കൊച്ചി: പി.ടി.തോമസ് എം.എൽ.എ.യ്ക്കെതിരേ ഉയർന്ന ആരോപണം കവചമാക്കാൻ സി.പി.എം. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളെ ചെറുക്കാനുള്ള ആയുധമായി പി.ടി.യുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണവിവാദത്തെ ഉപയോഗിക്കാനാണ് നീക്കം. ശനിയാഴ്ച ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻതന്നെ സ്ഥലത്തെത്തി. പി.ടി.യ്ക്കെതിരേയുള്ള പ്രചാരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്. ഇടപ്പള്ളി അഞ്ചുമനയിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന നഷ്ടപരിഹാരചർച്ചയും പണമിടപാടും സി.പി.എമ്മിന് വീണുകിട്ടിയതാണ്. ചർച്ചയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറികൂടി പങ്കാളിയായിരുന്നെങ്കിലും, ഭൂവുടമ രാമകൃഷ്ണൻ പണമടങ്ങിയ ബാഗുമായി എത്തിയതാണ് പി.ടി.ക്കെതിരേ തിരിഞ്ഞത്. സ്ഥലത്തേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തിയതിന്റെ പിന്നിൽ തങ്ങളാണെന്ന് സി.പി.എം. അവകാശപ്പെടുന്നില്ല. പി.ടി.യുമായി മുൻവൈരാഗ്യമുള്ളയാളാണ് ഇതിനുപിന്നിലെന്നാണ് പ്രചരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ബന്ധപ്പെടുത്താനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. സ്ഥലത്തെ സി.പി.എം. നേതാവിനെതിരേ ശനിയാഴ്ചയുണ്ടായ ആക്രമണശ്രമവും ഈ സംഭവത്തിന്റെ ഭാഗമായാണെന്ന് സി.പി.എം. ആരോപിച്ചിട്ടുണ്ട്. ഇതോടെ വിഷയം കത്തിപ്പടരുകയാണ്. പി.ടി. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നായിരുന്നു ആദ്യപ്രചാരണം. അതിന് മറുപടിയുമായി അദ്ദേഹം രംഗത്തുവന്നെങ്കിലും കള്ളപ്പണം വന്നതിന്റെ ഉത്തരവാദിത്വം പി.ടി.യുടെ തലയിൽവെച്ചുകൊണ്ടുള്ള പ്രചാരണത്തിൽ സി.പി.എം. ഉറച്ചുനിൽക്കുകയാണ്. ആദ്യദിവസം ഇടതുപക്ഷത്തെ രണ്ട് എം.എൽ.എ.മാർ മാത്രമാണ് പി.ടി.ക്കെതിരേ ആരോപണവുമായിവന്നത്. എന്നാൽ, പിറ്റേദിവസം മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തിൽ, ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് വ്യക്തമാക്കി. പി.ടി.ക്കെതിരേ സി.പി.എം. ശക്തമായ നീക്കംനടത്താൻ പോകുന്നതിന്റെ സൂചനയായിരുന്നു അത്. സി.പി.എം. ജില്ലാസെക്രട്ടറി പത്രസമ്മേളനം നടത്തി കള്ളപ്പണം ഇടപാടിൽ പി.ടി.യുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. പി.ടി.ക്കെതിരേ സി.പി.എം. സൈബർ പോരാളികളും ഇറങ്ങി. സംഭവം തിരഞ്ഞെടുപ്പുവരെ കത്തിച്ചുനിർത്താനാണ് ശ്രമം. ഇത് ബോധ്യമായതിനാൽ പ്രതിരോധിക്കാനായി കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിൽ എല്ലാ വാർഡിലും വിശദീകരണയോഗങ്ങൾ സംഘടിപ്പിച്ചു. എന്നാൽ, പി.ടി. വിഷയം തൃക്കാക്കരയ്ക്കപ്പുറം സംസ്ഥാനത്തൊട്ടാകെ ചർച്ചചെയ്യുന്ന വിധത്തിൽ ഉയർത്തിക്കൊണ്ടുവരാനാണ് സി.പി.എം.നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/355HG08
via
IFTTT
No comments:
Post a Comment