തിരുവനന്തപുരം: സർക്കാരിനെയും മുന്നണിയെയും ബാധിക്കുന്ന വിഷയങ്ങളിൽ സി.പി.ഐ. സ്വീകരിക്കുന്ന നിലപാടിൽ നേതാക്കൾക്കിടയിൽ വിയോജിപ്പ്. കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ മുൻ നിലപാടിൽനിന്ന് സി.പി.ഐ. പിന്നാക്കംപോകുന്നുവെന്ന തോന്നൽ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് വാദം. മന്ത്രി കെ.ടി. ജലീലിനെതിരേ പ്രതിപക്ഷം ആരോപണം കടുപ്പിക്കുമ്പോൾ അതിൽ വ്യക്തത വരുത്തുകയാണു വേണ്ടതെന്നും അഭിപ്രായമുണ്ട്. ചർച്ചയിലൂടെ നിലപാടെടുക്കണമെന്ന ആവശ്യവുമായി 23, 24 തീയതികളിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗംചേരും. കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തിൽ നേരത്തേ സംസ്ഥാന സെക്രട്ടറി പരസ്യമാക്കിയ നിലപാടിൽനിന്ന് പിന്നാക്കംപോകേണ്ട സാഹചര്യമില്ലെന്നാണ് അഭിപ്രായമുള്ളത്. രാഷ്ട്രീയസാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ തീരുമാനങ്ങളെടുക്കേണ്ടത്. അതിനാൽ സി.പി.ഐ. നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി ജോസ് കെ. മാണിയെ സ്വാഗതംചെയ്യേണ്ട സാഹചര്യം പാർട്ടിഘടകത്തെയാണ് ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാർട്ടിനിലപാട് കൂട്ടായ ചർച്ചകൾക്കുശേഷം തന്നെയാണ് സ്വീകരിക്കുകയെന്ന് മറുഭാഗവും പറയുന്നു. സി.പി.ഐ. നേതൃയോഗത്തിനു മുമ്പാണ് എൽ.ഡി.എഫ്. യോഗം നടക്കുന്നത്. കേരളകോൺഗ്രസിന്റെ കാര്യത്തിൽ അനുകൂല നിലപാട് മുന്നണിയോഗത്തിൽ സി.പി.ഐ. സ്വീകരിക്കാനിടയില്ല. പാർട്ടി നേതൃത്വത്തിന്റെ പൊതുതീരുമാനമനുസരിച്ച് മുന്നണിയിൽ നിലപാടറിയിക്കാം എന്നതാകും സി.പി.ഐ. സ്വീകരിക്കുന്ന സമീപനം.ജലീലിനെ തത്കാലം തൊടേണ്ട കെ.ടി. ജലീലിനെതിരായ ആരോപണങ്ങളിൽ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് സി.പി.ഐ. നേതാക്കളുടെ തീരുമാനം. എങ്കിലും, ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും മുന്നണിക്കും വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന അഭിപ്രായമുണ്ട്. ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതാണ് നല്ലതെന്നാണ് സി.പി.ഐ.യുടെ അഭിപ്രായം. യു.എ.ഇ. കോൺസുലേറ്റുമായി ജലീലിനുള്ള ബന്ധത്തിൽ സി.പി.ഐ.ക്ക് നേരത്തേ അതൃപ്തിയുണ്ട്. മന്ത്രിയെന്ന നിലയിൽ ജലീൽ പാലിക്കേണ്ട ജാഗ്രത ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, ഒരു അന്വേഷണ ഏജൻസി ചോദ്യംചെയ്തുവെന്നത് രാജിവെക്കേണ്ട കാരണമായി സി.പി.ഐ. കണക്കാക്കുന്നില്ല. സ്വർണക്കടത്ത് കേസുമുതൽ ഹവാല ഇടപാടുവരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആശങ്കയോടെയാണ് സി.പി.ഐ. കാണുന്നത്. അതിനാൽ, ഈ വിഷയങ്ങളിലൊന്നും പരസ്യനിലപാട് ഇപ്പോൾ സ്വീകരിക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ.
from mathrubhumi.latestnews.rssfeed https://ift.tt/3hGz9VK
via
IFTTT
No comments:
Post a Comment