ബെയ്ജിങ്ങ്: കോവിഡ് വ്യാപനത്തെതുടർന്ന് തിരിച്ചെത്താനാവാത്ത ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാർഥികൾ പഠനം തുടരാനും നിർദേശങ്ങൾക്കുമായി അതത് കോളേജോ സർവകലാശാലയോ ആയി ഓൺലൈനിൽ ബന്ധപ്പെടണമെന്ന് ചൈന. വിദേശവിദ്യാർഥികൾക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള അനുമതി വൈകുന്നതിനെ തുടർന്നാണ് തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിദേശവിദ്യാർഥികൾക്കും അധ്യാപകർക്കും രാജ്യത്തേക്ക് മടങ്ങിയെത്താനാവില്ലെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നു. ചൈനയിലെ സർവകലാശാലകളിലും കോളേജുകളിലുമായി വിവിധ കോഴ്സുകളിൽ 23,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിൽ 21,000 മെഡിക്കൽ വിദ്യാർഥികളാണ്. ഇതിൽ മലയാളികളും ധാരാളമുണ്ട്. നിയന്ത്രണങ്ങൾ തങ്ങളുടെ പഠനത്തെ ബാധിക്കുമോ എന്ന ഇവരുടെ ആശങ്ക ഇന്ത്യൻ എംബസി ചൈനീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. ജനുവരിയിൽ ചൈനയിലെ പുതുവർഷാവധി സമയത്താണ് വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ആ സമയത്തുതന്നെയായിരുന്നു കോവിഡ്-19 ചൈനയിൽ വ്യാപിക്കാൻ തുടങ്ങിയതും. തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകളും മുടങ്ങി. ''മഹാമാരി ലോകത്ത് ഇപ്പോഴും വ്യാപിക്കുന്നതിനാൽ വിദേശത്തുനിന്നുള്ളവരെ വരാൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇനിയും വരേണ്ടതുണ്ട്. വിദേശവിദ്യാർഥികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്'' -ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ അറിയിച്ചു. സർവകലാശാലകൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് ഓൺലൈനിലൂടെ പഠനം തുടരാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പ്രായോഗികമായുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. പഠിക്കുന്ന സർവകലാശാലയോ കോളേജോ ആയി ഇന്ത്യൻ വിദ്യാർഥികൾ ഓൺലൈനിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയവും പറഞ്ഞു. വിദേശവിദ്യാർഥികൾക്ക് എന്ന് മടങ്ങിയെത്താനാവുമെന്നത് സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിക്കാൻ ചൈനയിലെ ഇന്ത്യൻ എംബസിയുടേയും കോൺസുലേറ്റിന്റേയും വെബ്സൈറ്റുകളും സാമൂഹികമാധ്യമങ്ങളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. Content Highlights:China students
from mathrubhumi.latestnews.rssfeed https://ift.tt/3bFurpR
via
IFTTT
No comments:
Post a Comment