണെന്നും വാര്‍ത്തകള്‍ വന്നു. കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതിയായ ഓം പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നും ഓം പ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് ആണെന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ ഇതും തെളിയിക്കാന്‍ കഴിഞ്ഞില്ല. 2017 ല്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസ് വന്നപ്പോഴും ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നു.
ദുബായിയില്‍ സാമ്പത്തിക തട്ടിപ്പു കേസ്
ദുബായിയിലെ ഒരു കമ്പനിയില്‍നിന്നു 13 കോടി രൂപ തട്ടിയെടുത്തെന്ന് സഹോദരന്‍ ബിനോയിക്കെതിരേ ആരോപണമുയര്‍ന്നു. 2015ല്‍ വിദേശത്ത് സാമ്പത്തിക തട്ടിപ്പു കേസില്‍ ബിനോയ് പ്രതിയായി. വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ദുബായ് കോടതി ബിനോയിക്കു രണ്ടു മാസം തടവുശിക്ഷ വിധിച്ചു. ഇതോടെ ദുബായിയിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയായി. പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന വ്യവസ്ഥയില്‍ വിവാദം അവസാനിച്ചു.
പാര്‍ട്ടി ചുമതലയില്ലെങ്കിലും സമ്മേളനങ്ങളുടെ സംഘാടകന്‍
വിവാദ നായകനായിരിക്കുമ്പോഴും പാര്‍ട്ടി പരിപാടികളുടെയും സമ്മേളനങ്ങളുടെയും ഇവന്റ് മാനേജ്‌മെന്റ് ചുമതല ബിനിഷിനായിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയിട്ടുള്ള രാഷ്ട്രീയ ജാഥകളുടെ അണിയറയിലും പങ്കാളിത്തമുണ്ടായിരുന്നു. പാര്‍ട്ടി ചുമതലകളില്ലാതിരുന്നിട്ടും കഴിഞ്ഞ തൃശൂര്‍ സമ്മേളനത്തില്‍ മുഖ്യ സംഘാടകന്റെ റോളിലെത്തി. ഉന്നത നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തി ആദ്യാവസാനം ബിനിഷ് നിറഞ്ഞുനിന്നു. അന്നാണ് കോടിയേരിയുടെ മുത്തമകന്‍ ബിനോയ് കോടിയേരിക്കെതിരേ സാമ്പത്തികതട്ടിപ്പ് ആരോപണം ഉയര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലായ ആ ഘട്ടത്തിലും ബിനോയിയും ബിനീഷും സമ്മേളന നഗരിയില്‍ സജീവായിരുന്നു.
കഴിഞ്ഞ ഡി.വൈ.എഫ്.ഐ. സമ്മേളനത്തില്‍ ബിനീഷിനെ സൗഹാര്‍ദ പ്രതിനിധിയാക്കാനും നീക്കം നടന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. എം. സ്വരാജും എ.എന്‍. ഷംസീറും ചേര്‍ന്നാണ് ബിനീഷിനെ സൗഹാര്‍ദ പ്രതിനിധി ആക്കാന്‍ തീരുമാനിച്ചത്. കായിക താരങ്ങളായ പി.യു.ചിത്ര, സി.കെ.വിനീത് എന്നിവര്‍ക്കൊപ്പം ബിനീഷിനെയും ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം.
കോടിയേരിക്കു മീതേ കരിനിഴല്‍
വിദ്യാര്‍ഥി സംഘടനാ കാലം മുതലേ ബിനീഷിന്റെ പേരിലുയര്‍ന്ന വിവാദങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന വിലാസത്തിന്റെ പേരില്‍ സി.പി.എമ്മിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വരുംകാല രാഷ്ട്രീയ ജീവിതത്തിന് മേല്‍കൂടി കരിനിഴല്‍ വീഴ്ത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചതില്‍ നേതൃത്വത്തിന്റെ വീഴ്ചയാണ് സൈബര്‍ അണികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. കോടിയേരി ബാലകൃഷ്ണണ്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പേള്‍ മകനെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചിരുന്നു.
from mangalam.com https://ift.tt/2HGGFDz
via IFTTT
No comments:
Post a Comment