തിരുവനന്തപുരം: സി.പി.ഐയുടെയും എതിര്‍പ്പയഞ്ഞതോടെ, കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ഇടതുമുന്നണിയുടെ പടിവാതിലില്‍ കാത്തുനില്‍ക്കാതെ, ഘടകകക്ഷിയായി കയറിയിരിക്കാം. ഇന്നുചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കും.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നുതന്നെ ചര്‍ച്ച നടത്തും. തുടര്‍ന്ന്, അടുത്തദിവസം ഇടതുമുന്നണി യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കാനാണു നീക്കം.
ജോസിന്റെ വരവിനെ ഇനി എതിര്‍ക്കേണ്ടതില്ലെന്ന കാനം രാജേന്ദ്രന്റെ പ്രതികരണവും സി.പി.ഐ. അയഞ്ഞതിന്റെ സൂചനയാണ്. യു.ഡി.എഫില്‍നിന്നു പുറത്താക്കുന്നവര്‍ക്കു വെന്റിലേറ്റര്‍ ഒരുക്കേണ്ടകാര്യം എല്‍.ഡി.എഫിന് ഇല്ലെന്നായിരുന്നു കാനത്തിന്റെ മുന്‍നിലപാട്.
പുതുതായി വരുന്നവരെ നേരിട്ടു ഘടകകക്ഷിയാക്കുന്ന രീതി സാധാരണഗതിയില്‍ ഇടതുമുന്നണിക്കില്ല. എന്നാല്‍, ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ തിടുക്കത്തിലുള്ള നീക്കമാണു സി.പി.എം. നടത്തുന്നത്. മധ്യതിരുവിതാംകൂറില്‍ ലഭിച്ചേക്കാവുന്ന രാഷ്ട്രീയനേട്ടമാണു ലക്ഷ്യം.
കഴിഞ്ഞതെല്ലാം കഴിഞ്ഞു; എതിര്‍ക്കാനില്ലെന്നു കാനം
യു.ഡി.എഫ്. ബന്ധം വേര്‍പെടുത്തി, ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തയാറായ ഒരു കക്ഷിയെ ഇനി എതിര്‍ക്കേണ്ട കാര്യമില്ലെന്നാണു കാനം രാജേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. ഇടതുമുന്നണി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ഒരുചര്‍ച്ചയും ആരംഭിച്ചിട്ടില്ല. രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി അവകാശവാദം ഉന്നയിച്ചതില്‍ തെറ്റില്ലെന്നും കാനം പറഞ്ഞു.
കര്‍ഷകര്‍ക്കനുകൂലമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിശദീകരിച്ചാണ് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജോസ് താത്പര്യം പ്രകടിപ്പിച്ചത്. അതിനെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ല. പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുകക്ഷികള്‍ തമ്മിലുള്ളതാണ്.
എന്‍.സി.പിയുടെ കാര്യം അവര്‍ തീരുമാനിക്കും. കെ.എം. മാണിയെക്കുറിച്ച് മുമ്പുപറഞ്ഞ കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിച്ചുകൊള്ളാമെന്നും കാനം പറഞ്ഞു. മരിച്ചുപോയ ഒരാളെക്കുറിച്ച് ഇനി ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് ഇടതിനു കരുത്തേകും; യു.ഡി.എഫ്. തകരും: പിണറായി
ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് എന്തെങ്കിലും നയപരമായ തടസമുള്ള പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസെ(എം)ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജോസ് വിഭാഗം വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡിയറ്റെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ പല വിഭാഗങ്ങള്‍ ഇടതുമുന്നണിക്കൊപ്പമുണ്ട്. ഇവരെയും സഹകരിപ്പിക്കുന്നതില്‍ അസാംഗത്യമില്ല. വന്‍തകര്‍ച്ച യു.ഡി.എഫിനെ കാത്തിരിക്കുന്നു.
ഇത് എല്‍.ഡി.എഫിനു കൂടുതല്‍ കരുത്ത് പകരും. കെ.എം. മാണി ഏറ്റവും ശക്തമായി പ്രതികരിച്ചതു കോണ്‍ഗ്രസിനെതിരേയായിരുന്നു. കോണ്‍ഗ്രസാണ് ഏറ്റവുമധികം ദ്രോഹിച്ചതെന്ന് അദ്ദേഹത്തിന്റെ അണികളടക്കം പറയുന്നു.
അതില്‍ മാധ്യമങ്ങള്‍ക്കുള്ള വിഷമം സഹിക്കുകയേ മാര്‍ഗമുള്ളൂ. ശരിയായ സമയത്ത് ശരിയായ നിലപാടാണു ജോസ് വിഭാഗമെടുത്തത്. മാണി സി. കാപ്പന്‍ മുന്നണി വിടുമെന്നെതു ചിലരുടെ സ്വപ്‌നം മാത്രമാണെന്നും പിണറായി പറഞ്ഞു.
from mangalam.com https://ift.tt/3j14Ae0
via IFTTT
No comments:
Post a Comment