തിരുവനന്തപുരം/ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ തദ്ദേശതെരഞ്ഞെടുപ്പിനു പിന്നാലെ, നവംബറില്‍ ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കപ്പെട്ട ചവറയിലും കുട്ടനാട്ടിലും കര്‍ശന നിയന്ത്രണങ്ങളോടെ തയാറെടുപ്പാരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിച്ചാലുടന്‍ പ്രചാരണത്തിനുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കും.
ഒരു പോളിങ് ബൂത്തില്‍ 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സാമൂഹിക അകലം പാലിച്ച് നിശ്‌ചിത എണ്ണം ആളുകള്‍ മാത്രം. ഭവനസന്ദര്‍ശനത്തിന് അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് രോഗികള്‍ക്കു തപാല്‍ വോട്ട് സംവിധാനമൊരുക്കും. വയോധികര്‍ക്കു പ്രത്യേക ക്യൂ ഉണ്ടാകും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാകും വിവിധ സംസ്‌ഥാനങ്ങളിലെ 64 നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 29-നാണ് ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തിലേറെ ശേഷിക്കേയാണു ചവറയിലും കുട്ടനാട്ടിലും ഒഴിവുവന്നത്. നിലവില്‍ കോവിഡ് വ്യാപനവും നിയമസഭയ്‌ക്ക് എട്ടുമാസം മാത്രം കാലാവധിയുള്ളതും ചൂണ്ടിക്കാട്ടി, കേരളം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അഭിപ്രായവും തള്ളിയാണു കേന്ദ്ര കമ്മിഷന്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ അമ്പരപ്പിലാണ്. ഒക്‌ടോബറില്‍ തദ്ദേശതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. നവംബര്‍ 12-നു മുമ്പ് പുതിയ ഭരണസമിതികള്‍ നിലവില്‍വരേണ്ടതിനാല്‍ ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും തദ്ദേശതെരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിഷന്റെ ഉപതെരഞ്ഞെടുപ്പ് വിജ്‌ഞാപനവും പരിഗണിച്ചാകും സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രമീകരണമൊരുക്കുക. തെരഞ്ഞെടുപ്പ് എപ്പോഴായാലും സജ്‌ജമെന്ന നിലപാടിലാണു യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും.
from mangalam.com https://ift.tt/2F4JTiU
via IFTTT
No comments:
Post a Comment