പത്തനംതിട്ട: പ്രിയതമന്റെ ഓർമകൾ മെഴുതിരിനാളങ്ങളായി ഉരുകി. ജീവിതയാത്രയിൽ പാതിവഴിയെത്തും മുമ്പേയാണ് അഭയതീരം അകന്നത്. എങ്കിലും ഈ മിഴിനീരിൽ തിളങ്ങുന്നുണ്ട് നീതിക്കായുള്ള പോരാട്ടത്തിന്റെ കനൽ. ഭർത്താവിന്റെ മരണത്തിന് പിന്നിലെ കാരണം തേടിയുള്ള ഷീബയുടെ ഈ സഹനസമരം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവതയാണ്. നീതി ലഭിക്കുംവരെ ഭർത്താവ് മത്തായിയുടെ (പൊന്നു-41) മൃതദേഹം സംസ്കരിക്കില്ലെന്നുറപ്പിച്ചുള്ള ഷീബയുടെ ഒറ്റയാൾ േപാരാട്ടം 35 ദിവസം പിന്നിടുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സമരമുഖത്തിറങ്ങിയ ഷീബയെ നീതിപീഠം കൈവിട്ടില്ല. ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ഫാം ഉടമ മത്തായി മരിക്കാനിടയായതിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി. വീണ്ടും പോസ്റ്റ്മോർട്ടത്തിനുള്ള സി.ബി.ഐ.യുടെ നിർദേശം വെള്ളിയാഴ്ച പകൽ നടപ്പാകും. ഈ അന്വേഷണത്തിൽ വിശ്വാസമർപ്പിച്ച് മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കാനുള്ള തീരുമാനത്തിലാണ് ഷീബയും ഉറ്റവരും. റാന്നിയിലെ മോർച്ചറിയിലാണ് ജൂലായ് 31 മുതൽ മത്തായിയുടെ മൃതദേഹം. വേദന ഉള്ളിലടക്കി ഒരു മാസത്തിലേറെക്കാലം നീണ്ട പോരാട്ടനാളുകളെക്കുറിച്ച് ഷീബ പറയുന്നു. കരുത്തേകിയത് പൊന്നുവിന്റെ ഓർമകൾ സ്കൂളിലെ അനധ്യാപക ജീവനക്കാരിയായ എനിക്ക് തീർത്തും അപരിചിതമായിരുന്നു സമരരംഗങ്ങളൊക്കെ. മത്തായിയുടെ മരണവിവരമറിഞ്ഞപ്പോൾ ആദ്യം തളർന്നുപോയി. ഒരു തെറ്റും ചെയ്യാത്ത ഒരാളെ അന്യായമായി പിടികൂടുക. പിന്നീട് ചേതനയറ്റ ശരീരം കൈമാറുക. ഈ കാട്ടുനീതിക്കെതിരേ പ്രതികരിക്കാൻ പിന്നെ എങ്ങനെയോ കരുത്തുണ്ടായി. ഈ യാത്രയിൽ അച്ചാച്ചന്റെ ആത്മാവ് ഒപ്പമുള്ളതുപോലെയാണ്. ഇനി ഇതുപോലെയുള്ള അനുഭവം ആർക്കുമുണ്ടാകരുത്. ഒരു കുടുംബത്തിനും നാഥനില്ലാതെയാകരുത്. അതുകൊണ്ടുകൂടിയാണ് നീതി കിട്ടുംവരെ പ്രീയപ്പെട്ടവന്റെ മൃതദേഹം സംസ്കരിക്കേണ്ടെന്ന തീരുമാനമെടുത്തത്. തകർന്നത് ജീവിതസ്വപ്നങ്ങൾ അച്ചാച്ചനൊപ്പമുള്ള ജീവിതത്തിന് പത്തുവർഷം തികയുമായിരുന്നു അടുത്ത ജനുവരിയിൽ. ചെറിയ മോഹങ്ങളേ ജീവിതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു വീട്, കുഞ്ഞുങ്ങളുടെ പഠനം ഇതൊക്കെയായിരുന്നു സ്വപ്നം കണ്ടിരുന്നത്. ഇതെല്ലാം കഴിഞ്ഞ ജൂലായ് 28-ന് തകർന്നുപോയി. അങ്കണവാടിയിൽ പഠിക്കുന്ന ഇളയമകൾ ഡോണ എപ്പോഴും പപ്പായെ തിരക്കും. അവളോട് പറഞ്ഞിരിക്കുന്നത് പപ്പ ഐസ്ക്രീം വാങ്ങാൻ പോയിരിക്കുകയാണെന്നാണ്. മത്തായിയെ വനപാലകർ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത് രണ്ട് കുഞ്ഞുങ്ങളും കണ്ടിരുന്നു. ഇപ്പോൾ കാക്കിവേഷം കണ്ടാൽ അവർക്ക് പേടിയാണ്. എന്ത് ലോകമാണിത്?. നേര് തെളിയുമെന്ന് വിശ്വാസം സി.ബി.ഐ. അന്വേഷണത്തിൽ ഉറച്ച പ്രതീക്ഷയുണ്ട്. ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഇത്ര വേഗം തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. നീതിക്കായുള്ള പോരാട്ടത്തിൽ അഭിഭാഷകനും ബന്ധുക്കളും കർഷക സംഘടനകളും പിന്തുണയേകി. സമൂഹത്തിന്റെ പിന്തുണയും ധൈര്യം പകർന്നു. ഭർത്താവിന്റെ കസ്റ്റഡിമരണത്തിന് കാരണക്കാരായവർ പിടിയിലാകുമെന്ന് തന്നെയാണ് വിശ്വാസം.
from mathrubhumi.latestnews.rssfeed https://ift.tt/32SMJ2U
via
IFTTT
No comments:
Post a Comment