ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

അറിവിന്റെ വെളിച്ചത്തിലേക്ക് ഉണർത്തണം എന്ന പ്രാർഥനകളോടെ ഇന്ന് വിദ്യാരംഭം. മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളിൽനിന്നു തന്നെയാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാൽ ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. വിദ്യാദേവതയായ സരസ്വതിദേവിക്കു മുന്നിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന തിങ്കളാഴ്ച പുലർച്ചെ മുതൽ ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ഇത്തവണ വിജയദശമിനാളിലെ വിദ്യാരംഭം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്. വിഷ്ണുനടയിൽ പുരുഷസൂക്താർച്ചന, സരസ്വതിനടയിൽ സാരസ്വതസൂക്താർച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകൾ ആരംഭിച്ചു. പുലർച്ചെ സരസ്വതിമണ്ഡപത്തിൽ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു. നിയന്ത്രണങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കർശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുൻകൂട്ടി പേരുനൽകിയവർക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തിൽ പങ്കെടുക്കാം. വാഹനങ്ങളിലെത്തുന്നവർക്ക് മൈതാനത്ത് വണ്ടി പാർക്കുചെയ്തിട്ട് വിശാലമായ പന്തലിൽ വിശ്രമിക്കാം. ഇവിടെ അകലം പാലിച്ച് കസേരകൾ സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസ് ചെയ്തശേഷമാകും ക്ഷേത്രത്തിലേക്ക് പ്രവേശനം. ആദ്യം വിഷ്ണുനടയിലും പിന്നീട് സരസ്വതിനടയിലും ദർശനം നടത്തി വിദ്യാമണ്ഡപത്തിലെത്താം. മൂന്നുദിവസമായി നടന്നുവന്ന മുറജപം സമാപിച്ചു. ദക്ഷിണമൂകാംബി സംഗീതോത്സവം, കലോപാസന എന്നിവ മുടക്കമില്ലാതെ നടക്കുന്നു. തിരക്കൊഴിവാക്കാൻ സദസ്സിൽ ആർക്കും പ്രവേശനമില്ല. വഴിവാണിഭക്കാരുംമറ്റും ഇല്ല. വിദ്യാരംഭരീതിയിലും മാറ്റം അകലം പാലിക്കുന്നതിനായി, എഴുത്തിനിരുത്തുന്ന രീതികൾക്കും ചില മാറ്റങ്ങളുണ്ട്. ആചാര്യന്മാർക്കുപകരം രക്ഷിതാക്കൾതന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിക്കണം. ആദ്യം നാവിൽ സ്വർണംകൊണ്ട് എഴുതണം. പിന്നീട് വിരൽകൊണ്ട് അരിയിലും എഴുതിക്കണം. ഇതിന് സ്വർണമോതിരം രക്ഷിതാക്കൾ കരുതണം. അരി, ഇല എന്നിവയൊക്കെ ക്ഷേത്രത്തിൽ നിന്ന് നൽകും. പുറത്തുനിന്ന് മറ്റുവസ്തുക്കളൊന്നും അനുവദിക്കില്ല. 40 ആചാര്യന്മാർ ഒരേസമയം എഴുതിച്ചിടത്ത്, നിർദേശങ്ങൾ നല്കാൻ മൂന്നോ നാലോ ആചാര്യന്മാർമാത്രമേ വിദ്യാമണ്ഡപത്തിൽ കാണൂ. എഴുത്തിനിരുത്ത് പൂർത്തിയാക്കി ഉപദേവതാനടകളിൽ തൊഴുത് മടങ്ങണം. ഏറ്റവും കൂടുതൽ പേർ വിദ്യാരംഭത്തിന് എത്താറുളള തിരൂര് തുഞ്ചൻ പറമ്പിൽ വിദ്യാരംഭവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കി. അതേ സമയം എഴുത്തച്ഛന്റെ കളരിയിൽ പുസ്തക പൂജയ്ക്കും പ്രാർഥനയ്ക്കുംഅവസരം നൽകുന്നുണ്ട്. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തവർക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീർത്തനം എന്നിവയെല്ലാം അയച്ചുകൊടുക്കുന്നുണ്ട്. രാവിലെ ഏഴുമണിയോടെ എം.ടി.വാസുദേവൻ നായരുടെ ഓൺലൈൻ ഭാഷണവും തിരൂർ തുഞ്ചൻ പറമ്പിൽ നിന്ന് നൽകുന്നുണ്ട്. കൊല്ലൂർ മൂകാംബികയിൽ ഞായറാഴ്ച പുലർച്ചെ നാലിന് നട തുറന്നയുടൻ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമായി. പ്രസിദ്ധമായ സരസ്വതീമണ്ഡപത്തിലും യാഗശാല വരാന്തയിലുമാണ് പൂജാരിമാരുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് നടന്നത്. കഴിഞ്ഞവർഷം 1600 കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിച്ചെങ്കിൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളാൽ അത് 80 ആയി കുറഞ്ഞു. വൈകുന്നേരം വിജയോത്സവത്തോടെ നവരാത്രി, വിജയദശമി ആഘോഷങ്ങൾക്ക് സമാപനമായി.


from mathrubhumi.latestnews.rssfeed https://ift.tt/3kv7gSH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages