തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ കസ്റ്റംസ് തുടർ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പ്രാഥമിക പരിശോധനയിൽ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് വീണ്ടും ഇ.സി.ജി പരിശോധനയും വേണ്ടിവന്നാൽ ആൻജിയോഗ്രാമും നടത്തുമെന്നാണ് റിപ്പോർട്ട്. മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായാൽ ആശുപത്രിയിൽനിന്നുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്നതും ഈ ആശുപത്രിയിലാണ്. വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെച്ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തിൽ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്. വരുന്ന രണ്ടു ദിവസങ്ങൾ കോടതി അവധിയുമാണ്. ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്. രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. Content Highlights:Shivshankar admitted in hospital- Indication that he may be arrested
from mathrubhumi.latestnews.rssfeed https://ift.tt/35cFMee
via
IFTTT
No comments:
Post a Comment