തിരുവനന്തപുരം: ബി.ജെ.പി. നിർദേശിക്കുന്നതുപോലെയാണ് അന്വേഷണ എജൻസികൾ പ്രവർത്തിക്കുകയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരസ്യപ്പെടുത്തൽ, അവയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തെളിവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതുപോലും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ്. പ്രതിയുടെ മൊഴിയെ പത്രസമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്റെ നടപടി നിയമവിരുദ്ധവും സത്യാപ്രതിജ്ഞാലംഘനവുമാണെന്നും സി.പി.എം. ആരോപിച്ചു.മന്ത്രി പാർട്ടികേന്ദ്രത്തിൽ പത്രസമ്മേളനം നടത്തി അന്വേഷണ ഏജൻസിപോലും കണ്ടെത്താത്ത കാര്യങ്ങൾ നിഗമനങ്ങളായി പ്രഖ്യാപിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്. സ്വതന്ത്രമായ കേസന്വേഷണത്തിന് വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പലതും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന തുടർച്ചയായ പ്രസ്താവനകൾ, കേസിലെ പ്രതി ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കാത്തത്, കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിപോലും എടുക്കാൻ അനുവദിക്കാത്തത് തുടങ്ങിയവ ഉദാഹരണങ്ങളാണ്.ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാൻ എൻ.ഐ.എ.ക്കു കഴിഞ്ഞില്ല. എഫ്.സി.ആർ.എ. നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരേ സി.ബി.ഐ. അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയലക്ഷ്യം മുൻനിർത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറൽ തത്ത്വങ്ങൾക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം. കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3lX2WMe
via
IFTTT
No comments:
Post a Comment